മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാമിനെ സയനൈഡ് നല്‍കിക്കൊന്ന കേസില്‍ പ്രതിയായ അരുണ്‍ കമലാസനന്റെ അപ്പീല്‍ അപേക്ഷ ഓസ്‌ട്രേലിയന്‍ പരമോന്നത അപ്പീല്‍ കോടതിയായ ഹൈക്കോടതി തള്ളി. ശിക്ഷാവിധിയുടെ സാധുതയില്‍ സംശയമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ തള്ളിയത്. കേസില്‍ സാമിന്റെ ഭാര്യ സോഫിയയെ 22 വര്‍ഷത്തേക്കും കാമുകന്‍ അരുണ്‍ കമലാസനനെ 27 വര്‍ഷത്തേക്കുമാണ് നേരത്തെ വിക്ടോറിയന്‍ സുപ്രീം കോടതി ശിക്ഷിച്ചിരുന്നത്. ഇതിനെതിരെ അരുണ്‍ കമലാസനന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച അപ്പീല്‍ കോടതി, ശിക്ഷ 24 വര്‍ഷമായും പരോള്‍ ലഭിക്കാനുള്ള കാലാവധി 23ല്‍ നിന്ന് 20 വര്‍ഷമായും കുറച്ചിരുന്നു. ഈ വിധിക്കെതിരെയാണ് അരുണ്‍ കമലാസനന്‍ ഓസ്‌ട്രേലിയയിലെ പരമോന്നത അപ്പീല്‍ കോടതിയായ ഹൈക്കോടതിയെ സമീപിച്ചത്.
അപ്പീല്‍ നല്‍കാന്‍ അനുവദിക്കണമെന്നായിരുന്നു അരുണിന്റെ ആവശ്യം. മൂന്നംഗ ബഞ്ചിന്റെ വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ അനുവദനീയമായ സമയപരിധിയായ 28 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഈ പ്രത്യേകാനുമതി അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ അപേക്ഷ പരിഗണിച്ച ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ജെ.ജെ.ഏഡല്‍മാനും, ജസ്റ്റിസ് പി.എ.കീനും അപ്പീല്‍ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി.
അപ്പീല്‍ അനുവദിക്കാന്‍ മതിയായ കാരണങ്ങളൊന്നും പ്രതി ഉന്നയിക്കാത്തതിനാല്‍, അപ്പീല്‍ നല്‍കാന്‍ അനുവദിക്കണമെന്ന അപേക്ഷ തള്ളുകയാണെന്നും കോടതി ഉത്തരവിട്ടു. ഇതോടെ സാം വധക്കേസില്‍ അരുണ്‍ കുറ്റക്കാരനാണെന്നുള്ള വിധി മേല്‍കോടതിയും ശരിവച്ചിരിക്കുകയാണ്. ഓസ്ട്രേലിയന്‍ നിയമവ്യവസ്ഥ പ്രകാരം ഈ വിധിയെ ചോദ്യം ചെയ്യാന്‍ പ്രതിക്ക് ഇനി അവസരങ്ങളൊന്നുമില്ല.
2015 ഒക്ടോബര്‍ 14നായിരുന്നു കൊല്ലം പുനലൂര്‍ സ്വദേശിയായ സാം എബ്രഹാമിനെ മെല്‍ബണ്‍ എപ്പിംഗിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ സോഫിയയ്ക്കും ആറു വയസുള്ള മകനുമൊപ്പം ഉറങ്ങിക്കിടന്ന സാമിനെ രാവിലെ മരിച്ച നിലയില്‍ കാണുകയായിരുന്നു എന്നാണ് സോഫിയ പൊലീസിനെ അറിയിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ മാസങ്ങള്‍ നീണ്ട രഹസ്യാന്വേഷണത്തിലൂടെയാണ് പൊലീസ് സോഫിയയെയും അരുണിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഒന്നിച്ചു ജീവിക്കാനായി സോഫിയും അരുണും ചേര്‍ന്ന് നടത്തിയ ആസൂത്രിത കൊലപാതകം അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു.