ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം വര്‍ഗീയ കലാപമായി മാറിയതോടെ വടക്ക് കിഴക്കന്‍ ഡഹിയില്‍ ഒരുമാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാര്‍ച്ച് 24 വരെയാണ് നിരോധനാജ്ഞ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് പുറമേ കേന്ദ്ര ആഭ്യന്തരസെക്രട്ടറി, ഡല്‍ഹി പൊലീസ് കമ്മീഷണര്‍, ഡല്‍ഹി ലഫ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. യോഗത്തിന് മുമ്പേ തന്നെ കലാപമേഖലകളിലേക്ക് കേന്ദ്രസേനയെ നിയോഗിക്കാന്‍ തീരുമാനമായിരുന്നു. കലാപബാധിതമേഖലയിലേക്ക് 35 കമ്പനി കേന്ദ്രസേനയെയും രണ്ട് കമ്പനി ദ്രുതകര്‍മസേനയെയും അയക്കാനാണ് തീരുമാനം.നിലവില്‍ രണ്ട് കമ്പനി ദ്രുതകര്‍മ സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുകയാണ് ഗോകുല്‍പുരിയിലെ മുസ്തപാബാദില്‍ ആണ് വീണ്ടും സംഘാര്‍ഷാവസ്ഥ. രണ്ടുപേര്‍ക്കുകൂടി വെടിയേറ്റു. സംഭവത്തില്‍ പരിക്കേറ്റവരെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടുകള്‍ക്കും കടകള്‍ക്കും അക്രമകാരികള്‍ക്ക് തീയിടുകയാണ്. ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണിത്.
അതേസമയം മുസ്തഫാബാദില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ വീടുകള്‍ക്കും കടകള്‍ക്കും അക്രമികള്‍ തീയിടുകയും വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിട്ടുണ്ട്. കലാപം കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുന്നുവെന്നാണ് വിവരങ്ങള്‍. കര്‍വാള്‍ നഗര്‍, വിജയ് പാര്‍ക്ക്, യമുനാ നഗര്‍ തുടങ്ങിയ സ്ഥലങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അക്രമം നടന്ന സ്ഥലങ്ങളില്‍ വ്യാപകമായി വ്യാപാര സ്ഥാപനങ്ങള്‍ കൊള്ളയടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മൂന്നുദിവസമായി തുടരുന്ന കലാപത്തില്‍ ഏഴുപേരാണ് ഇതുവരെ മരിച്ചത്. 160 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.