ലണ്ടന്‍ : രാജ്യം കൊറോണ ഭീതിയില്‍ കഴിയവെ ആളുകളുടെ നെഞ്ചിടിപ്പ് കൂട്ടി പ്രമുഖ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍. വൈറസിനെ വേണ്ട വിധത്തില്‍ പ്രതിരോധിക്കാന്‍ സാധിച്ചില്ലെങ്കില്‍ യുകെയില്‍ 4 ലക്ഷം പേര്‍ മരിക്കുമെന്ന് ആണ് ലണ്ടന്‍ ഇംപീരിയല്‍ കോളേജ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ പ്രൊഫസര്‍ നീല്‍ ഫെര്‍ഗൂസന്റെ പ്രവചനം.
താന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന ഒരു വൈറസാണ് ഇതെന്നാണ് കൊറോണയെക്കുറിച്ച് പ്രൊഫ ഫെര്‍ഗൂസന്‍ പ്രതികരിച്ചത്. 4 ലക്ഷം പേര്‍ മരിക്കുമെന്ന് പ്രവചിക്കുകയല്ല, മറിച്ച് ആ മരണസംഖ്യ എത്തിച്ചേരാനുള്ള സാധ്യതകളാണ് അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നത്. ഈ പ്രവചനം അല്‍പ്പം കടന്നുപോയെന്നു പറഞ്ഞാലും കുഴപ്പമില്ലെന്നും ഫെര്‍ഗൂസന്‍ വ്യക്തമാക്കി.
ലോകാരോഗ്യ സംഘടന കൊവിഡ് 19 എന്നുപേരിട്ട വൈറസ് ബ്രിട്ടനിലെ 60 ശതമാനം പേരെ ബാധിച്ചേക്കുമെന്നാണ് ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. രോഗം പിടികൂടുന്ന ഒരു ശതമാനം ആളുകള്‍ മരിക്കാനും സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍. ബ്രിട്ടനില്‍ ഇത് ആയിരങ്ങളിലേക്ക് എത്തിച്ചേരുമെന്നാണ് ആശങ്ക. ജനസംഖ്യയുടെ പകുതി ആളുകളെയും വൈറസ് ബാധിക്കുമെന്ന അനുമാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന വെളിപ്പെടുത്തലിനിടെടെയാണ് മരണസംഖ്യയെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന പ്രവചനം .
മാസങ്ങള്‍ക്കുള്ളില്‍ വൈറസ് ബ്രിട്ടന്റെ ഓരോ ഭാഗത്തും എത്തിച്ചേരുമെന്നാണ് കരുതുന്നത്. ഇതോടെ ആയിരങ്ങള്‍ മരിക്കാനും, ആരെ ചികിത്സിക്കണമെന്ന കാര്യം തീരുമാനിക്കാന്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ ശക്തമായ നിലപാട് സ്വീകരിക്കേണ്ട അവസ്ഥയും നേരിടാം.
നിലവില്‍ ബ്രിട്ടണില്‍ ഒന്‍പത് പേര്‍ക്കാണ് വൈറസ് ബാധയുള്ളത്. രോഗ ലക്ഷണങ്ങളുള്ളവരെ വേണ്ട സമയത്തു കണ്ടെത്താനും ഐസൊലേറ്റ് ചെയ്യാനും പറ്റുന്നില്ല എന്നതാണ് യുകെയില്‍ തിരിച്ചടിയാകുന്നത്.