ഖജനാവ് കാലിയാകുന്നു; ലോക്ഡൗണ്‍ ശമ്പളം വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍
യുകെയില്‍ കോവിഡ് പ്രതിസന്ധിമൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ശമ്പളം നൽകി ബ്രിട്ടന്റെ ഖജനാവ് കാലിയായി! ഇതുവരെ എട്ട് ബില്യണ്‍ പൗണ്ട് സര്‍ക്കാര്‍ ഖജനാവില്‍ നിന്നെടുത്ത് നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ലോക്ക്ഡൗണ്‍ ശമ്പളം കൈപ്പറ്റാന്‍ അമ്പത് ശതമാനം പേര്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഒരു പുനരാലോചനയ്ക്കു തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഈ രീതി ഇങ്ങനെ തുടരാനാവില്ലെന്ന് തുറന്നടിച്ച് ചാന്‍സലര്‍ റിഷി സുനക് പറയുന്നു. ഫര്‍ലോ സാലറി ഇനി 60 ശതമാനമായി പരിമിതപ്പെടുത്തുന്ന കാര്യം ഗവണ്‍മെന്റ് കാര്യമായി പരിഗണിച്ച് വരുകയാണെന്നും ചാന്‍സലര്‍ വെളിപ്പെടുത്തുന്നു. ഈ പരിപാടി തുടര്‍ന്ന് കൊണ്ട് അധികകാലം പിടിച്ച് നില്‍ക്കാനാവാത്തതിനാലാണ് ഇതില്‍ കാര്യമായ വെട്ടിക്കുറയ്ക്കല്‍ വരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്നതെന്നും സുനക് വിശദീകരിക്കുന്നു.കോവിഡ് കാരണം തൊഴില്‍ നഷ്ടമായവരുടെ ശമ്പളത്തിന്റെ 80 ശതമാനം വരെയായിരുന്നു സര്‍ക്കാര്‍ ഖജനാവില്‍ നിന്നെടുത്ത് നല്‍കിയിരുന്നത്.
നിലവില്‍ 80 ശതമാനം തുക നല്‍കുന്നുണ്ടെങ്കിലും മാക്‌സിമം 2500 പൗണ്ട് വരെ മാത്രമേ നല്‍കുന്നുള്ളൂ. എന്നിട്ടും സര്‍ക്കാരിന് പിടിച്ച് നില്‍ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഇത് 60 ശതമാനമാക്കി വെട്ടിക്കുറയ്ക്കുകയെന്ന കടുത്ത തീരുമാനമെടുക്കാന്‍ ചാന്‍സലര്‍ നിര്‍ബന്ധിതനായിരിക്കുന്നത്. രാജ്യത്തെ പ്രായപൂര്‍ത്തിയായവരില്‍ 50 ശതമാനത്തിലധികം പേരാണ് ഈ ആനുകൂല്യം കൈപ്പറ്റുന്നത്. മാര്‍ച്ച് പകുതി വരെയുള്ള സമയത്തിനിടെ ഇത്തരം ആനുകൂല്യത്തിനായി 1.8 മില്യണ്‍ അപേക്ഷളാണ് സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
കൊറോണ മൂലം തൊഴില്‍ നഷ്ടപ്പെട്ട 5.4 മില്യണ്‍ പബ്ലിക്ക് എംപ്ലോയീസിനെയും 12 ദശലക്ഷം പെന്‍ഷനര്‍മാരെയും കണക്കിലെടുത്താല്‍ മൊത്തം 52 ദശലക്ഷം പേര്‍ക്കാണ് ഗവണ്‍മെന്റിന്റെ ഇത്തരത്തിലുള്ള ആനുകൂല്യം കിട്ടുന്നത്. കോവിഡ് മൂലം നടുവൊടിഞ്ഞ യുകെ സമ്പദ് വ്യവസ്ഥയെ ഈ ഭാരം കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് നയിച്ച് കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ഖജനാവില്‍ നിന്നും മാസം തോറും 11 ബില്യണ്‍ പൗണ്ട് നീക്കി വയ്‌ക്കേണ്ടിവരുകയാണ്.