ബ്രിട്ടീഷ് രാജകുടുംബത്തിലെ ഹാരിയുടെയും ഭാര്യ മേഗന്‍ മര്‍ക്കലിന്റെയും ജീവിത കഥ പുസ്തകമാവുന്നു. ഫൈന്‍ഡിംഗ് ഫ്രീഡം: ഹാരി, മേഗന്‍ ആന്റ് മേക്കിംഗ് ഓഫ് എ മോഡേണ്‍ റോയല്‍ ഫാമിലി എന്ന പേരിലിറങ്ങുന്ന പുസ്തകം 2020 ല്‍ തന്നെ പ്രസിദ്ധീകരിക്കുമെന്നാണ് പ്രസാധകര്‍ അറിയിച്ചിരിക്കുന്നത്.
ബ്രിട്ടീഷ് മാധ്യമങ്ങളില്‍ പലതരത്തില്‍ വ്യാഖാനിക്കപ്പെട്ട മേഗന്റെയും ഹാരിയുടെയും യഥാര്‍ത്ഥ ജീവിത കഥ പുസ്തകം വ്യക്തമാക്കുമെന്നാണ് പ്രസാധകര്‍ പറയുന്നത്.
റോയല്‍ റിപ്പോര്‍ട്ടേര്‍സായ ഒമിഡ് സ്‌കോബി, കരോലിന്‍ ദുരന്റ് എന്നിവരാണ് ജീവചരിത്രം എഴുതുന്നത്. രണ്ടു വര്‍ഷമായി ഇവര്‍ ഇതിന്റെ പണിപ്പുരയിലായിരുന്നു. 2020 ആഗസ്റ്റ് 11 നാണ് പുസ്തകം പുറത്തിറങ്ങുന്നത്. ഹാര്‍പര്‍ കോളിന്‍സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.
എല്ലാ രാജകുടുംബ ശീലങ്ങളെയും കാറ്റില്‍ പറത്തിയുള്ള മേഗന്റെയും ഹാരിയുടെയും വിവാഹം വലിയ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. തുടര്‍ന്നിങ്ങോട്ട് നിരവധി തവണ വിവാദങ്ങളില്‍ അകപ്പെട്ട ഇരുവരും അടുത്തിടെ രാജകീയ പദവികളില്‍ നിന്നും ഒഴിയുകയും യു.എസിലേക്ക് താമസം മാറുകയും ചെയ്തു.
ബ്രിട്ടീഷ് രാജകുടുംബത്തിലെത്തിയ മേഗനു നേരെ നിരന്തരം ടാബ്ലോയിഡ് പത്രങ്ങളുടെ ആക്രമണങ്ങള്‍ വന്നിരുന്നു. വിവാഹ മോചിത, ആഫ്രിക്കന്‍ പാരമ്പര്യം,ബ്രിട്ടീഷ് കുടുംബത്തില്‍ നിന്നും പുറത്തുള്ള ആള്‍,ഹാരിയെക്കാളും മൂന്നു വയസ്സു കൂടുതല്‍, അഭിനേത്രി മേഗനും പിതാവും തമ്മിലുള്ള അകല്‍ച്ച തുടങ്ങിയ കാരണങ്ങള്‍ മേഗനെതിരെ ഈ മാധ്യമങ്ങള്‍ ആയുധമാക്കി. ഒരു ഘട്ടത്തില്‍ ഹാരി മാധ്യമങ്ങളുടെ ആക്രമണത്തിനെതിരെ രംഗത്തു വരുകയും ചെയ്തിരുന്നു. എന്തായാലും വലിയൊരു വിവാദത്തിനു തിരി കൊളുത്തുന്നതാവും പുസ്തകമെന്നു ഉറപ്പിക്കാം.