ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 361 ആയി. കൊറോണ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 17,205 ആയി. ശനിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 4562 കേസുകളാണ്. 25 രാജ്യങ്ങളിലുള്ളവര്‍ക്കാണ് കൊറോണ രോഗം ബാധിച്ചത്. നിലവില്‍ 2110 പേര്‍ ഗുരുതരാവസ്ഥയിലാണ്. ശനിയാഴ്ച 315 പേരുടെ നില ഗുരുതരമാവുകയും 85 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്.
കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. വുഹാനിലും സമീപ നഗരങ്ങളിലുമായി അഞ്ചു കോടിയോളം ആളുകളോട് വീടുകളില്‍ത്തന്നെ കഴിയാന്‍ നിര്‍ദേശം നല്‍കി. അത്യാവശ്യങ്ങള്‍ക്ക് രണ്ട് ദിവസം കൂടുമ്പോള്‍ കുടുംബത്തില്‍ ഒരാള്‍ക്കാണ് പുറത്തുപോകാന്‍ അനുമതിയുള്ളത്.
ചൈനയില്‍ 46 ഹൈവേകളും അടച്ചിരിക്കുകയാണ്. കേരളത്തില്‍ രണ്ടുപേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടുപേരുടെയും നില മെച്ചപ്പെട്ടുവരുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം, കേരളത്തില്‍ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ട് പേരെ കൂടി അറസ്റ്റുചെയ്തു. എസ്.എന്‍പുരം സ്വദേശിനി ഷംല, പെരിഞ്ഞനം സ്വദേശിനി ഷാജിത ജമാല്‍ എന്നിവരെയാണ് അറസ്റ്റുചെയ്തതെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ അറിയിച്ചു.