ലോകത്തെ ആശങ്കയിലാഴ്ത്തി ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ പടരുന്നു. സൗദിയില്‍ നഴ്‌സായ കോട്ടയംകാരി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 30 മലയാളി നഴ്സുമാര്‍ നിരീക്ഷണത്തിലാണ്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയ്ക്കാണ് കൊറോണ വൈറസ് ബാധ ഉണ്ടായത്. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയത് നാഷണലിലെ ജീവനക്കാരിയാണ് ഇവര്‍.
മലയാളി നഴ്‌സിനെ കൂടാതെ ഈ ആശുപത്രിയിലെ ഫിലിപ്പീന്‍ സ്വദേശിയായ നഴ്‌സിനും കൊറോണ പിടിപെട്ടിട്ടുണ്ട്. ഫിലിപ്പീന്‍ സ്വദേശിക്കായിരുന്നു ആദ്യം രോഗം പിടിപെട്ടതെന്ന് ആശുപത്രിയിലെ മറ്റു മലയാളി നഴ്‌സുമാര്‍ പറയുന്നു. ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് ഏറ്റുമാനൂര്‍ സ്വദേശിനിയിലേക്ക് വൈറസ് പടര്‍ന്നത്. ഫിലിപ്പൈന്‍സ് യുവതിയെ പരിചരിച്ച 30 മലയാളി നഴ്‌സുമാരെ പ്രത്യേക മുറിയിലേക്ക് മാറ്റി. ഈ ഴ്‌സുമാരുടെ മൂക്കില്‍ നിന്നെടുത്ത സ്രവം പരിശോധനയക്കച്ചു. ഇതിന്റെ ആദ്യ ഘട്ട ഫലം പുറത്ത് വന്നപ്പോള്‍ ഇവര്‍ക്ക് രോഗബാധയേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് മതിയായ ചികിത്സയോ കൃത്യമായ ഭക്ഷണമോ കിട്ടുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. എപ്പോഴെങ്കിലും എത്തിക്കുന്ന ഭക്ഷണം ഡോറിന് പുറത്തും മറ്റും വെച്ച് പോകുകയാണ്.
വൈറസ് പടരുന്നത് ഭയന്ന് പല ജീവനക്കാരും ആശുപത്രിയിലേക്ക് എത്തുന്നില്ല. രോഗവിവരം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവെക്കുകയാണ് അധികൃതരെന്നും നഴ്സുമാര്‍ അറിയിച്ചിട്ടുണ്ട്. സംഭവം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് നഴ്‌സുമാര്‍ പറഞ്ഞു.
ചൈനയില്‍ വ്യാപകമായി പടര്‍ന്ന് പിടിച്ച കൊറോണ വെെറസിന്റെ സാന്നിദ്ധ്യം മറ്റ് രാജ്യങ്ങളിലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ മുന്‍കരുതല്‍ ശക്തമാക്കി. വൈറസിനെ തുടര്‍ന്ന് മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയിലെ വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കി. ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, മുംബൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളിലാണ് ചൈനയില്‍ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നത്.
ചൈന, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ 14 ദിവസത്തിനിടെ ചൈന സന്ദര്‍ശിച്ചവര്‍ അതാത് വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് ഹാജരാകണണമെന്നും അറിയിപ്പ് നല്‍കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉപദേശമനുസരിച്ചാണ് നടപടി. ചൈനയില്‍നിന്ന് വരുന്ന വിമാനങ്ങളില്‍ പരിശോധന സംബന്ധിച്ച അനൗണ്‍സ്‌മെന്റ് നടത്തുമെന്നും യാത്രക്കാരെല്ലാം നിശ്ചിത ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഡിസംബര്‍ അവസാനത്തോടെയാണ് ചൈനയില്‍ വൂഹാന്‍ നഗരത്തില്‍ അജ്ഞാത വൈറസ് ബാധ സ്ഥിരീകരിച്ചത്. വിവിധ പരിശോധനകള്‍ക്ക് ശേഷം ഇത് കൊറോണ വിഭാഗത്തില്‍ പെട്ട വൈറസാണെന്ന് കണ്ടെത്തിയിരുന്നു. ചൈനയില്‍ ഇതുവരെ മുന്നൂറിലേറെ പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 17 പേര്‍ കൊറോണ വൈറസ് ബാധയേറ്റ് മരണപ്പെടുകയും ചെയ്തു. ആയിരക്കണക്കിന് പേരില്‍ വൈറസ് ബാധ പടര്‍ന്നിരിക്കാമെന്നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. അമേരിക്കയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിലൈക്ക് പോയിവന്ന യാത്രക്കാരും നിരീക്ഷണത്തിലാണ്.
വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ. ഈ വൈറസുകളില്‍ ആറെണ്ണം മാത്രമാണു മനുഷ്യരില്‍ പടരുന്നത്.2002 ല്‍ ചൈനയില്‍ പടര്‍ന്നു പിടിക്കുകയും 774 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത സാര്‍സ് severe acute respiratory syndrome എന്ന വൈറസ് ഒരു കൊറോണ വൈറസായിരുന്നു. ഇപ്പോള്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസിന്റെ ജെനിറ്റിക് കോഡും സാര്‍സും തമ്മില്‍ സാമ്യമുണ്ടെന്ന് വിദഗ്ദര്‍ പറയുന്നു.