ഡല്‍ഹി: കോണ്‍ഗ്രസിന്റെ യുവനേതാക്കളിലെ സൂപ്പര്‍താരം ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു. മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ ഇന്ന് ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയില്‍ നിന്നും സിന്ധ്യ ബിജെപി അംഗത്വം സ്വീകരിച്ചു. സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എംഎല്‍എമാരും ബിജെപിയില്‍ ചേരും. സിന്ധ്യയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ജെ.പി നഡ്ഡ പറഞ്ഞു.
പാര്‍ട്ടിയിലേക്ക് തന്നെ ക്ഷണിച്ച നേതാക്കള്‍ക്ക് നന്ദി പറയുന്നുവെന്ന് അംഗത്വം സ്വീകരിച്ചതിനു ശേഷം സിന്ധ്യ പറഞ്ഞു. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അധ്യക്ഷന്‍ ജെ.പി നഡ്ഡയും എന്നെ അവരുടെ കുടുംബത്തിലേക്ക് ക്ഷണിച്ചു, ഒരു സ്ഥാനം നല്‍കി. അതിന് താന്‍ നന്ദി പറയുന്നു.
ജീവിതത്തെ മാറ്റിമറിച്ച രണ്ട് സംഭവങ്ങളാണ് എനിക്കുണ്ടായിട്ടുള്ളത്. ഒന്ന് അച്ഛന്റെ മരണം, രണ്ടാമത്തേത് ബിജെപിയില്‍ ചേര്‍ന്നുകൊണ്ട് പുതിയ ചുവടുവെക്കാന്‍ തീരുമാനിച്ചത്. മുമ്പുണ്ടായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയല്ല ഇപ്പോഴുള്ളത്. പൊതുജനസേവനം നടത്താന്‍ ഇനി ആ പാര്‍ട്ടിക്ക് സാധിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അത് ഇനിയൊരിക്കലും സാധിക്കില്ലെന്നാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ സൂചിപ്പിക്കുന്നതെന്നും സിന്ധ്യ കുറ്റപ്പെടുത്തി.
ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കു രാജിക്കത്തയച്ചത്. തൊട്ടുപിന്നാലെ സിന്ധ്യയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുന്നതായി കോണ്‍ഗ്രസ് പത്രക്കുറിപ്പിറക്കി.
മുന്‍ കേന്ദ്രമന്ത്രിയും നാലുതവണ എം.പി.യുമായ ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിവിട്ടത് സംസ്ഥാനത്തും ദേശീയതലത്തിലും കോണ്‍ഗ്രസിനു ക്ഷീണമായി. രാഹുല്‍ ഒഴിഞ്ഞശേഷം പാര്‍ട്ടി ദേശീയ അധ്യക്ഷപദവിയിലേക്കുവരെ പറഞ്ഞുകേട്ട പേരാണ് 49 വയസ്സുള്ള ഈ 'യുവനേതാവി'ന്റേത്. അച്ഛനും കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മാധവറാവു സിന്ധ്യയുടെ 75-ാം ജന്മവാര്‍ഷികദിനത്തിലാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്.
15 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം 2018-ല്‍ സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്തിയതുമുതല്‍ നിലനിന്ന അതൃപ്തിക്കൊടുവിലാണ് ഗ്വാളിയര്‍ രാജകുടുംബത്തിലെ ഇളംമുറക്കാരന്റെ കൂറുമാറ്റം. തന്നെ തഴഞ്ഞ് മുഖ്യമന്ത്രിപദം കമല്‍നാഥിനു നല്‍കിയതായിരുന്നു ഭിന്നതയ്ക്കു കാരണം.
ബി.ജെ.പി. സിന്ധ്യക്കു കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനംചെയ്തതായാണറിയുന്നത്.