ഭര്‍ത്താവിന് കുളിയ്ക്കാനും പല്ലുതേക്കാനും മടി; വിവാഹമോചനം തേടി യുവതി
ഭര്‍ത്താവിന് സ്ഥിരമായി കുളിക്കാനോ പല്ലുതേക്കാനും ഉള്ള മടിമൂലം വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ബീഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. ശുചിത്വമില്ലായ്മ സഹിക്കാനാകാതെ ഭര്‍ത്താവുമായി ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയില്ലെന്നും വിവാഹമോചനം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് യുവതി സംസ്ഥാന വനിതാ കമ്മിഷനെ സമീപിച്ചത്.
20 വയസുള്ള സോനി ദേവി യുവതിയാണ് 23 വയസുള്ള ഭര്‍ത്താവ് മനീഷിനെതിരെ പരാതി നല്‍കിയത്. സംഭവത്തില്‍ നന്നാവാനായി രണ്ടുമാസത്തെ സമയം കമ്മിഷന്‍ യുവാവിന് അനുവദിച്ചു നല്‍കിയിട്ടുണ്ട്. നിശ്ചിത സമയ പരിധിക്കകം മനീഷ് തന്റെ ജീവിത രീതിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ വിവാഹമോചന നടപടികളുമായി മുന്നോട്ടു പോകുമെന്നും കമ്മിഷന്‍ യുവാവിനു താക്കീതു നല്‍കി.
'എന്റെ ഭര്‍ത്താവ് പ്ലമ്പറാണ്. 10 ദിവസത്തോളം അദ്ദേഹം കുളിക്കുകയോ പല്ലുതേക്കുകയോ ചെയ്യാറില്ല. അടുത്ത് വരുമ്പോള്‍ അസഹ്യമായ ദുര്‍ഗന്ധമാണ്. ഇത് സഹിക്കാന്‍ കഴിയാത്തതു കാരണം ഞാന്‍ വിവാഹ മോചനം ആഗ്രഹിക്കുന്നു.’– സോനി ദേവി പരാതിയില്‍ പറയുന്നു. ഇക്കാരണത്താലാണ് തങ്ങള്‍ക്കു കുട്ടികളില്ലാത്തതെന്നും ജീവിതത്തിന് ഒരു അര്‍ഥവുമില്ലാതാകുകയാണെന്നും യുവതി കമ്മിഷനു മുന്നില്‍ പറഞ്ഞു. വിവാഹ സമയത്ത് തനിക്കു ലഭിച്ച ആഭരണങ്ങളും പണവും ഭര്‍ത്താവ് കൈക്കലാക്കിയതായും യുവതി പരാതിയില്‍ പറയുന്നു.
അടിസ്ഥാനപരമായി ഒരു വ്യക്തിക്കു വേണ്ട ശുചിത്വം പാലിക്കാന്‍ യുവാവിനോട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അംഗം പ്രതിമ സിന്‍ഹ പറഞ്ഞു. രണ്ടു മാസത്തിനകം യുവാവ് തന്റെ രീതികളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ കുടുംബ കോടതിയെ സമീപിക്കുമെന്നും വനിത കമ്മിഷന്‍ അറിയിച്ചു. തന്റെ രീതികളില്‍ മാറ്റം വരുത്താന്‍ പരമാവധി ശ്രമിക്കുമെന്ന് മനീഷ് അറിയിച്ചതായും പ്രതിമ സിന്‍ഹ പറഞ്ഞു.