Don't Miss

വാളയാറിലെ കുഞ്ഞു സഹോദരിമാര്‍ക്ക് നീതി തേടി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു സോഷ്യല്‍മീഡിയ


വാളയാര്‍ ബലാത്സംഗ കേസില്‍ അഞ്ച് പ്രതികളില്‍ നാല് പേരെയും വെറുതെ വിട്ട കോടതി നടപടിക്കെതിരെ വന്‍ രോക്ഷമാണ് ഉയരുന്നത്. സര്‍ക്കാരിന്റെ പിടിപ്പുകേടും ഒത്തുകളിയുമാണ് ഇത്തരമൊരു വിധിയ്ക്കു കാരണമെന്നാണ് ആരോപണം. പ്രതികളുടെ സിപിഎം ബന്ധം വെച്ച് കേസ് വശത്താക്കിയെന്നും പോലീസ് സഹായങ്ങള്‍ ചെയ്തുകൊടുത്തുവെന്നുമുള്ള ആരോപണങ്ങള്‍ സജീവമാണ്.

2017 ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. പതിമൂന്നുകാരിയായ മൂത്ത സഹോദരിയെ ജനുവരി 13 നും ഒന്‍പതുകാരനായ ഇളയ സഹോദരിയെ മാര്‍ച്ച് നാലിനുമാണ് വീടിന്റെ കഴുക്കോലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശെല്‍വപുരത്ത് ഓടും ഷീറ്റും മേഞ്ഞ വീടിന്റെ കഴുക്കോലില്‍ ഒരേ സ്ഥാനത്താണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കേസ്. തെളിവുകളുടെ അഭാവത്തില്‍ സംഭവത്തിലെ പ്രതികളെ പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു. അന്വേഷണത്തില്‍ ഉണ്ടായ പിഴവുകളാണ് പ്രതികള്‍ രക്ഷപ്പെടാനിടയാക്കിയതെന്നും പുനരന്വേഷണം വേണമെന്നും ശക്തമായ ആവശ്യം ഉയരുന്നുണ്ട്

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഒരു മാങ്ങ തിന്നു വിശപ്പടക്കിയിട്ട്, ഇരുപതു കിലോയില്‍ താഴെ തൂക്കമുള്ള ഒരൊമ്പതു വയസ്സുകാരി തന്റെ ഒറ്റമുറി വീട്ടിലെ കഴുക്കോലില്‍ തൂങ്ങി മരിച്ചു എന്ന് അങ്ങു വിശ്വസിക്കുന്നുണ്ടോ? ല്ലെങ്കില്‍ ഓര്‍ക്കുക, അവളുടെയും സഹോദരിയുടെയും മരണങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ പിടിക്കപ്പെടാത്തതിന്റെയോ ശിക്ഷിക്കപ്പെടാത്തതിന്റെയോ ആത്മവിശ്വാസത്തില്‍, കൂടുതല്‍ ഒമ്പതുകാരികളെയും പതിനൊന്നുകാരികളെയും ഉന്നംവച്ച് നമുക്കിടയില്‍ കറങ്ങി നടക്കുന്നുണ്ട്. ''- കെ ആര്‍ മീര ഫേസ്ബുക്കില്‍ കുറിച്ചു.

