ജയ്പുര്‍ : രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ന്യായാധിപനാകാന്‍ ഒരുങ്ങി ഇരുപത്തിയൊന്നുകാരനായ മായങ്ക് പ്രതാപ് സിങ്. 2018 ലെ രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വീസസ് പരീക്ഷയില്‍ വിജയിച്ചാണ് മായങ്ക് ചരിത്രം കുറിയ്ക്കാന്‍ ഒരുങ്ങുന്നത്. ജയ്പൂര്‍ മാന്‍സരോവര്‍ സ്വദേശിയാണ് മായങ്ക്.
സമൂഹത്തില്‍ ജഡ്ജിമാര്‍ക്കുള്ള സ്ഥാനവും പ്രാധാന്യവുമാണ് തന്നെ ഈ മേഖലയിലേയ്ക്ക് ആകര്‍ഷിച്ചതെന്ന് മായങ്ക് പറയുന്നു. 2014 ലാണ് മായങ്ക് അഞ്ചു കൊല്ലത്തെ എല്‍എല്‍ബി കോഴ്‌സില്‍ പ്രവേശനം നേടിയത്. ഇക്കൊല്ലം ഏപ്രിലില്‍ പഠനം പൂര്‍ത്തിയാക്കി നിയമ ബിരുദം നേടിയ മായങ്ക് സംസ്ഥാന ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയെഴുതി. ഈ പരീക്ഷയില്‍ പങ്കെടുക്കാനുള്ള അടിസ്ഥാന പ്രായപരിധി 23 വയസ്സായിരുന്നു. ഇക്കൊല്ലം അത് 21 ആയി കുറച്ചിരുന്നു. അതിനാല്‍ തനിക്ക് ഇക്കൊല്ലം തന്നെ പരീക്ഷ എഴുതാന്‍ കഴിഞ്ഞുവെന്നും മായങ്ക് പറയുന്നു.
ആദ്യ പരിശ്രമത്തില്‍ തന്നെ വിജയിക്കാനായതില്‍ സന്തോഷമുണ്ടെന്നും പ്രായപരിധിയില്‍ കുറവ് വരുത്തിയത് ജുഡീഷ്യല്‍ സര്‍വീസില്‍ നിലവിലുള്ള ഒഴിവുക നികത്താന്‍ സഹായമാകുമെന്നും മായങ്ക് പ്രതികരിച്ചു.