Don't Miss

കോവിഡിനെ അതിജീവിച്ച ലണ്ടനിലെ നഴ്സ് രശ്മി പ്രകാശിന്റെ അനുഭവക്കുറിപ്പ്

ലണ്ടന്‍ : മലയാളി സമൂഹം കോവിഡ് മഹാമാരിയ്ക്കു വിറങ്ങലിച്ചു നില്‍ക്കുകയാണ്. കൊറോണ പിടിപെട്ടു അതിനെ അതിജീവിച്ചു ജീവിതത്തിലേക്ക് മടങ്ങി വന്ന ബ്രൂംഫില്‍ഡ് എന്‍എച്ച്എസ് ആശുപത്രി നഴ്സ് രശ്മി പ്രകാശ് തന്റെ അനുഭവം വിവരിക്കുകയാണ്. എഴുത്തുകാരിയായും നര്‍ത്തകി ആയും അവതാരകയായും ആര്‍ ജെ ആയും സംഘടനാ പ്രവര്‍ത്തകയുമായും യുകെയിലെ മലയാളികള്‍ക്ക് സുപരിചിതയാണ് രശ്മി പ്രകാശ്. ഭര്‍ത്താവും മകനും ഒപ്പം ചെംസ്‌ഫോര്‍ഡിലാണ് താമസം. ഇതിനിടയിലാണ് കൊവിഡ് രശ്മിയേയും പിടികൂടുന്നത്. രോഗത്തെ അതിജീവിച്ച തന്റെ അനുഭവവും നിര്‍ദ്ദേശങ്ങളും ഫേസ്‌ബുക്കിലൂടെ പങ്കുവെയ്ക്കുകയാണ് രശ്മി.

"കൊറോണയും ഞാനും പിന്നെ ദൈവവും"


പല തരത്തിലുള്ള അസുഖബാധിതരായ രോഗികളെ ശുശ്രൂഷിക്കാനുള്ള ഉറച്ച മനസ്സോടെയാണ് ഓരോ നഴ്സും ജോലിയില്‍ പ്രവേശിക്കുന്നത്. എന്നാല്‍ കോവിഡ് -19 എന്ന ഈ മഹാവിപത്ത്‌ നമ്മള്‍ കരുതിയതിലും എത്രയോ അപ്പുറത്താണ്. ലണ്ടനടുത്തുള്ള ചെംസ്ഫോര്‍ഡില്‍, ബ്രൂംഫീല്‍ഡ് NHS ഹോസ്പിറ്റലിലാണ് ഞാന്‍ നഴ്സ് ആയി ജോലി ചെയ്യുന്നത്.

കോവിഡ് -19 പോസിറ്റീവ് ആയവരും റിസള്‍ട്ട് പോസിറ്റീവ് ആകാന്‍ സാധ്യതയുള്ളവരുമായ രോഗികളായിരുന്നു ഞങ്ങളുടെ യൂണിറ്റില്‍ ഉള്ളത്. ഞങ്ങള്‍ക്കാള്‍ക്കും തന്നെ ഈ രോഗത്തോട് പ്രത്യേകിച്ച് ഒരു ഭീതിയും ഉണ്ടായിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ എല്ലാവരും തന്നെ ഏറെ ജാഗ്രതയോടെയാണ് രോഗികളെ ശുശ്രൂഷിച്ചിരുന്നത്.

മൂന്നു നാലാഴ്ചകള്‍ കുഴപ്പമില്ലാതെ കടന്നു പോയെങ്കിലും പതിയെ പതിയെ ഞങ്ങള്‍ ഓരോരുത്തരിലും കോവിഡിന്റെ സൂചനകള്‍ തലപൊക്കിത്തുടങ്ങി. പനിയും ശ്വാസതടസ്സവും ചുമയും തൊണ്ടവേദനയും മാത്രമല്ല കോവിഡിന്റെ ലക്ഷണങ്ങള്‍ എന്ന് നമുക്കെല്ലാം അറിവുള്ളതാണ്.

