ഈസ്റ്റര്‍ വരെ പള്ളികളില്‍ ഹസ്തദാനം വേണ്ട, നമസ്തേ മതിയെന്ന് സര്‍ക്കുലര്‍
കൊറോണ വൈറസ് (കോവിഡ് -19) ബാധയുടെ പശ്ചാത്തലത്തില്‍ പള്ളികളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച് ബോംബെ ആര്‍ച്ച് ബിഷപ്പും ഭാരത കത്തോലിക്ക മെത്രാന്‍ (സി.ബി.സി.ഐ.) പ്രസിഡന്റുമായ ഓസ്വാള്‍ഡ് ഗ്രേഷ്യസ് സര്‍ക്കുലര്‍ ഇറക്കി. കുര്‍ബാനയ്ക്കിടെ പരസ്പരം ഹസ്തദാനം നടത്തി സമാധാനം ആശംസിക്കുന്നതിനുപകരം നമസ്തേ പോലെ കൈകൂപ്പിയാല്‍ മതിയെന്നത് ഉള്‍പ്പെടെയാണ് നിര്‍ദേശങ്ങള്‍.
ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ 12 വരെ നിര്‍ദേശങ്ങള്‍ പാലിക്കണം. ആര്‍ക്കെങ്കിലും അണുബാധയുണ്ടായെന്ന് സൂചന കിട്ടിയാല്‍ കുടുംബ കൂട്ടായ്മകളും യോഗങ്ങളും വൈദികന്‍ നിര്‍ത്തിവെക്കണം. സര്‍ക്കാര്‍ ഏജന്‍സികള്‍ രോഗവ്യാപനം തടയാന്‍ ഊര്‍ജിതമായി ശ്രമിക്കുന്നുണ്ടെന്നും ഭയപ്പെടാതെ അതിനോട് സഹകരിക്കണമെന്നും സര്‍ക്കുലര്‍ പറയുന്നു.
ബോംബെ അതിരൂപതയിലെ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള നിര്‍ദേശമാണെങ്കിലും കൂടിയാലോചനകള്‍ക്കുശേഷം ഇന്ത്യയൊട്ടാകെയുള്ള സഭകള്‍ക്ക് സമാന നിര്‍ദേശം അയയ്ക്കാനാണ് തീരുമാനം
മറ്റു നിര്‍ദേശങ്ങള്‍
ദിവ്യകാരുണ്യ സ്വീകരണസമയത്ത് ഓസ്തി കൈയില്‍ സ്വീകരിച്ചാല്‍ മതി. (വീഞ്ഞില്‍ മുക്കി നാവിലാണ് ഓസ്തി നല്‍കാറുള്ളത്.
ദിവ്യകാരുണ്യ ശുശ്രൂഷയ്ക്ക് ഓസ്തി നല്‍കുംമുമ്പ് വൈദികന്‍ കൈകള്‍ നന്നായി കഴുകണം.
ദുഃഖവെള്ളിയാഴ്ച തിരുസ്വരൂപം ചുംബിക്കുന്നത് ഒഴിവാക്കണം. ആവശ്യമുള്ളവര്‍ക്ക് നിരയായി നിന്ന് തിരുസ്വരൂപം വണങ്ങാം.
ഗള്‍ഫിലെ പല പള്ളികളും താല്‍കാലികമായി അടച്ചിട്ടുണ്ട്. ബത്‌ലഹേമിലെ വിഖ്യാതമായ പള്ളി താല്‍ക്കാലികമായി കഴിഞ്ഞ ദിവസം അടച്ചു. പലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണമാണ് തീരുമാനമെന്നു ബത്‌ലഹേം പള്ളി അധികൃതര്‍ അറിയിച്ചു. ഇസ്രയേലിന്റെ അധീനതയിലുള്ള വെസ്റ്റ് ബാങ്കിലാണു യേശുദേവന്റെ ജന്മസ്ഥലമെന്നു കരുതുന്ന മേഖലയില്‍ പള്ളി സ്ഥിതിചെയ്യുന്നത്. ബത്‌ലഹേം നഗരത്തിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ച് കഴിഞ്ഞദിവസം കൊറോണാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗ്രീസില്‍നിന്നെത്തിയ സന്ദര്‍ശകര്‍ കഴിഞ്ഞമാസം തങ്ങിയിരുന്ന ഹോട്ടലിലെ നാലോളം ജീവനക്കാര്‍ അടക്കമുള്ളവരാണു വൈറസ് ബാധിതരായത്. ഇക്കാര്യം സ്ഥിരീകരിച്ചതോടെ മേഖലയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പള്ളികളും മോസ്‌കുകളും ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളും ഇതരസ്ഥാപനങ്ങളും അടയ്ക്കാന്‍ പലസ്തീന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് പ്രഭാത പ്രാര്‍ഥനയ്ക്കുശേഷം ബത്‌ലഹേം പള്ളി താല്‍ക്കാലികമായി അടയ്ക്കുകയായിരുന്നു. നിലവിലെ തീരുമാനപ്രകാരം 14 ദിവസം ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കും.
ഇത്തവണത്തെ വിശുദ്ധനാട് തീര്‍ത്ഥാടനവും അനിശ്ചിതത്വത്തിലായി. യുകെയിലെ അടക്കം യൂറോപ്പിലെ വിശ്വാസികള്‍ വിശുദ്ധനാട് തീര്‍ത്ഥാടനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു.