പണം കൊണ്ട് മാത്രം സാധിക്കാത്ത ഒരുപാട് കാര്യങ്ങള്‍ ജീവിതത്തിലുണ്ടെന്ന് നമ്മള്‍ മറക്കരുതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി. ലോകം പിടിച്ചെടുക്കാന്‍ വെമ്പല്‍ കൊണ്ട മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ അന്ത്യം നമുക്ക് നല്‍കുന്ന ഒരു വലിയ സന്ദേശമുണ്ട്. ദൈവം നിശ്ചയിച്ചാല്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ ഒരാള്‍ക്കും സാധ്യമല്ലെന്ന് ലോകത്തിന് കാണിച്ചു കൊടുക്കാനായി തന്റെ ശവമഞ്ചം, തന്നെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ ചുമക്കണമെന്ന് അദ്ദേഹം മരണശയ്യയില്‍ അന്ത്യാഭിലാഷം അറിയിച്ചു.
സമ്പാദിച്ചതെല്ലാം മരണത്തോടെ ഉപേക്ഷിച്ചു വെറും കൈയോടെ പോകേണ്ടി വരുമെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ തന്റെ ശവമഞ്ചംകൊണ്ടു പോകുന്ന വഴിയില്‍ സ്വര്‍ണം വിതറിയിടാനും കൈത്തലങ്ങള്‍ നിവര്‍ത്തിവെക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
പണം കൊണ്ട് സാധിക്കാത്ത ഒരുപാട് കാര്യങ്ങള്‍ ജീവിതത്തിലുണ്ടെന്ന് നമ്മള്‍ മറക്കരുതെന്നും മനുഷ്യര്‍ മനുഷ്യരെ സ്നേഹിക്കുകയും വിട്ടുവീഴ്ചാ മനസ്ഥിതിയോടെ മുന്നോട്ടു പോകുകയും ചെയ്താലേ ലോകത്ത് സമാധാനം ഉണ്ടാകുകയുള്ളൂവെന്നും എം.എ.യൂസഫലി പരുമലയില്‍ പറഞ്ഞു.
എം.എ.യൂസഫലിയുടെ മാതാപിതക്കളുടെ സ്മരണക്കായി പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നിര്‍മ്മിച്ച മദര്‍ ആന്‍ഡ് ചൈല്‍ഡ് വാര്‍ഡിന്റെ ഉദ്ഘാടന ചടങ്ങായിരുന്നു വേദി.