വി.കെ.കൃഷ്ണമേനോന്‍ അനുസ്മരണം മാറ്റിവച്ചു, മേനോന്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് ഡോ. സിറിയക്ക് മാപ്രയില്‍
ലണ്ടന്‍: മുന്‍പ്രതിരോധ മന്ത്രിയും ബ്രിട്ടനിലെ പ്രഥമ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായിരുന്ന വി.കെ. കൃഷ്ണമേനോന്റെ ജന്‍മവാര്‍ഷിക ആഘോഷം മാറ്റി വച്ചു. എല്ലാവര്‍ഷവും മേനോന്റെ ജന്‍മവാര്‍ഷികദിനമായ മേയ് മൂന്നിന് ലണ്ടനിലെ നെഹ്‌റുസെന്ററില്‍ നടത്തിവരുന്ന കൃഷ്ണമേനോന്‍ അനുസ്മരണമാണ് ലോക്ഡൗണ്‍ മൂലം മാറ്റിവച്ചതെന്ന് വി.കെ കൃഷ്ണമേനോന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. സിറിയക്ക് മാപ്രയില്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ത്യന്‍ സ്വാതന്ത്രസമരത്തിന്റെ മുന്നണിപോരാളിയായിരുന്ന മേനോനെ അനുസ്മരിക്കുന്ന ചടങ്ങുകള്‍ കേരളത്തില്‍ അപൂര്‍വമായാണ് നടക്കുന്നത്. എന്നാല്‍ ലണ്ടനില്‍ നെഹ്‌റുസെന്ററില്‍ വച്ച് എല്ലാ വര്‍ഷവും വിപുലമായിട്ടു തന്നെ കൃഷ്ണമോനോന്‍ അനുസ്മരണം നടത്താറുണ്ട്. രാഷ്ട്രീയ സാമൂഹിക, സാസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാറുമുണ്ട്. മേനോന്റെ 124 ാം ജന്‍മദിനമായിരുന്നു ഇക്കഴിഞ്ഞ മേയ് മൂന്ന്. 125 ാം ജന്‍മദിനം അടുത്ത വര്‍ഷം നടക്കുന്നതിനാല്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണിയിരുന്നു വി.കെ.കൃഷ്ണമേനോന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആലോചിച്ചിരുന്നത്. കൊറോണമൂലം ഉണ്ടായ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ജൂബിലി ആഘോഷം സംബന്ധിച്ച് ഇനി പിന്നീടേ തീരുമാനം എടുക്കൂവെന്ന് ഡോ. സിറിയക്ക് മാപ്രയില്‍ പറഞ്ഞു.
വിദ്യാര്‍ത്ഥിയായി ലണ്ടനിലെത്തിയ കൃഷ്ണമേനോനാണ് ഇന്ത്യാലീഗ് രൂപീകരിച്ച് ബ്രിട്ടണില്‍ നിന്നുകൊണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ബ്രിട്ടീഷ് ഭരണകൂടവുമായി ഏറ്റുമുട്ടിയത്. ലേബര്‍ പാര്‍ട്ടി അംഗമായിരുന്ന മേനോന്‍ ലണ്ടനില്‍ കൗണ്‍സിലറായും ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു. കൃഷ്ണമേനോന്റെ പേരില്‍ ഏതാനും വര്‍ഷം മുമ്പ് ബ്രട്ടീഷ് ഗവണ്‍മെന്റ് ബ്‌ളൂപ്ലാക്ക് സ്ഥാപിച്ചിരുന്നു.
ഏക്കാലവും ഓര്‍മികപ്പെടുന്ന സംഭാവനകളാണ് മേനോന്‍ ഇന്ത്യക്കും ലോകത്തിനും നല്‍കിയിട്ടുള്ളതെന്ന് ഡോ. സിറിയക്ക് മാപ്രയില്‍ ചൂണ്ടിക്കാട്ടി. ചേരിചേരാ പ്രസ്ഥാനത്തിന് വേണ്ടി നിലകൊണ്ട മേനോന്‍ അമേരിക്കയും റഷ്യയും ലോകരാജ്യങ്ങളെ രണ്ടു ചേരികളിലായി അണിനിരത്തിയപ്പോള്‍ ചേരിചേരാപ്രസ്ഥാനത്തിലൂടെ ഇന്ത്യയെ ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ നെഹ്‌റുവിന്റെ വലംകൈയായി പ്രവര്‍ത്തിച്ചു. മറ്റ് രണ്ട് ചേരികളിലുള്ളതിനേക്കാള്‍ രാജ്യങ്ങള്‍ ചേരിചേരാപ്രസ്ഥാനത്തിന് പിന്നില്‍ അണിനിരന്നിരുന്നു. ഇന്ത്യയായിരുന്നു അതിന് മുന്‍കൈയെടുത്തത്. ഇന്ത്യയെ ലോകത്തിന് മൂന്നിലെത്തിച്ച ഈ ആശയത്തിന് പിന്നില്‍ നെഹ്‌റുവിന് ഒപ്പം കൃഷ്ണമേനോന്റെ ബുദ്ധിയുമുണ്ടായിരുന്നു. ഇന്ത്യയുടെ വിദേശ നയത്തിന്റെ രൂപീകരണത്തിലും മേനോന്റെ സംഭാവന ചെറുതൊന്നുമല്ല.