മുംബൈ: അറബിക്കടലില്‍ രൂപപ്പെട്ട അതീതീവ്ര ന്യൂനമര്‍ദം നിസര്‍ഗ ചുഴലിക്കാറ്റായി മഹാരാഷ്ട്രയില്‍ ആഞ്ഞുവീശുന്നു. മുംബൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള അലിബാഗിലാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. 1 00-110 കിലോമീറ്റര്‍ വേഗതയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീരം തൊട്ടത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വൈകീട്ട് ഏഴ് മണിവരെ നിര്‍ത്തിവെച്ചു.മുംബൈയില്‍ നിന്നുള്ളതും മുംബൈയിലേക്ക് വരുന്നതുമായ ട്രെയിനുകള്‍ നേരത്തെ സമയം പുനഃക്രമീകരിച്ചിരുന്നു.
മഹാരാഷ്ട്രയ്ക്ക് പുറമേ ഗുജറാത്ത് അടക്കമുള്ള തീരദേശ സംസ്ഥാനങ്ങളിലും കാറ്റിന്റെ അനന്തരഫലമുണ്ടാകും. അടിയന്തര സാഹചര്യം പരിഗണിച്ച് തീരസംരക്ഷണ സേന എട്ട് ദുരന്ത നിവാരണ സംഘങ്ങളെ മഹാരാഷ്ട്രയിലേക്ക് അയച്ചു. കാറ്റ് ഏറ്റവും ദോഷം ചെയ്യുക മുംബൈയിലായിരിക്കും. കാറ്റ് കടന്നുപോകുന്ന മേഖലകളിലെ 40,000 ഓളം പേരെ ഇതിനകം മാറ്റിപ്പാര്‍പ്പിച്ചുകഴിഞ്ഞു. മൃഗശാലകളില്‍ മരങ്ങള്‍ വീണ് ദുരന്തമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മൃഗങ്ങളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ബിര്‍ഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ വ്യക്തമാക്കി. എന്‍.ഡി.ആര്‍.എഫ് സംഘവും മുംബൈയില്‍ എത്തിയിട്ടുണ്ട്. സൂറത്തിലെ സുവാലി ബീച്ച്, വെര്‍സോവ ബീച്ച്, ഗുജറാത്ത് വല്‍സാദിലെ ഉമര്‍ഗം എന്നിവിടങ്ങളില്‍ സേന എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. നിസര്‍ഗ കടന്നുപോകുന്ന മേഖലകളിലെ വൈദ്യുതി ബന്ധം വിചേഛദിച്ചു. രാത്രി 11.30ന് ശേഷം ഇവ പുനഃസ്ഥാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.കാറ്റ് ശക്തിപ്രാപിച്ചതോടെ മഹാരാഷ്ട്രയിലെ റായ്ഗഡില്‍ നിരവധി മരങ്ങള്‍ ഇതിനകം തന്നെ നിലംപതിച്ചു.