ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകളില്‍ നിന്നും ഒഴിവായി അമേരിക്കയിലെത്തിയ ഹാരിയും മേഗന്‍ മാര്‍ക്കലും സന്നദ്ധ പ്രവര്‍ത്തനത്തിന്. അമേരിക്കയില്‍ കൊവിഡ്- മഹാമാരി വ്യാപിച്ച സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ പദ്ധതിയുണ്ടെന്നും ഇപ്പോള്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും ഇരുവരും പറഞ്ഞു.
പുതിയ സന്നദ്ധ സംഘടന രൂപീകരിക്കാനൊരുങ്ങുകയാണ് ഇരുവരും. ഗ്രീക്ക് പദമായ 'ആര്‍ക്' എന്നാണ് സംരഭത്തിന്റെ പേര്. പ്രവൃത്തിയുടെ ഉറവിടം എന്നര്‍ത്ഥം വരുന്ന ഈ വാക്ക് ഇരുവരുടെയും മകന്റെ പേരായ ആര്‍ക്കിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടതാണ്. ഇതു സംബന്ധിച്ച നിയമനടപടിക്രമങ്ങള്‍ യു.എസില്‍ നടന്നു വരികയാണ്.
ഇതു സംബന്ധിച്ചുള്ള കൂടുതല്‍ പ്രഖ്യാപനങ്ങള്‍ പിന്നീട് നടത്തുമെന്നാണ് ഇരുവരും അറിയിച്ചിരിക്കുന്നത്. ദ ഡെയ്‌ലി ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ട് പ്രകാരം ഒരു പുതിയ വെബ്‌സൈറ്റും ഇരുവരും തുടങ്ങുന്നുണ്ട്.
മാര്‍ച്ച് 31 നാണ് മേഗന്‍ മര്‍ക്കലും ഹാരിയും ബ്രിട്ടീഷ് രാജ കുടുംബപദവികളില്‍ നിന്നും ഔദ്യോഗികമായി ഒഴിവായത്. കാനഡയില്‍ നിന്ന് അമേരിക്കയിലെത്തിയ ഇവര്‍ ലോസ് ഏഞ്ചല്‍സിലാണ് ഇപ്പോള്‍ കഴിയുന്നത്.
നേരത്തെ മേഗന്റെയും ഹാരിയുടെയും സുരക്ഷ അമേരിക്ക ഏറ്റെടുക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ സുരക്ഷ വേണ്ടെന്നും ഇവരുടെ സുരക്ഷ ഇവര്‍ തന്നെ സ്വകാര്യമായി ഒരുക്കിയിട്ടുണ്ടെന്നുമായിരുന്നു ഇരുവരുടെയും പ്രതിനിധി അറിയിച്ചത്.
ജനുവരി ആദ്യവാരമാണ് രാജകുടുംബ ചുമതലകളില്‍ നിന്നും വിട്ട് നില്‍ക്കാനും സാമ്പത്തിക സ്വാതന്ത്ര്യം കൈവരുത്താനും ആഗ്രഹിക്കുന്നതായി പ്രിന്‍സ് ഹാരിയും മേഗനും ഔദ്യോഗിക പ്രസ്താവനയിറക്കിയത്. കാനഡയിലും ബ്രിട്ടനിലുമായി മകന്‍ ആര്‍ക്കിക്കൊപ്പം പുതിയ ജീവിതം തുടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി. എന്നാല്‍ പിന്നീട് അമേരിക്കയിലേക്ക് മാറുകയായിരുന്നു.
ഹാരിയുടെ സഹോദരനായ വില്യം കോവിഡ് പശ്ചാത്തലത്തില്‍ എയര്‍ ആംബുലന്‍സ് പൈലറ്റായി വീണ്ടും സേവനം ചെയ്യാന്‍ തയാറെടുക്കുകയാണെന്നു വാര്‍ത്ത വന്നിരുന്നു.