കെ ആര്‍ മീരയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
'നിലവില്‍, ലൈംഗികാതിക്രമ കേസുകള്‍ കൊണ്ട് രണ്ടു കൂട്ടര്‍ക്കേ ഗുണമുള്ളൂ. അന്വേഷണ ഉദ്യോഗസ്ഥരിലെ അഴിമതിക്കാര്‍ക്ക്. പിന്നെ പ്രതിഭാഗം അഭിഭാഷകര്‍ക്ക്.
അതിന്റെ ഫലമോ? അതറിയാന്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ പെണ്‍വാണിഭ കേസുകളിലെ പ്രതികളുടെ പട്ടിക പരിശോധിച്ചാല്‍ മതി. മിക്കവാറും പട്ടികകളില്‍ ഒരേ പേരുകള്‍ ആവര്‍ത്തിക്കുന്നതു കാണാം. സീരിയല്‍ റേപ്പിസ്റ്റുകള്‍ എന്നു വിളിക്കപ്പെടുന്ന സ്ഥിരം ലൈംഗികാതിക്രമികള്‍ ലോകമെങ്ങുമുണ്ട്. ഒരേ കുറ്റം ആവര്‍ത്തിക്കാന്‍ എങ്ങനെ ധൈര്യം കിട്ടുന്നു എന്ന ചോദ്യത്തിന് അവരെല്ലാവരും നല്‍കുന്ന ഉത്തരം ഒന്നുതന്നെയാണ് - ആദ്യത്തെ തവണ പിടിക്കപ്പെടാതിരുന്നതില്‍നിന്ന് അല്ലെങ്കില്‍ ആദ്യത്തെ തവണ ശിക്ഷയില്‍നിന്നു രക്ഷപ്പെട്ടതു കൊണ്ട്. മിക്കവാറും അതിക്രമികള്‍ കുട്ടിക്കാലത്ത് ക്രൂരമായ അതിക്രമങ്ങള്‍ക്കു വിധേയരായവരാണ് എന്നതു കൂടി കണക്കിലെടുക്കുമ്പോള്‍ ലൈംഗികാതിക്രമ കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്.
വാളയാര്‍ കേസ് കുറച്ചു കൂടി ഗൗരവമുള്ളതാണ്. അതിന്റെ രാഷ്ട്രീയം ജാതീയവും സാമ്പത്തികവും കൂടിയാകുന്നു. മരിച്ച നിലയില്‍ കണ്ടെത്തിയ കുട്ടികളുടെ അച്ഛനമ്മമാര്‍ ദിവസക്കൂലി തൊഴിലാളികളാണ്. തലമുറകളായി സാമൂഹികമോ സാമ്പത്തികമോ രാഷ്ട്രീയമോ ആയ അധികാരപദവികളില്‍നിന്നെല്ലാം അകറ്റിനിര്‍ത്തപ്പെട്ടവരും ചൂഷണം ചെയ്യപ്പെട്ടവരുമായ ജനങ്ങളില്‍പ്പെട്ടവരാണ് അവര്‍.
അച്ഛനും അമ്മയും പണിക്കു പോയാല്‍ മാത്രം അടുപ്പില്‍ തീ പുകയുന്ന കുടുംബമാണ് അവരുടേത്. കുട്ടികളെ പരിചരിച്ചു വീട്ടിലിരിക്കാനുള്ള ആര്‍ഭാടം അവരുടെ അമ്മയുടെ ജീവിതത്തിലില്ല.
ആ ഒമ്പതു വയസ്സുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവളുടെ ആമാശയത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞ ഭക്ഷണപദാര്‍ഥം മാങ്ങയുടെ അംശങ്ങളാണ് എന്നു പറയുന്നുണ്ട്. മറ്റു ഭക്ഷണപദാര്‍ഥങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം കൊഴുത്ത മഞ്ഞ ദ്രവരൂപത്തില്‍ ആയിരുന്നു എന്നും.
അതിന്റെ അര്‍ത്ഥം അവള്‍ കാര്യമായ ഭക്ഷണം കഴിച്ചിട്ടു മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു എന്നാണ്. അവസാനം കഴിച്ച മാങ്ങ ദഹിക്കുന്നതിനു മുമ്പേ അവളുടെ മരണം സംഭവിച്ചു എന്നും.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഒരു മാങ്ങ തിന്നു വിശപ്പടക്കിയിട്ട്, ഇരുപതു കിലോയില്‍ താഴെ തൂക്കമുള്ള ഒരൊമ്പതു വയസ്സുകാരി തന്റെ ഒറ്റമുറി വീട്ടിലെ കഴുക്കോലില്‍ തൂങ്ങി മരിച്ചു എന്ന് അങ്ങു വിശ്വസിക്കുന്നുണ്ടോ?
ഇല്ലെങ്കില്‍ ഓര്‍ക്കുക, അവളുടെയും സഹോദരിയുടെയും മരണങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ പിടിക്കപ്പെടാത്തതിന്റെയോ ശിക്ഷിക്കപ്പെടാത്തതിന്റെയോ ആത്മവിശ്വാസത്തില്‍, കൂടുതല്‍ ഒമ്പതുകാരികളെയും പതിനൊന്നുകാരികളെയും ഉന്നംവച്ച് നമുക്കിടയില്‍ കറങ്ങി നടക്കുന്നുണ്ട്. ''


അതിനിടെ, പ്രതികളെ വെറുതെവിട്ട സംഭവത്തില്‍ സംസ്ഥാന നിയമവകുപിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് തന്നെ പ്രതിഷേധം ഉണ്ടായി. കേരള സൈബര്‍ വാരിയേഴ്‌സാണ് നിയമ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. ഞായറാഴ്ച രാത്രിയോടെയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. സൈറ്റ് ഹാക്ക് ചെയ്തത് തങ്ങളാണെന്ന് 'കേരള സൈബര്‍ വാരിയേഴ്‌സ്' ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടു.
നിയമവകുപ്പ് സെക്രട്ടറിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പിന്റെ www.keralalawsect.org എന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. ഇപ്പോള്‍ ഈ വെബ്‌സൈറ്റ് ലഭ്യമല്ല. സൈബര്‍ വാരിയേഴ്‌സിന്റെ എംബ്ലവും ജസറ്റിസ് ഫോര്‍ ഔര്‍ സിസ്‌റ്റേഴ്‌സ് എന്ന സന്ദേശവുമാണ് സൈറ്റില്‍ ഉളളത്.
സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും പണമില്ലാത്തവന് നീതി അകലെയാണെന്നും സൈബര്‍ വാരിയേഴ്‌സ് ഫേസ്ബുക്കിലൂടെ ചോദിച്ചു. കേസ് പുനരന്വേഷിക്കണമെന്നും സൈബര്‍ വാരിയേഴ്‌സ് ആവശ്യപ്പെടുന്നു.
സര്‍ക്കാര്‍ പദവികളില്‍ ഇരിക്കുന്നവര്‍ പോരും അധികാരം ദുര്‍വിനിയോഗം നടത്തി പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും കേരള സൈബര്‍ വാരിയേഴ്‌സ് ആരോപിക്കുന്നു.വാളയാറിലെ കുട്ടികള്‍ക്ക് വേണ്ടി തങ്ങള്‍ സംസാരിക്കുമെന്നും, അവര്‍ ഞങ്ങളുടെയും സഹോദരിമാരാണെന്നും പറയുന്ന ഫേയ്‌സ്ബുക് പോസ്റ്റ് പ്രതികള്‍ ശിക്ഷികപ്പെടണമെന്നും സഹോദരിമാര്‍ നീതി അര്‍ഹിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
നീതി കിട്ടുന്നതുവരെ ഈ പ്രതിഷേധം തുടരും ഇന്ന് ഒന്നില്‍ നിന്ന് തുടങ്ങും നാളെ പ്രതിഷേധം പത്താകും, പിന്നെയത് നൂറാകുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. നീതിക്കുവേണ്ടി യുവജനങ്ങള്‍ തെരുവിലിറങ്ങുന്ന നാള്‍ വരിക തന്നെ ചെയ്യുമെന്ന് കേരള സൈബര്‍ വാരിയേഴ്‌സ് പറയുന്നു.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions