കോട്ടയം: തലയോലപ്പറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത മകള്‍ പീഡിപ്പിക്കപ്പെട്ടതില്‍ മനം നൊന്ത് മാതാപിതാക്കള്‍ വീട്ടിനുള്ളില്‍ ജീവനൊടുക്കി. പിന്നാലെ, ഇരയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അയല്‍വാസിയായ വെള്ളൂര്‍ ഇറുമ്പയം കല്ലിങ്കല്‍ സ്വദേശി വിഷ്ണുദാസിനെ (20) പൊലീസ് അറസ്റ്റ് ചെയ്തു.
മാതാപിതാക്കളുടെ മൃതദേഹം കിടപ്പുമുറിയിലെ ജനലഴികളിലും പെണ്‍കുട്ടിയുടേത് ഫാനിലും തൂങ്ങിയ നിലയിലാണ് നാട്ടുകാര്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ മാതാപിതാക്കള്‍ കിടപ്പുമുറിയില്‍ തൂങ്ങി നില്‍ക്കുന്നതുകണ്ട പെണ്‍കുട്ടി പിറവത്ത് താമസിക്കുന്ന സഹോദരിയെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചിരുന്നു. ഇവര്‍ സമീപത്ത് താമസിക്കുന്ന മാതൃസഹോദരിയെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ഓടിയെത്തിയപ്പോഴേക്കും പെണ്‍കുട്ടിയും മരിച്ചനിലയിലായിരുന്നു. കൈഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു പെണ്‍കുട്ടി. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലീസെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.
പെണ്‍കുട്ടി പഠിച്ചിരുന്ന സ്കൂളിലെ മുന്‍ വിദ്യാര്‍ഥിയാണ് പിടിയിലായ ജിഷ്ണുദാസ്. പെണ്‍കുട്ടിയെ വീട്ടില്‍ വച്ച് ഒട്ടേറെ തവണ പീഡിപ്പിച്ചതായി ജിഷ്ണുദാസ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്നും നല്‍കി. ഈ വിവരമറിയാതെയാണ് മറിയാതെയാണ് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയത്. അവിടെവച്ചാണ് മകള്‍ ഗര്‍ഭിണിയാണെന്ന് ഇവര്‍ അറിയുന്നത്.
സംഭവങ്ങളെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ശാരീരിക അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ പരിശോധിച്ചിരുന്നു. അപ്പോഴാണ് രണ്ടുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയായതിനാല്‍ ആശുപത്രി അധികാരികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി എടുത്തശേഷമാണ് യുവാവിനെ അറസ്റ്റുചെയ്തത്. ഇതറിഞ്ഞ അച്ഛനമ്മമാര്‍ വിഷമത്തിലായിരുന്നു. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ മകള്‍ ഉണര്‍ന്നുവന്നപ്പോള്‍ അച്ഛനും അമ്മയും മുറിയുടെ ജനലില്‍ ഷാളില്‍ തൂങ്ങിമരിച്ചുകിടക്കുന്നതാണ് കണ്ടത്. പെണ്‍കുട്ടി, ദൂരസ്ഥലത്ത് താമസിക്കുന്ന സഹോദരിയെ വിളിച്ച് വിവരം പറഞ്ഞു. അവര്‍ അറിയിച്ചത് പ്രകാരം പോലീസും സമീപവാസികളും വീട്ടിലെത്തിയപ്പോള്‍ മകളും തൂങ്ങിമരിച്ച നിലയിലായിരുന്നു. ഈ കുട്ടിയുടെ കൈഞരമ്പ് മുറിച്ചനിലയിലാണ്. ആ രീതിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍, തൂങ്ങിയതാകാമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.