യുകെയിലെ മൂന്നാമത്തെ കൊറോണാവൈറസ് കേസ് സ്ഥിരീകരിച്ചു. സിംഗപ്പൂര്‍ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ 50 നടുത്തു പ്രായമുള്ള ബിസിനസുകാരനാണ് ബ്രൈറ്റണ്‍ റോയല്‍ സസെക്‌സ് എ&ഇയില്‍ ഫ് ളൂ രോഗലക്ഷണങ്ങളുമായി സ്വയം ചികിത്സ തേടിയത്. ഇദ്ദേഹത്തെ പുലര്‍ച്ചെ ലണ്ടന്‍ ഗൈസ് ഹോസ്പിറ്റലിലേക്ക് മാറ്റി. എ&ഇയില്‍ എത്തിയ ഇയാളെ പരിശോധിച്ചവരും അവിടെയുണ്ടായിരുന്നവരും ആശങ്കയിലാണ്
ആശുപത്രിയിലെ സ്‌പെഷ്യലിസ്റ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് യൂണിറ്റില്‍ ചികിത്സയിലുള്ള ആള്‍ ഐസൊലേഷനില്‍ തുടരും. അതേസമയം ഇദ്ദേഹം സഞ്ചരിച്ച വിമാനത്തിലുള്ളവരെ കണ്ടെത്താനും നിരീക്ഷിക്കാനുമുള്ള സംവിധാനം ആരംഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യുകെയിലുള്ള രണ്ട് ചൈനീസ് പൗരന്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ആദ്യമായി ഒരു ബ്രിട്ടീഷുകാരനില്‍ രോഗം കണ്ടെത്തുന്നത്. യോര്‍ക്ക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയും, അമ്മയുമാണ് ന്യൂകാസിലിലെ റോയല്‍ ഇന്‍ഫേര്‍മറിയില്‍ ക്വാറന്റൈനിലുള്ളത്.
ചൈനയ്ക്ക് പുറമെ തായ്‌ലാന്‍ഡ്, ജപ്പാന്‍, സൗത്ത് കൊറിയ, ഹോങ്കോംഗ്, തായ്‌വാന്‍, സിംഗപ്പൂര്‍, മലേഷ്യ, മക്കാവു തുടങ്ങിയ ഒന്‍പത് രാജ്യങ്ങളില്‍ യാത്ര കഴിഞ്ഞെത്തുന്നവര്‍ എന്‍എച്ച്എസ് 111-ല്‍ ബന്ധപ്പെടാന്‍ ബ്രിട്ടന്‍ യാത്രാ നിര്‍ദ്ദേശം പുതുക്കിയിട്ടുണ്ട്. യുഎസ്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം ചൈനയില്‍ നിന്നുള്ള യാത്രക്കാരെ വിലക്കിയിട്ടുണ്ട്.
ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും രോഗലക്ഷണങ്ങളുമായി എത്തുന്ന രോഗികളെ ജാഗ്രതയോടെ പരിപാലിക്കാന്‍ ജിപിമാര്‍ക്ക് എന്‍എച്ച്എസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കൊറോണാ ഇതിനകം 630 ജീവനുകളാണ് അപഹരിച്ചത്. ഇതിനകം 28 രാജ്യങ്ങളിലെ 28000 പേര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്. ഇതില്‍ 99 ശതമാനം കേസുകളും ചൈനയിലാണ്.