മന്ത്രിസ്ഥാനം നേടാന്‍ ഹീനമായ മാര്‍ഗങ്ങള്‍ ; മന്ത്രി കൃഷ്ണന്‍കുട്ടിക്ക് എതിരെ മാത്യു ടി. തോമസ്
ജനതാദള്‍ (എസ്) സംസ്ഥാന ഘടകത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി ദേശീയ അദ്ധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡക്ക് മുന്‍ മന്ത്രിയും എം.എല്‍.എയുമായ മാത്യു ടി. തോമസിന്റെ കത്ത്. മന്ത്രി കെ കൃഷ്ണന്‍ കുട്ടി പാര്‍ട്ടിയിലെ സൗഹൃദാന്തരീക്ഷം നശിപ്പിക്കുന്നു ഹീനമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ ശ്രമം നടത്തി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് കത്തിന്റെ ഉള്ളടക്കം.
2009- ല്‍ പാര്‍ട്ടി പിളര്‍ത്തി പോകുമ്പോള്‍ ദേവഗൗഡയെ അടക്കം ചീത്ത വിളിച്ച കൃഷ്ണന്‍കുട്ടി പ്രസിഡന്റ് സി.കെ. നാണുവിനെ മുന്നില്‍ നിര്‍ത്തി പാര്‍ട്ടിയിലെ സര്‍വ്വാധികാരിയായി മാറിയിരിക്കുന്നു. മന്ത്രി സ്ഥാനം ലഭിക്കാന്‍ വീട്ടുജോലിക്കാരിയെ സ്വാധീനിച്ച് ഭാര്യയെ വരെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച കെ.കൃഷ്ണന്‍കുട്ടിയെ അംഗീകരിച്ച് പോകുക സാധ്യമല്ലെന്നും മാത്യു ടി.തോമസ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പ് സംബന്ധിച്ച് ദേവഗൗഡ ആലുവയില്‍ എത്തി നടത്തിയ സമവായ ചര്‍ച്ചകള്‍ തല്ലി പിരിഞ്ഞതിന് പിന്നാലെയാണ് പാര്‍ട്ടിയിലെ സംഭവ വികാസങ്ങള്‍ വിശദീകരിച്ചു കൊണ്ട് മാത്യു ടി.തോമസ് കത്ത് എഴുതിയത്. തന്നെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്നതിനെ എതിര്‍ത്ത എല്ലാവരെയും ഒതുക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടത്തുന്നു.
ഭാരവാഹികളെ നിശ്ചയിക്കുന്നതിലും ഇതാണ് മാനദണ്ഡം ആക്കിയത്. ദേവഗൗഡ അടക്കമുള്ള ദേശീയ നേതൃത്വത്തെ പരസ്യമായി അധിക്ഷേപിച്ചാണ് വീരേന്ദ്രകുമാറിന് ഒപ്പം 2009-ല്‍ പാര്‍ട്ടി വിട്ടത്. ഏറ്റവും ഹീനമായ രീതിയില്‍ വിമര്‍ശിച്ചിട്ടും തിരികെ വന്നപ്പോള്‍ സ്വീകരിക്കാന്‍ സംസ്ഥാന അദ്ധ്യക്ഷനായ താന്‍ മര്യാദ കാട്ടി. എന്നാല്‍ പാര്‍ട്ടിയില്‍ തിരികെയെത്തിയ ഉടന്‍ തന്നെ പതിവ് ശൈലിയില്‍ വിഭാഗീയത ഉണ്ടാക്കാനാണ് ശ്രമിച്ചത്.
അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതില്‍ അതൃപ്തിയുള്ള ചിലരെ കൂടെക്കൂട്ടി തന്നെ മന്ത്രിസ്ഥാനത്ത് നിന്ന് താഴെയിറക്കാനായി അടുത്ത നീക്കം. ഇതിനായി വീട്ടുജോലിക്കാരിയെ വരെ സ്വാധീനിച്ചു ഭാര്യയ്ക്കെതിരെ കള്ള പരാതി കൊടുപ്പിച്ചു. ഭാര്യയെ കേസില്‍ കുടുക്കി തന്നെ അപമാനിച്ച് മന്ത്രിസ്ഥാനത്ത് നിന്ന് ഇറക്കി വിടാനായിരുന്നു ലക്ഷ്യം. മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യമുയര്‍ന്ന സംസ്ഥാന സമിതി യോഗത്തിന് പിന്നിലും നല്ല ആസൂത്രണമുണ്ട്. നേതാക്കളില്‍ ചിലര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയെന്നും മാത്യു.ടി തോമസ് കത്തില്‍ ആരോപിക്കുന്നുണ്ട്.
ഇത്രയും നീചമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പാര്‍ട്ടിയില്‍ അന്ത:ഛിദ്രമുണ്ടാക്കാന്‍ ശ്രമിക്കുന്ന കെ.കൃഷ്ണന്‍കുട്ടി നയിക്കുന്ന സംസ്ഥാന നേതൃത്വവുമായി വിട്ടുവീഴ്ചയ്ക്കില്ലെന്നും ദേവഗൗഡക്ക് അയച്ച ദീര്‍ഘമായ കത്തില്‍ വ്യക്തമായിട്ടുണ്ട്. മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട ശേഷം പാര്‍ട്ടിക്കാര്യങ്ങളില്‍ സജീവമായി ഇടപെടാതെ മാറി നിന്നിരുന്ന മാത്യു ടി തോമസ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ ഒപ്പം നിന്നവരെ പൂര്‍ണമായും തഴയുന്നു എന്ന് വ്യക്തമായതോടെയാണ് കടുത്ത നിലപാടിലേക്ക് നീങ്ങിയത്.
സെപ്റ്റംബര്‍ 9- ന് ദേവഗൗഡയുടെ മദ്ധ്യസ്ഥതയില്‍ ആലുവയില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ സി. കെ നാണു – കെ.കൃഷ്ണന്‍കുട്ടി വിഭാഗം മുന്നോട്ടുവെച്ച പട്ടിക തളളിക്കൊണ്ടായിരുന്നു ഈ നിലപാടിലേക്കുള്ള മാത്യു.ടി തോമസിന്റെ തുടക്കം. വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി കൊണ്ടുള്ള ഈ കത്തോടെ ഇനി ഒത്തുതീര്‍പ്പിനില്ലെന്ന സന്ദേശമാണ് മാത്യു.ടി തോമസ് നല്‍കുന്നത്.