കേരളത്തിലെ 80% കൊവിഡ് ബാധിതരും പ്രവാസികള്‍; സമൂഹവ്യാപനത്തിലേത്തിയില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് 19 സമൂഹവ്യാപനത്തിലേക്കെത്തിയെന്ന് പറയാന്‍ ഇപ്പോള്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 'സമൂഹവ്യാപനം ആയിട്ടില്ല. ചെറിയ ഭീതി ഉണ്ടെങ്കിലും ഇപ്പോള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 80 ശതമാനത്തിലേറെയും വിദേശത്ത് നിന്ന് വന്നവര്‍ക്കാണ്. ബാക്കിയുള്ളത് അവരുമായി പ്രഥമ സമ്പര്‍ക്കം പുലര്‍ത്തിയവരാണ്'- മന്ത്രി പറഞ്ഞു.
കൊവിഡിന്റെ വ്യാപനം അറിയാന്‍ മൂന്നാഴ്ച വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. വരുന്ന ഒരാഴ്ച നിര്‍ണായകമാണ്. വിദേശത്തുനിന്ന് എത്തുന്ന ചിലര്‍ ഇപ്പോഴും ക്വാറന്റീന്‍ പാലിക്കുന്നില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് 19 പ്രതിരോധത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനത്തെ കേന്ദ്രസര്‍ക്കാര്‍ അഭിനന്ദിച്ചെന്ന് മന്ത്രി പറഞ്ഞു. കേരളം എടുത്ത മുന്‍കരുതലുകള്‍ നമുക്ക് തുണയായി. ആര്‍ദ്രം മിഷന്റെ ഭാഗമായി നമ്മള്‍ നേരത്തെ സ്വീകരിച്ചുപോന്ന മാര്‍ഗങ്ങള്‍ നമ്മളെ ഒരുപാട് സഹായിച്ചു. കേന്ദ്രസര്‍ക്കാരും നമ്മുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു. നമ്മുടെ നടപടികള്‍ വെബ്‌സൈറ്റിലിട്ടുകൊടുക്കാന്‍ പറഞ്ഞു. അത് മറ്റ് സംസ്ഥാനങ്ങളും പിന്തുടരുന്നത് നല്ലതാണെന്ന് കേന്ദ്രം പറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.