ചിലപ്പോള്‍ നെഞ്ചിനു ഭാരവും അസ്വസ്ഥതയും ഒക്കെയുണ്ടാകും. എന്നാല്‍ ഇതൊരിക്കലും നിസ്സാരമായി തള്ളിക്കളയരുത്. നമ്മുടെ ശരീരത്തിന്റെ അവസ്ഥയെക്കുറിച്ചു ഏറ്റവും നന്നായി അറിയാവുന്നത് നമുക്ക് തന്നെയാണ്. യുകെയിലെ ആശുപത്രിയിലെ രീതികള്‍ നാട്ടിലെ പോലെയല്ല വളരെ വ്യത്യസ്തമാണ്.

നിങ്ങള്‍ ഒരു നഴ്സ് ആണെങ്കില്‍ കൂടി എനിക്കിതിനെക്കുറിച്ചെല്ലാം അറിയാം ആശുപത്രിയില്‍ ചെന്നാലും എന്തൊക്കെ ചെയ്യും എന്നെനിക്കറിയാം എന്ന് ദയവു ചെയ്തു വിചാരിക്കരുത്. ശ്വാസതടസ്സമോ നെഞ്ച് വേദനയോ നെഞ്ചിനു വല്ലാത്ത ഭാരമോ ഒക്കെ അനുഭവപ്പെട്ടാല്‍, റസ്റ്റ് എടുത്തിട്ടും യാതൊരു മാറ്റവും കാണുന്നില്ല എങ്കില്‍ ഉടന്‍ 999 വിളിക്കുക.

ഡ്യൂട്ടിക്കിടയില്‍ ആണ്, പെട്ടന്ന് പനിയും ശരീരവേദനയുമായി ഞാന്‍ വയ്യാതാകുന്നത്. കോവിഡിന്റെ അസ്വസ്ഥതകളുമായി സിക്ക്‌ ലീവില്‍ ആയിരിക്കുമ്പോള്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി എനിക്ക് ചെറിയൊരു ശ്വാസതടസ്സവും നെഞ്ചിനു വല്ലാത്തഭാരവും അനുഭവപ്പെട്ടു. സ്വയം ബ്ലഡ് പ്രഷറും പള്‍സും ഒക്കെ നോക്കി കുഴപ്പമില്ലല്ലോ എന്ന് സ്വയം ആശ്വസിച്ചു. ഭര്‍ത്താവിനോടും എന്റെ കൂടെ ജോലി ചെയ്യുന്ന അടുത്ത സുഹൃത്തിനോടും മാത്രം വിവരങ്ങള്‍ പങ്കുവച്ചു.

രാവിലെ എണീറ്റപ്പോള്‍ വല്ലാത്ത ഒരു അസ്വസ്ഥത. ജി പി യില്‍ വിളിച്ചു ഒരു കോള്‍ ബാക്ക് റിക്വസ്റ്റ് ഇട്ടു. എന്തൊക്കെയോ ശരിയല്ല എന്ന തോന്നല്‍. എന്നും മുറ തെറ്റാതെ അസുഖത്തെക്കുറിച്ച് അന്വേഷിക്കുകയും, കൂടെയുണ്ടെന്ന് ആത്മാര്‍ത്ഥമായി പറയുകയും ചെയ്യുന്ന അടുത്ത സുഹൃത്തുക്കളോട് പോലും എന്തെങ്കിലും പറയാന്‍ കഴിയുന്നതിനു മുന്നേ എനിക്ക് നെഞ്ചു വേദന ആരംഭിച്ചു. രക്തസമ്മര്‍ദവും ഹൃദയമിടിപ്പും ക്രമാതീതമായി വര്‍ധിച്ചു. ഞാന്‍ പെട്ടന്ന് തന്നെ 999 വിളിച്ചു വിവരങ്ങള്‍ കൊടുത്തു.

