ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റുവിനെയും അദ്ദേഹത്തിന്റെ പിതാവ് മോട്ടിലാല്‍ നെഹ്‌റുവിനെയും അവഹേളിച്ചെന്ന പരാതിയില്‍ ബോളിവുഡ് നടി പായല്‍ റോത്തഗിയെ എട്ടുദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഞായറാഴ്ചയാണ് അഹമ്മദാബാദിലെ വീട്ടില്‍ വെച്ച് രാജസ്ഥാന്‍ പൊലീസ് നടിയെ അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ ബുന്ദി കോടതിയാണ് പായലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
ഒക്ടോബര്‍ 10-ന് ഐ.ടി നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് ബുന്ദി എസ്.പി മമത ഗുപ്ത അറിയിച്ചു. നെഹ്‌റുവിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളടങ്ങിയ വീഡിയോ പോസ്റ്റ് ചെയ്തതിനാണ് കേസ്.
നേരത്തേ പായലിന് പൊലീസ് നോട്ടീസ് അയച്ചിരുന്നെങ്കിലും തൃപ്തികരമായ മറുപടി ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇന്നലെ അറസ്റ്റ് നടന്നത്.
നേരത്തേ കോണ്‍ഗ്രസ് ഇവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ അറസ്റ്റിലായ ഉടന്‍തന്നെ, 'അഭിപ്രായ സ്വാതന്ത്ര്യം തമാശയാണോ' എന്ന് ചോദിച്ച് പായല്‍ ഒരു ട്വീറ്റ് ചെയ്തിരുന്നു.