Don't Miss

പൊന്നു കൊണ്ട് മൂടിയിട്ടും...


കൊല്ലം: ഇട്ടു മൂടാന്‍ സ്വര്‍ണവും ആഡംബരക്കാറും സ്ത്രീധനമായി നല്‍കിയിട്ടും കൊല്ലം അഞ്ചലിലെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കിട്ടിയത് മകളുടെ ചേതനയറ്റ ശരീരം. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് ഭര്‍ത്താവ് സൂരജ് പോലീസിനോട് സമ്മതിച്ചതോടെ സമാനതകളില്ലാത്ത കൊലപാതക ഗൂഡാലോചനയുടെ ചുരുളാണ്‌ നിവര്‍ന്നത്. ഭാര്യയെ ഇല്ലായ്മ ചെയ്യാന്‍ പാമ്പുപിടുത്തക്കാരനില്‍ നിന്ന് ആദ്യം അണലിയെയും പിന്നീട് മൂര്‍ഖനെയും ഭര്‍ത്താവ് സൂരജ് വാങ്ങുകയായിരുന്നുവെന്നു പോലീസ് കണ്ടെത്തി. നൂറു പവന്‍ സ്വര്‍ണവും ആഡംബരക്കാറും സ്ത്രീധനമായി നല്‍കിയിട്ടും സൂരജിന്റെ ആര്‍ത്തിയടങ്ങിയില്ല. സ്വര്‍ണവും പണവും കാറും റബ്ബര്‍ തോട്ടവും പിതാവിന് ഓട്ടോയുമൊക്കെ ഉത്രയുടെ ബന്ധുക്കള്‍ നല്‍കിയിരുന്നു. ഉത്രയെ സൂരജ് വിവാഹം ചെയ്തത് തന്നെ സ്വത്ത് മോഹിച്ചായിരുന്നു. അവ കൈക്കലാക്കിശേഷം ഉത്രയെ ഒഴിവാക്കുകയായിരുന്നു ലക്‌ഷ്യം

ഉത്രയെ കൊല്ലാന്‍ മാസങ്ങള്‍ നീണ്ട ഗൂഡാലോചന നടന്നെന്നു പോലീസ് പറയുന്നു. കൃത്യമായ ആസൂത്രണമെന്ന് വെളിവാകുന്ന തെളിവുകള്‍ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. ആദ്യ തവണ ഉത്രയെ അണലി കടിച്ചത് സൂരജിന്റെ വീട്ടില്‍ വെച്ചായിരുന്നു. ഫെബ്രുവരി 26 നാണ് സുരേഷില്‍ നിന്നും അണലിയെ സൂരജ് വാങ്ങിയത്. വീട്ടിലെ പ്‌ളാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ചിരുന്നു. ഇതിനെ ഉപയോഗിച്ച് മാര്‍ച്ച് രണ്ടിനായിരുന്നു ആദ്യ വധശ്രമം. കുട്ടിയെ നോക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് ആദ്യ തവണ പാമ്പു കടിയേറ്റതെന്നാണ് സൂരജിന്റെ വീട്ടുകാര്‍ നല്‍കിയിരിക്കുന്ന മൊഴി. അണലിയായിരുന്നു കടിച്ചത്. ഉത്രയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയിരുന്നു. ഒരു മണിക്കൂറോളം വൈകിയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും വേദന ഉണ്ടാകാതിരുന്നതിനാല്‍ പാമ്പു കടിച്ച വിവരം ഉത്ര അറിഞ്ഞത് വൈകിയാണെന്നമാണ് വീട്ടുകാര്‍ പറഞ്ഞത്. അണലി കടിച്ചാല്‍ വേദനിക്കും എന്നിരിക്കെ ഈ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല.

വൈകിയാണ് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതെങ്കിലും ഉത്ര അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് അഞ്ചലിലെ സ്വന്തം വീട്ടിലായിരുന്ന ഉത്രയുടെ വീട്ടിലേക്ക് ഏപ്രില്‍ 24 ന് വാങ്ങിയ കരിമൂര്‍ഖനുമായി സൂരജ് എത്തുകയായിരുന്നു. മെയ് 6 ന് അര്‍ദ്ധരാത്രി 12 മണിയോടെ ഇരുവരും ഉറങ്ങാന്‍ കിടന്നു. ഇതിനിടയില്‍ ഗുളിക കഴിക്കാന്‍ എഴുന്നേറ്റ ഉത്ര അതു കഴിഞ്ഞ് വീണ്ടും കിടന്നപ്പോള്‍ പുലര്‍ച്ചെ രണ്ടുമണിയോടെ കരിമൂര്‍ഖനെ സൂരജ് പുറത്തെടുത്തു. പാമ്പിനെ കൈകാര്യം ചെയ്യാന്‍ പഠിച്ചിരുന്ന സൂരജ് അതിനെ ഉത്രയുടെ കാലിനു സമീപത്തേക്കു വലിച്ചെറിഞ്ഞു കടിച്ചെന്ന് ഉറപ്പു വരുത്തി. മുറിയില്‍ വസ്ത്രങ്ങള്‍ വെച്ച അലമാരയുടെ അടുത്തേക്കാണ് പാമ്പ് പിന്നീട് പോയത്.

