2വര്‍ഷം, 34 ടയറുകള്‍! മന്ത്രി മണിയുടെ കാര്‍ വേറെ ലെവല്‍ , റബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങെന്ന് സോഷ്യല്‍മീഡിയ; ട്രോളോട് ട്രോള്‍
മന്ത്രി എം.എം.മണിയുടെ ഔദ്യോഗിക വാഹനം രണ്ടുവര്‍ഷം കൊണ്ട് നികുതിപ്പണം ഉപയോഗിച്ച് 34 ടയര്‍ മാറ്റി റെക്കോര്‍ഡ് സൃഷിച്ചത് ഏറ്റെടുത്തു സോഷ്യല്‍മീഡിയ. കൊച്ചി സ്വദേശിയായ എസ്.ധനരാജ് എന്നായാള്‍ക്ക് വിവവരാവകാശം നിയമം വഴി ലഭിച്ച രേഖകള്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിച്ചതോടെ ട്രോളുകള്‍ക്കൊണ്ട് മൂടിയിരിക്കുകയാണ്. മന്ത്രി എം.എ.മണിയേയും അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജിനേയും. എല്ലാ വിഷയങ്ങളിലും ട്രോള്‍ പോസ്റ്റുകളുമായി ഇറങ്ങുന്ന മണിയാശാന്റെ ഈ ഫെയ്‌സ്ബുക്ക് പേജിലിലിപ്പോള്‍ 'ജനസേവനത്തെ'ക്കുറിച്ചുള്ള ട്രോളുകളുടെ പെരുമഴയാണ്.
രാജ്‌മോഹന്‍ ഉണ്ണിത്താനും ശബരീനാഥനും വി.ടി.ബല്‍റാമുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ട്രോളന്‍മാര്‍ക്കിടയിലുണ്ട്.
കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ ജനസേവനം ചെയ്യാന്‍ ചുരുങ്ങിയത് ദിവസം ഒരു പുതിയ ടയര്‍ എങ്കിലും വേണമെന്ന് ഒരു കൂട്ടര്‍ കളിയാക്കുമ്പോള്‍ അതല്ല റോഡിന്റെ മറ്റേ പണി കാരമാണ് ഇത്രയധികം ടയര്‍ ഉപയോഗിക്കേണ്ടി വന്നതെന്ന് മറ്റു ചിലര്‍ പരിഹസിക്കുന്നു. എന്നാല്‍ ഇതൊന്നുമല്ല റബര്‍ കര്‍ഷകര്‍ക്കുള്ള കൈത്താങ്ങിന്റെ ഭാഗമായി ആശാന്റെ ടയര്‍ യോജന പദ്ധതിയാണെന്ന് മറ്റൊരു കൂട്ടം പറയുന്നു.
മണിയാശാന്റെ ഫെയ്‌സ്ബുക്ക് പേജ് കഴിഞ്ഞാല്‍ ട്രോളന്‍മാര്‍ വിളയാടുന്നത് ടൊയോട്ടയുടെ പേജിലാണ്. ടൊയോട്ടയുടെ ഇന്നോവോ ക്രിസ്റ്റയാണ് മന്ത്രി ഉപയോഗിക്കുന്നത്.ട്രോളന്‍മാര്‍ക്ക് വിശദീകരണം നല്‍കി നല്‍കി ആ പേജിന്റെ അഡ്മിന്‍മാരും കുഴങ്ങി.
മുഖ്യമന്ത്രിയുടേതടക്കം എല്ലാ മന്ത്രിമാരുടേയും ഔദ്യോഗിക വാഹനങ്ങള്‍ ടയര്‍ മാറ്റിയതിന്റെ കണക്കുകള്‍ വിവാരവാകശ നിയമത്തിലൂടെ ലഭിച്ച രേഖയിലുണ്ട്. മുഖ്യയമന്ത്രിയുടെ രണ്ട് വാഹനങ്ങള്‍ നാല് തവണയായി 11 ടയറുകളാണ് മാറ്റിയത്. മന്ത്രി എ.കെ.ബാലന്റെ വാഹനം രണ്ടര വര്‍ഷത്തിനിടെ രണ്ടു ടയറുകള്‍ മാത്രമേ മാറ്റിയിട്ടുള്ളൂവെന്നും രേഖകളില്‍ പറയുന്നു.
സംഗതി കൈവിട്ടു പോയെന്നു മനസിലായതോടെ ന്യായീകരണ പോസ്റ്റുമായി മന്ത്രി എം.എം മണി രംഗത്ത് വന്നിട്ടുണ്ട്. ടയര്‍ മാറ്റി താന്‍ പണം പറ്റുകയല്ലെന്നു പറഞ്ഞ മന്ത്രി, ചില കണക്കുകളും തയാറാക്കിയിട്ടുണ്ട്.
തന്റെ കാര്‍ 34 ടയര്‍ മാറ്റിയെന്നു പറയുന്ന കാലഘട്ടത്തില്‍ ഓടിയത് 1,24,075 കിലോമീറ്റര്‍ ദൂരമാണെന്നു മന്ത്രി വ്യക്തമാക്കി. ഇതില്‍ ഭൂരിഭാഗവും ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടുംവളവുകളും പുളവുകളും നിറഞ്ഞ റോഡുകളിലാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കാറിന്റെ ടയര്‍ മാറിയത് താനോ ഓഫീസില്‍ നിന്നോ അല്ലെന്നും ടൂറിസം വകുപ്പിലെ ചുമതലയുള്ള സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരാണെന്നും മന്ത്രി വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്കു വേണ്ടിയല്ലെന്നും തെറ്റിദ്ധരിച്ചവര്‍ക്കു വേണ്ടി മാത്രമാണെന്നുമുള്ള തലക്കെട്ടിലായിരുന്നു പോസ്റ്റ്. ഈ കണക്കുകള്‍ വ്യക്തമാക്കുന്ന ഒരു ചിത്രവും പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്.
മന്ത്രി എം.എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വിവരാവകാശത്തില്‍ കിട്ടിയ ഒരു ടയര്‍ കണക്ക് വൈറലായി ഓടുന്നുണ്ടല്ലോ… ട്രോളന്‍മാര്‍ ട്രോളട്ടെ … തമാശയല്ലേ ആസ്വദിക്കാം എന്നാണ് ആദ്യം എടുത്തത്.
എന്നാല്‍ അത് നിര്‍ദോഷമായ ഒരു തമാശ എന്ന നിലയില്‍ നിന്നും അപവാദ പ്രചരണത്തിനുള്ള ഉപാധിയായി മാറുമ്പോള്‍ വസ്തുതയും തെറ്റിധരിപ്പിക്കപ്പെട്ടവര്‍ അറിയണമല്ലോ എന്ന് തോന്നി.
എനിക്ക് അനുവദിച്ച ക്രിസ്റ്റ കാറിന്റെ (KL-01-CB – 8340 ) ടയര്‍ 34 എണ്ണം മാറി (10 തവണ ) എന്നതു മാത്രമാണ് വിവരാവകാശ കണക്കായി പുറത്ത് വന്നത്. ഈ കാര്‍ ആ പറയുന്ന കാലഘട്ടത്തില്‍ ആകെ എത്ര ദൂരം ഓടി , എവിടെ ഓടി എന്ന കണക്ക് കൂടി പറയേണ്ടതുണ്ട് എന്ന് തോന്നി.
സാധാരണ റോഡുകളില്‍ ഓടുമ്പോള്‍ സുരക്ഷിതമായി ഓടുന്നതിന് ക്രിസ്റ്റ കാറിന്റെ ടയറുകള്‍ക്ക് കിട്ടുന്ന മൈലേജ് ശരാശരി 20,000 കി. മി. മാത്രമാണ്. ഈ കാര്‍ ഈ കാലയളവില്‍ ആകെ ഓടിയത് 1,24,075 കി.മീയാണ്.
ഇതില്‍ ഭൂരിഭാഗവും ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടുംവളവുകളും പുളവുകളും നിറഞ്ഞ റോഡുകളിലാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ സമയത്ത് ഓടിയെത്താന്‍ അത്യാവശ്യം വേഗത്തില്‍ തന്നെയാണ് വണ്ടി പോയിട്ടുള്ളത്.
ഇതിന്റെയൊക്കെ ഫലമായി ടയറിന്റെ ആയുസ് കുറയും. എന്നിട്ടും #14597# കിലോമീറ്റര്‍ മൈലേജ് ടയറുകള്‍ക്ക് കിട്ടിയിട്ടുണ്ട്. കണക്ക് ചിത്രത്തിലുണ്ട്.
മന്ത്രിയുടെ വണ്ടിയുടെ ടയര്‍ മാറുന്നത് മന്ത്രിയോ മന്ത്രിയുടെ ഓഫിസില്‍ നിന്നോ അല്ല. പകരം ടൂറിസം വകുപ്പിലെ ചുമതലയുള്ള സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരാണ്. ടയര്‍ പരിശോധിച്ച് മാറേണ്ടതുണ്ട് എന്ന് കൃത്യമായി ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണിത്.
അല്ലാതെ യാത്രയ്ക്കിടെ അത്യാവശം വന്ന് 34 ടയറുകള്‍ മാറിയിട്ടുണ്ട് എന്ന് കണക്കെഴുതി മന്ത്രി പണം പറ്റുകയല്ല. ടയര്‍ വാങ്ങി വിറ്റു പണമുണ്ടാക്കി എന്നൊക്കെ തെറ്റിധരിച്ചു പോയവരുണ്ടെങ്കില്‍ അവര്‍ കാര്യം മനസ്സിലാക്കും എന്ന് കരുതുന്നു.
കാള പെറ്റു എന്ന് ഘോഷിക്കുന്നവര്‍, കയ്യിലെ കയറുമായി ഇങ്ങോട്ടു വരണ്ട.