പ്രധനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്ത ട്രെയിനുള്ളില്‍ ശിവ പൂജ. ഇന്നലെ വാരണാസിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ജ്യോതിര്‍ ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിനുകളില്‍ ഒന്നിലെ ഒരു സീറ്റാണ് ക്ഷേത്രമായി ഒരുക്കി പൂജ നടത്തിയത്. ശിവന്റെയും മറ്റും ചിത്രങ്ങള്‍ സീറ്റില്‍ വെച്ച് എല്ലാ ദിവസവും ആരാധനയ്ക്കായി ഒരു സീറ്റ് റിസര്‍വ് ചെയ്യുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നതും.
വാരണാസി - ഇന്‍ഡോര്‍ കാശി മഹാകാല്‍ എക്‌സ്പ്രസിലെ ബി അഞ്ചാം കോച്ചിലെ 64 ാം നമ്പര്‍ സീറ്റാണ് ഞായറാഴ്ച അമ്പലമാക്കി സീറ്റ് പൂജയ്ക്കായി ഒരുക്കിയത്. ജ്യോതിര്‍ ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിന്‍ സര്‍വീസ് ഇന്നലെയാണ് പ്രധാനമന്ത്രി വാരണാസിയില്‍ ഉദ്ഘാടനം ചെയ്തത്. ഞായറാഴ്ച ഫ്‌ളാഗ് ഓഫ് ചെയ്ത ട്രെയിന്‍ ബുധനാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും. ഇന്‍ഡോറിലെ ഓംകാരേശ്വര്‍, ഉജ്ജയിനിലെ മഹാ കാലേശ്വര്‍, വാരണാസിയിലെ കാശി വിശ്വനാഥ് ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രയാണ് കാശി മഹാകാല്‍ എക്‌സ്പ്രസ് നടത്തുക.
ട്രെയിന്‍ ഭക്തിമാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്നതിനാല്‍ എല്ലാ ദിവസവും ട്രെയിനിലെ ആദ്യ ട്രിപ്പില്‍ ആരാധനയ്ക്കായി ഒരു സീറ്റ് റിസര്‍വ് ചെയ്യുമെന്നാണ് അധികൃതര്‍ പറയുന്നത്. അലങ്കരിച്ച ശിവന്റെ ചിത്രത്തോടെ സൈഡ് ലോവര്‍ ബെര്‍ത്താണ് പ്രാര്‍ത്ഥനയ്ക്കായി മാറ്റി വെച്ചിട്ടുള്ളത്. തീ പിടിക്കുന്ന വസ്തുക്കള്‍ ഒഴിവാക്കണമെന്ന് യാത്രക്കാരോട് പറയാറുള്ള റെയില്‍ വേയില്‍ പക്ഷേ കര്‍പ്പൂരം ഉഴിയാന്‍ തീപ്പെട്ടിയുമായി നില്‍ക്കുന്നതാകട്ടെ ടിടിആറും. വിഷയം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിവാദത്തിന് തിരി കൊളുത്തിയിട്ടുണ്ട്.