യു.എ.ഇയിലെ മലയാളി നഴ്‌സുമാര്‍ തൊഴില്‍ ഭീഷണിയില്‍ ; നഴ്‌സുമാരുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ചര്‍ച്ച നടത്തി
ഷാര്‍ജ: യു.എ.ഇയില്‍ നഴ്‌സിംഗ് ജോലിക്കുള്ള കുറഞ്ഞ യോഗ്യത ബി.എസ്.സിയായി നിശ്ചയിച്ചതോടെ ഇന്ത്യന്‍ നഴ്‌സുമാരുടെ ആശങ്കയകറ്റാന്‍ വിദേശകാര്യമന്ത്രാലയം ഇടപെടുന്നു. ഡിപ്ലോമയും ബ്രിഡ്ജ് കോഴ്‌സും പൂര്‍ത്തിയാക്കിയവരുടെ യോഗ്യത ബിരുദത്തിന് തുല്യമല്ലെന്ന് യു.എ.ഇ വ്യക്തമാക്കിയതോടെയാണ് മലയാളികള്‍ ഉള്‍പ്പെടുന്ന നഴ്‌സുമാര്‍ തൊഴില്‍ ഭീഷണി നേരിടുന്നത്. ആശങ്കയിലായ നഴ്‌സുമാരുമായി വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ ഷാര്‍ജയില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകരിച്ച മറ്റു സംസ്ഥാനങ്ങിലെ കോഴ്‌സുകളെ കുറിച്ചുള്ള കത്ത് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ യു.എ.ഇ അധികൃതര്‍ക്ക് കൈമാറി. എത്രയും പെട്ടെന്ന് അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി വി.മുരളീധരന്‍ പറഞ്ഞു. തുടര്‍ നടപടികള്‍ക്കായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ ചുമതലപ്പെടുത്തിയതായും മുരളീധരന്‍ അറിയിച്ചു.
നഴ്‌സിംഗ് ഡിപ്ലോമ കോഴ്‌സ് ബിരുദമായി അംഗീകരിക്കില്ലെന്ന യു.എ.ഇയുടെ തീരുമാനം 2020ല്‍ നിലവില്‍ വരും. അതിനു മുന്നോടിയായി ആരോഗ്യമന്ത്രാലയത്തിലേതടക്കം നഴ്‌സുമാര്‍ക്കു ജോലി നഷ്ടപ്പെട്ടു തുടങ്ങി. ഈ പ്രശ്‌നം പരിഹരിക്കാന്‍ കേരളത്തിനു പുറത്തെ ഡിപ്ലോമ കോഴ്‌സിനൊപ്പം ബ്രിഡ്ജ് കോഴ്‌സ് പൂര്‍ത്തിയാക്കിയവരുടെ യോഗ്യത ബി.എസ്.സിക്കു തുല്യമായി പരിഗണിക്കണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം.
കേരളത്തിനു പുറത്ത് ചില സ്ഥാപനങ്ങളില്‍ ഡിപ്ലോമ പഠിച്ചവരുടെ സര്‍ട്ടിഫിക്കറ്റില്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനു നഴ്‌സിംഗ് അംഗീകാരമില്ലെന്നാണ് യു.എ.ഇ വിലയിരുത്തുന്നത്. നഴ്‌സിംഗ് കൗണ്‍സിലിന്റെ അംഗീകാരം വ്യക്തമാക്കുന്ന കത്ത് പരിശോധിച്ച ശേഷം യു.എ.ഇ തീരുമാനം വ്യക്തമാക്കും.
ഷാര്‍ജയില്‍ കേന്ദ്രസഹമന്ത്രി വി.മുരളീധരന് ഇന്ത്യന്‍ സമൂഹം പരമ്പരാഗത രീതിയില്‍ സ്വീകരണവും നല്‍കി.