കൊച്ചി: ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തിയെന്ന കേസില്‍ അഞ്ചുവര്‍ഷത്തിനുശേഷം ചുംബന സമര നേതാക്കളായ മോഡല്‍ രശ്മി ആര്‍ നായര്‍ക്കും രാഹുല്‍ പശുപാലനും എതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. രശ്മി, ഭര്‍ത്താവ് രാഹുല്‍ എന്നിവരുള്‍പ്പെടെ 13 പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത ബംഗളുരു പെണ്‍കുട്ടികളെ പ്രതികള്‍ പെണ്‍വാണിഭത്തിനായി കേരളത്തില്‍ എത്തിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കേസ്. ഓണ്‍ലൈനിലൂടെ പ്രതികള്‍ സെക്‌സ് റാക്കറ്റ് നടത്തിയിരുന്നുവെന്നും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു.
അബ്ദുല്‍ ഖാദര്‍ , മുബീന, ആഷിഖ്, ലിനീഷ് മാത്യു, ജിനു എന്ന ജിന്റോ, അജീഷ്, സുല്‍ഫിക്കര്‍ ,അച്ചായന് എന്ന ജോഷി ജോസഫ്, മനാഫ്, ദിലീപ് ഖാന് , ജോയിസ് ജോസഫ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍ .ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്‌സോ, ഐ.ടി നിയമങ്ങള്‍ പ്രകാരമാണ് കേസ്.
2015ലാണ് 'ഓപ്പറേഷന്‍ ബിഗ് ഡാഡി' എന്ന പേരില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. 'ഏഴ് കൊച്ചു സുന്ദരികള്‍ ' എന്ന ഫേസ്ബുക്ക് പേജിലൂടെ പ്രായപൂര്‍ത്തിയാകാത്ത നിരവധി കുട്ടികളെ കേരളത്തിലെത്തിച്ച് പ്രതികള്‍ പെണ്‍വാണിഭം നടത്തിയെന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. അന്വേഷണത്തില്‍ നെടുമ്പാശേരിയില്‍ വച്ചാണ് രശ്മിയും രാഹുലും സംഘവും പിടിയിലായത്. ഇപ്പോള്‍ ഐ.ജിയായിരിക്കുന്ന എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.