മുംബൈ: ശിവസേനയുമായുള്ള ബന്ധം വേണ്ടെന്നു എന്‍.സി.പി കോണ്‍ഗ്രസ് സഖ്യം. അതിനാല്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കില്ലെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍ വ്യക്തമാക്കി . ശിവസേന എം.പി സഞ്ജയ് റാവത്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നയം വ്യക്തമാക്കി ശരദ് പവാര്‍ രംഗത്തെത്തിയത്.
കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം പ്രതിപക്ഷത്തുതന്നെ ഇരിക്കുമെന്ന് ശരദ് പവാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ശിവസേനയും ബി.ജെ.പിയും ജനങ്ങളെ മാനിച്ച് സര്‍ക്കാരുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
'ഇതല്ലാതെ എനിക്കൊന്നും പറയാനില്ല. ബി.ജെ.പിയും ശിവസേനയും ജനങ്ങളുടെ ആവശ്യം മാനിച്ച് എത്രയും പെട്ടെന്ന് തന്നെ സര്‍ക്കാരുണ്ടാക്കണം. ഞങ്ങളുടെ ആവശ്യം പ്രതിപക്ഷത്തിരിക്കുക എന്നതാണ്'- ശരദ് പവാര്‍ പറഞ്ഞു.
പ്രതിപക്ഷത്തിരിക്കാനുള്ള ജനവിധിയാണ് കോണ്‍ഗ്രസിനും എന്‍സിപിക്കും ലഭിച്ചിട്ടുള്ളതെന്നും പവാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഉണ്ടാക്കാനായി ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും തമ്മില്‍ നീക്കം നടക്കുന്നുവെന്ന സൂചനകളെയും പവാര്‍ തള്ളി.
സഞജയ് റാവത്ത് തന്നെ കാണാന്‍ വന്നത് സൗഹൃദ സംഭാഷണത്തിനായിരുന്നുവെന്നും പവാര്‍ വ്യക്തമാക്കി. പവാറിന്റെ വാര്‍ത്താ സമ്മേളനം ബിജെപിയ്ക്ക് ആശ്വാസമായി.
മഹാരാഷ്ട്രയുടെ രാഷ്ട്രീയം മാറിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നാകുമെന്നും ചര്‍ച്ചയ്ക്ക് ശേഷം സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 105, ശിവസേന 56, എന്‍.സി.പി 54, കോണ്‍ഗ്രസ് 44 സീറ്റുകള്‍ വീതമാണ് നേടിയത്.