കൊച്ചി: ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ കൊച്ചി വിമാനത്താവളത്തില്‍ പരിശോധന നടത്തിയില്ലെന്ന കൊറോണ ബാധിതരായ റാന്നി സ്വദേശികളുടെ വാദം തള്ളി എറാണകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ്.
കോവിഡ് ബാധിച്ച കുടുംബം വിമാനത്താവളത്തിലെ ഫോം പൂരിപ്പിച്ചിട്ടില്ലെന്നും വീഴ്ചയുണ്ടായത് അവരുടെ ഭാഗത്ത് നിന്നാണെന്നും അതുകൊണ്ടാണ് ഇപ്പോഴത്തെ അവസ്ഥ ഉണ്ടായതെന്നും എസ്. സുഹാസ് പറഞ്ഞു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൃത്യമായാണ് പ്രവര്‍ത്തിച്ചത്. വിമാനത്തില്‍ തന്നെ ഇറ്റലിയില്‍ നിന്ന് വന്നവര്‍ ഫോം പൂരിപ്പിച്ച് നല്‍കണമെന്നും ഇമിഗ്രേഷനില്‍ പറയണമെന്നും നിര്‍ദേശം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നത്. വീഴ്ച മറുഭാഗത്താണ് വന്നത്- അദ്ദേഹം പറഞ്ഞു.
കൊറോണ ബാധിച്ച മൂന്ന് വയസുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും രക്ഷിതാക്കള്‍ ഐസൊലേഷന്‍ വാര്‍ഡിലാണെന്നും അദ്ദേഹം പറഞ്ഞു. പരിഭ്രാന്തി വേണ്ട, മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. 13 പേര്‍ ഐസൊലേഷന്‍ വാര്‍ഡിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിലവില്‍ 151 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. വിമാനത്താവളത്തില്‍ കുട്ടിയുമായി ഇടപഴകിയവരും നിരീക്ഷണത്തിലാണ്. നിലവില്‍ കേരളത്തിലെ രോഗബാധിതരുടെ എണ്ണം ആറായിട്ടുണ്ട്.
ഇതിനിടെ പത്തനംതിട്ടയില്‍ ഐസൊലേഷനില്‍ ഉണ്ടായിരുന്ന രണ്ട് പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.