ലോക്ക്ഡൗണ്‍ ലംഘിക്കുന്നവരെ വെടിവെച്ച് കൊല്ലും; മുന്നറിയിപ്പുമായി ഫിലിപ്പൈന്‍സ് പ്രസിഡന്റ്
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കടുത്ത നടപടിയുമായി ഫിലിപ്പൈന്‍സ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഒരുമാസം നിയമം ലംഘിച്ചാല്‍ വെടിവെച്ച് കൊല്ലുമെന്ന് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്ട് മുന്നറിപ്പ് നല്‍കി.
ഒരു മാസം നീളുന്ന ലോക്ഡൗണ്‍ രണ്ടാഴ്ച്ച പിന്നിട്ടപ്പോഴാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം. ഇതുസംബന്ധിച്ച് പൊലീസിനും സൈന്യത്തിനും ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും ജനങ്ങളെ അഭിസംബോധന ചെയ്യവേ പ്രസിഡന്റ് പറഞ്ഞു.
കഴിഞ്ഞ ദിവസം മനിലയിലെ ക്വീസോണ്‍ സിറ്റിയിലെ ചേരിനിവാസികള്‍ ഭക്ഷണങ്ങളോ അവശ്യ സാധനങ്ങളോ ലഭിച്ചില്ലെന്ന് ആരോപിച്ച് തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരായ ഇരുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തുമാറ്റി.
ഇതിന് പിന്നാലെയാണ് ബുധനാഴ്ച്ച അര്‍ധരാത്രിയോടെ ഡ്യുട്ടേര്‍ട്ട് ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തത്. പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും പ്രസിഡന്റ് സന്ദേശം കൈമാറി.
സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനോ വെല്ലുവിളിക്കാനോ നിന്നാല്‍ നിങ്ങള്‍ പരാജയപ്പെടുമെന്ന കാര്യത്തില്‍ സംശയംവേണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. ഫിലിപ്പൈന്‍സില്‍ ഇതുവരെയായി 2311 പേര്‍ക്കാണ് കൊറോണവൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 100 ഓളം പേര്‍ ഇതിനോടകം മരിച്ചു.