കൊച്ചി: കേരളത്തില്‍ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. 69കാരനായ എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി യാക്കൂബ് സേട്ടാണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിരിക്കെയാണ് മരണം. ദുബായില്‍നിന്ന് ഇദ്ദേഹം എത്തിയത് മാര്‍ച്ച് 16-നാണ്. 22-ന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇയാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രാവിലെ എട്ടു മണിയോടെയായിരുന്നു മരണം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കടുത്ത ഹൃദ്രോഗ ബാധയും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇതേതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
ഇയാളുടെ ഭാര്യയും നെടുമ്പാശേരിയില്‍ നിന്ന് ഇവരെ കൊണ്ടുവന്ന ഡ്രൈവറും രോഗബാധിതരാണ്. ഇവര്‍ ദുബായില്‍നിന്ന് എത്തിയ വിമാനത്തിലെ 49പേരും നിരീക്ഷണത്തിലാണ്. ഡ്രൈവറുമായി ഇടപഴകിയ 40 പേര്‍ നിരീക്ഷണത്തിലാണ്. ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലെ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം സുരക്ഷാ ക്രമീകരണങ്ങളോടെ സംസ്‌കരിക്കും. 176 കൊറോണ കേസുകള്‍ റിപ്പാര്‍ട്ടു ചെയ്ത കേരളത്തിലെ ആദ്യ മരണമാണിത്. നിലവില്‍ കോവിഡ് ബാധിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത് 14 പേരാണ്. ഇതില്‍ 5 പേര്‍ ബ്രിട്ടീഷ് പൗരന്മാരും, ആറു പേര്‍ എറണാകുളം സ്വദേശികളും, 2 കണ്ണൂര്‍ സ്വദേശികളും, ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്.