പാമ്പിനെ പേടിച്ചു ഉറങ്ങാതെ കാത്തിരുന്ന സൂരജ് രാവിലെ പുറത്തിറങ്ങി ഉത്രയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പിറ്റേന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ പാമ്പിനെ മുറിയില്‍ കണ്ടെത്തി തല്ലിക്കൊല്ലുകയും ചെയ്തു. കൊലപാതകത്തിന് വേണ്ടിയാണ് പാമ്പിനെ ഉപയോഗിച്ചതെന്ന് സുരേഷിനും അറിവുണ്ടായിരുന്നു. ശാസ്ത്രീയ തെളിവുകള്‍ നിര്‍ണ്ണായകമായ കേസില്‍ കടിച്ച പാമ്പിനെ പുറത്തെടുക്കേണ്ടതുണ്ട്.

പാമ്പാട്ടിയായ സുരേഷില്‍ സൂരജ് രണ്ടു പാമ്പുകളെ വാങ്ങിയെന്നും ഇവയെ കൊണ്ടുവന്നതെന്ന് സംശയിക്കുന്ന പ്‌ളാസ്റ്റിക് പാത്രവും പോലീസ് കണ്ടെത്തി. കൊല്ലം അഞ്ചലില്‍ ഉത്രയുടെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ നടന്ന തെളിവെടുപ്പിലാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ പരിസരത്ത് നിന്ന് കുപ്പി സൂരജ് പൊലീസിന് നല്‍കിയത്. സംഭവത്തില്‍ ശാസ്ത്രീയമായ തെളിവുകള്‍ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.

നേരത്തേ കുറ്റമേറ്റു പറഞ്ഞ സൂരജ് ഭാര്യ മരിച്ചെന്ന് ഉറപ്പാക്കുകയും തന്നെ പാമ്പു കടിക്കാതിരിക്കാന്‍ രാവിലെ വരെ മുറിയില്‍ ഉറങ്ങാതിരിക്കുകയും ചെയ്തതായി മൊഴി നലകിയിട്ടുണ്ട്. രണ്ടുതവണയായിട്ടാണ് കല്ലുവാതുക്കല്‍ സ്വദേശിയായ പാമ്പാട്ടി സുരേഷില്‍ നിന്നും സൂരജ് പാമ്പുകളെ വാങ്ങിയത്. പാമ്പുകളെ വാങ്ങുന്നതുമായി ബന്ധപ്പെട്ട് സുരേഷും സൂരജും തമ്മില്‍ നടത്തിയ ഫോണ്‍സന്ദേശം പോലീസിന് കിട്ടിയിട്ടുണ്ട്. 10,000 രൂപയ്ക്കാണ് രണ്ടു പാമ്പുകളെ വാങ്ങിയത്.

അതിനിടെ, ഉത്രയുടെ മകനെ വിട്ടു കിട്ടണമെന്ന് അച്ഛന്‍ വിജയസേനന്‍ ആവശ്യപ്പെട്ടു. സൂരജിന്റെ വീട്ടുകാര്‍ക്കും ക്രിമിനല്‍ സ്വഭാവമാണെന്നും അവര്‍ക്കൊപ്പം മകനെ വളര്‍ത്തുന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെറുമകനെ വിട്ടു കിട്ടണമെന്ന ആവശ്യം കാണിച്ച് കോടതിയെ സമീപിക്കുമെന്നും കഴിഞ്ഞ ആറുമാസമായി മകളെ കൊല്ലാന്‍ സൂരജ് ശ്രമിച്ചിരുന്നുവെന്നുള്ള വിവരമാണ് ലഭിക്കുന്നതെന്നും വിജയസേനന്‍ പറഞ്ഞു

ഒന്നര വയസുള്ള മകനാണ് ഉത്രയ്ക്കും സൂരജിനും ഉള്ളത്. ഉത്രയെ കൊന്ന ശേഷം മകനെ സൂരജ് ഇവിടെ നിന്നും കൂട്ടിക്കൊണ്ടു പോയിരുന്നു.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions