സിസ്റ്റര്‍ ലൂസിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊച്ചിയില്‍ സാമൂഹ്യപ്രവര്‍ത്തകരുടെ കൂട്ടായ്മ. കൊച്ചി വഞ്ചി സ്ക്വയറിലാണ് സിസ്റ്റര്‍ ലൂസിക്ക് പിന്തുണ പ്രഖ്യാപിച്ച് സാമൂഹ്യപ്രവര്‍ത്തകര്‍ ഒത്തു ചേരുന്നത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൊച്ചിയില്‍ കന്യാസ്ത്രീകള്‍ സമരം നടത്തിയ അതേ വേദിയില്‍ തന്നെയാണ് സിസ്റ്റര്‍ ലൂസിക്കും പിന്തുണ പ്രഖ്യാപിച്ച് സാമൂഹ്യപ്രവര്‍ത്തകര്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവിച്ചു എന്ന് കാട്ടിയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയെ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തില്‍നിന്ന് പുറത്താക്കിയത്.
നീതിക്ക് വേണ്ടിയുള്ള കൂട്ടായ്മയില്‍ സഭക്കെതിരെ സിസ്റ്റര്‍ ലൂസി വിമര്‍ശനം ഉയര്‍ത്തി. സഭ എപ്പോഴും നീതിക്കൊപ്പമല്ല നില്‍ക്കുന്നതെന്നായിരുന്നു വിമര്‍ശനം. ഇരക്കൊപ്പം നില്‍ക്കാന്‍ സഭ തയ്യാറാകണം. തന്നെയും കന്യാസ്ത്രീ സമൂഹത്തെയും അപകീര്‍ത്തിപ്പെടുത്തിയ ഫാ നോബിള്‍ തോമസിനെപ്പോലുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സഭ സ്വീകരിക്കുന്നത്. ഇവര്‍ക്കെതിരെ സഭ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും തനിക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ സദസ്സിനെ സാക്ഷിയാക്കി സിസ്റ്റര്‍ ലൂസി പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് ഇതുവരെ വേണ്ട നടപടിയെടുത്തിട്ടില്ലെന്നും സിസ്റ്റര്‍ കുറ്റപ്പെടുത്തി.
സിസ്റ്റര്‍ ലൂസിക്ക് നീതി നല്‍കണം എന്നാവശ്യപ്പെട്ട് വഞ്ചി സ്ക്വയറില്‍ നടന്ന കൂട്ടായ്മയില്‍ നിരവധി പേര്‍ പങ്കെടുത്തു. ജസ്റ്റിസ് ഫോര്‍ സിസ്റ്റര്‍ ലൂസി എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സിസ്റ്റര്‍ക്കെതിരായ ശിക്ഷാനടപടികള്‍ എല്ലാം പിന്‍വലിക്കണമെന്നാണ് കൂട്ടായ്മ ഉന്നയിക്കുന്ന പ്രധാന ആവശ്യം. കന്യാസ്ത്രീ മഠത്തില്‍ ചേരുന്നതിനുള്ള പ്രായം 23 ആക്കി ഉയര്‍ത്തണം, ചര്‍ച്ച് ആക്ട് നടപ്പിലാക്കുക, സിസ്റ്ററെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച വൈദികര്‍ക്കെതിരെ നടപടിയെടുക്കണം തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍ .
കഴിഞ്ഞ സെപ്റ്റംബറില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെതിരെ കൊച്ചിയില്‍ കന്യാസ്ത്രീകള്‍ സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുത്തതുമുതലാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ സഭയുടെ കണ്ണിലെ കരടായത്. തുടര്‍ന്ന് ആഗസ്റ്റ് ഏഴിനാണ് ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തിലെ ആലുവയിലെ സുപ്പീരിയര്‍ ജനറലാണ് സിസ്റ്ററിനെ പുറത്താക്കിയതായി അറിയിച്ചു കത്ത് നല്‍കുകയായിരുന്നു. സഭ നിയമങ്ങള്‍ക്ക് വിരുദ്ധമായി ജീവിച്ചതാണ് പുറത്താക്കാന്‍ കാരണമായി കത്തില്‍ ചൂണ്ടി കാണിച്ചത്. സന്യാസവൃതം ലംഘിച്ചു, സഭാ നിയമങ്ങള്‍ക്ക് വിരുദ്ധമായി വസ്ത്രം ധരിച്ചു, കാര്‍ വാങ്ങി, ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്തു തുടങ്ങിയ കാര്യങ്ങളാണ് സഭ ചൂണ്ടിക്കാട്ടിയത്. നിരവധി തവണ വിശദീകരണം നല്‍കിയെങ്കിലും ഒന്നും തൃപ്തികരമല്ലെന്ന നിലപാടാണ് സഭ സ്വീകരിച്ചത്.
ഇതിന് പിന്നാലെ ആഗസ്റ്റ് മാസത്തില്‍ വാര്‍ത്താശേഖരണവുമായി ബന്ധപ്പെട്ട് കാണാന്‍ എത്തിയ രണ്ടു പ്രദേശിക മാധ്യമ പ്രവര്‍ത്തകര്‍ മഠത്തിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു മാനന്തവാടി രൂപത പിആര്‍ഒ തനിക്കെതിരെ അപവാദപ്രചാരണം നടത്തിയെന്ന ആരോപണവുമായി സിസ്റ്റര്‍ ലൂസി രംഗത്തെത്തി. ഒരു വിഭാഗം വിശ്വാസികളും സിസ്റ്ററിന് പിന്തുണയുമായി എത്തി. എന്നാല്‍ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാതിരുന്ന അന്വേഷണസംഘം മാസങ്ങള്‍ക്കുള്ളില്‍ കേസിലെ അന്വേഷണം അവസാനിപ്പിക്കുകയാണ് ഉണ്ടായത്.