ഞാന്‍ പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് പോയാല്‍ എന്തു ചെയ്യണമെന്ന് ഒരു പേപ്പറില്‍ എഴുതി വച്ചു. ഏട്ടനേയും സുട്ടു കുട്ടനെയും പരിഭ്രാന്തിയിലാക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. ഇതൊന്നും അത്ര എളുപ്പമുള്ള കാര്യങ്ങളായിരുന്നില്ല. മൂന്നു മിനിറ്റിനുള്ളില്‍ ആംബുലന്‍സ് വന്നു. ഇസിജി എടുത്തപ്പോള്‍ ഹൃദയമിടിപ്പ്‌ വീണ്ടും കൂടി 145/mt ആയിരുന്നു. പെട്ടന്നുതന്നെ അവര്‍ എന്നെ ആശുപത്രിയിലേക്ക് മാറ്റി. ഞാന്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലായതുകൊണ്ട് എമര്‍ജന്‍സി ഡിപ്പാര്‍ട്മെന്റിലെ പല നഴ്സുമാരെയും പരിചയമുണ്ടായിരുന്നു. ഒരു മണിക്കൂര്‍ കൊണ്ട് ചെസ്ററ് എക്സ്റേ മുതല്‍ സിടി സ്കാന്‍ വരെയുള്ള മിക്കവാറും എല്ലാ ടെസ്റ്റുകളും ചെയ്തു. ആ സമയത്ത്‌ ആംബുലന്‍സ് വിളിക്കാന്‍ തോന്നിപ്പിച്ചതിനു ദൈവങ്ങള്‍ക്ക് നന്ദി.

കൊറോണയുടെ വിലക്ക് മൂലം ഹോസ്പിറ്റലിനകത്തേക്ക് വരാന്‍ കഴിയാതെ ഏട്ടനും മോനും കാറിനുള്ളില്‍ പ്രാര്‍ഥിച്ചു കൊണ്ടേയിരുന്നു. ഒരുവലിയ പേമാരി പെയ്തൊഴിഞ്ഞിരിക്കുന്നു. ഞാന്‍ ഇപ്പോള്‍ വീട്ടില്‍ സുഖം പ്രാപിച്ചു വരുന്നു.

നിങ്ങളുടെ രോഗം കൂടുതലായാല്‍ ദയവു ചെയ്തു ഉടന്‍ 999 വിളിക്കുക. അതില്‍ ഒരു തരത്തിലും ഉപേക്ഷ വിചാരിക്കരുത്. കോറോണ ബാധിച്ച 30 നും 50 നും ഇടയ്ക്ക് പ്രായമുള്ളവ
ര്‍ PE ( Pulmonary embolism ) സ്‌ട്രോക്കും ബാധിച്ചു മരിക്കുന്നതിനെക്കുറിച്ചു ഓസ്ട്രേലിയന്‍ ഡോക്ടര്‍ ‍ഡോ. തോമസ് ഒക്സ്‌ലെ എഴുതിയ ഒരു ആര്‍ട്ടിക്കിള്‍ കഴിഞ്ഞ ദിവസം വായിച്ചിരുന്നു. ഒരുപക്ഷേ ഇനിയും എത്രയോ പുതിയ രോഗലക്ഷണങ്ങള്‍ കൊറോണയുമായി ബന്ധപ്പെട്ട് കണ്ടുപിടിക്കാനിരിക്കുന്നു

രോഗം സുഖമായി ഇനിയും കൊറോണ വാ
ര്‍ഡുകളിലേക്കാണ് ഞാനും എന്നെപ്പോലെയുള്ള അനേകം നഴ്സുമാരും ഇനിയും ജോലിക്കായി പോകേണ്ടത്. ജാഗ്രത മാത്രമല്ല ഈ രോഗത്തെ പേടിക്കുക തന്നെ വേണം. പേടിയുണ്ടെങ്കിലേ നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കൂ.

പ്രാര്‍ത്ഥിച്ചവര്‍ക്കും അന്വേഷിച്ചവര്‍ക്കും ചേര്‍ത്തുപിടിച്ചു കൂടെനിന്നവര്‍ക്കും നന്ദി, സ്നേഹം


രശ്മി പ്രകാശ്

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions