ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിന് പിന്തുണയുമായി സോഷ്യല്‍മീഡിയയും നാട്ടുകാരും ഒരുവശത്ത്. നിയമജ്ഞരും മനുഷ്യാവകാശ പ്രവര്‍ത്തകരും മറുവശത്ത്. നാലു പ്രതികളെ വെടിവെച്ചുകൊന്ന പോലീസിന്റെ തലവനായ സൈബരാബാദ് പോലീസ് കമ്മീഷണര്‍ വി.സി സജ്ജനാര്‍ സിനിമകളിലെ 'സുരേഷ് ഗോപി സ്റ്റൈല്‍ ' പിന്തുടരുന്ന ആളാണ്. മുന്‍പും ഏറ്റുമുട്ടല്‍ കൊലകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള ഉദ്യോഗസ്ഥനാണ് വി.സി സജ്ജനാര്‍.
2008 ല്‍ ആസിഡ് ആക്രമണകേസിലെ പ്രതികളായ മൂന്നുപേരെ പൊലീസ് വെടിവെച്ചു കൊല്ലുമ്പോള്‍ ഇദ്ദേഹം വാരംഗല്‍ പൊലീസ് കമ്മീഷണറായിരുന്നു. കേസില്‍ പ്രതികളായ ശ്രീനിവാസ്, ഹരികൃഷ്ണ, സഞ്ജയ് എന്നിവരെയാണ് അന്ന് പൊലീസ് വെടിവെച്ചു കൊന്നത്.
തെളിവെടുപ്പിനിടെ പ്രതികള്‍ പെട്ടെന്ന് ഒരു നാടന്‍ തോക്ക് പുറത്തെടുക്കുകയും വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയും ഒരു പോലീസുകാരനു നേരെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു എന്നായിരുന്നു പോലീസ് ഭാക്ഷ്യം. മൂവരും കക്കാടിയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു. പെണ്‍കുട്ടി ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. ഇതിന് പിന്നാലെയാണ് യുവാക്കള്‍ പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡൊഴിച്ചത്.
സംഭവത്തില്‍ അറസ്റ്റിലായ യുവാക്കളെ പൊലീസ് വെടിവെച്ചുകൊല്ലുകയായിരുന്നു. മുന്‍ നക്‌സലൈറ്റും പിന്നീട് പൊലീസിന്റെ ഇന്‍ഫോര്‍മറുമായ നയീമുദ്ദീന്‍ എന്ന നയീമിനെ വെടിവെച്ചുകൊന്നതിന് പിന്നിലും സജ്ജനാറുടെ പങ്കില്‍ സംശയമുണര്‍ന്നിരുന്നു. 2016 ല്‍ നയീം കൊല്ലപ്പെടുമ്പോള്‍ നക്‌സല്‍ വേട്ടയ്ക്ക് നിയോഗിക്കപ്പെട്ട സ്‌പെഷ്യല്‍ ഇന്റലിജന്‍സ് ബ്രാഞ്ചിലെ ഐ.ജിയായിരുന്നു സജ്ജനാര്‍.
ആന്ധ്രപ്രദേശ് വിഭജനത്തിന് മുന്‍പ് സംസ്ഥാന പൊലീസ് സേനയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ സജ്ജനാര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിഭജനത്തിന് ശേഷം തെലങ്കാന കേഡറിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. തെലങ്കാനയിലെ മാവോയിസ്റ്റ്-നക്‌സല്‍ ബാധിത മേഖലകളില്‍ സജ്ജനാറിനാണ് ചുമതല. 1996 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് വി.സി സജ്ജനാര്‍. നിലവില്‍ സൈബരാബാദ് പൊലീസ് കമ്മീഷറായ സജ്ജനാറിന് ഐ.ജിയുടെ റാങ്കാണുള്ളത്.