ഗര്‍ഭിണിയായ ആനയെ കൈതച്ചക്കയില്‍ സ്‌ഫോടക വസ്തുവച്ചു നിര്‍ദയം കൊലപ്പെടുത്തിയ ക്രൂരതയുടെ പേരില്‍ ലോകത്തിനു മുന്നില്‍ തലകുനിക്കേണ്ടിവന്നിരിക്കുകയാണ് കേരളത്തിന്.
സ്‌ഫോടകവസ്തു നിറച്ച കൈതച്ചക്ക തിന്നവേ, അതു പൊട്ടിത്തെറിച്ച് ആനയുടെ മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നു. മുറിവ് പഴുത്ത് പുഴുക്കള്‍ നിറഞ്ഞു. അസഹ്യമായ വേദനയ്ക്ക് ആശ്വാസംതേടി പാലക്കാട് തിരുവിഴാംകുന്ന് വനമേഖലയിലെ വെള്ളിയാറില്‍ വെള്ളത്തിലിറങ്ങി ആന അതേ നില്‍പ്പില്‍ തന്നെ മരണപ്പെടുകയായിരുന്നു. ആനയെ കരയ്ക്കുകയറ്റാന്‍ രണ്ടു കുങ്കിയാനകളെ ഉപയോഗിച്ച് വനംവകുപ്പ് ശ്രമിച്ചെങ്കിലും മേയ് 27-ന് അതു ചരിഞ്ഞു.ഉദരത്തില്‍ ഒരു കുഞ്ഞിനെയും വഹിച്ച് മനുഷ്യരുടെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട ആ മിണ്ടാപ്രാണിയോട് മാപ്പപേക്ഷിച്ചു കൊണ്ട് നിലമ്പൂര്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറായ മോഹന്‍ കൃഷ്ണന്‍ എഴുതിയ വികാരനിര്‍ഭരമായ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഈ സംഭവം ലോകമറിഞ്ഞത്.
#elephant എന്ന ടാഗില്‍, ഈ ദുരന്തം സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞു. സമ്പൂര്‍ണസാക്ഷരരായിട്ട് കാര്യമില്ല, മനുഷ്യത്വമുണ്ടാകണമെന്നു ചിലര്‍ ആക്ഷേപിച്ചു. മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് കേരളത്തില്‍ ഒരു കുറവുമില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധി ആരോപിച്ചു. രത്തന്‍ ടാറ്റ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ, മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോനി തുടങ്ങി ഒട്ടേറെ പ്രശസ്തരുടെ ട്വീറ്റുകള്‍ ക്രൂരത ലോകശ്രദ്ധയില്‍ കൊണ്ടുവന്നു.
ഗര്‍ഭിണിയായ കാട്ടാന മനുഷ്യന്റെ 'ചതിയില്‍' ചരിഞ്ഞ അതിദാരുണ സംഭവം ഞെട്ടിച്ചുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞത് . ചരിഞ്ഞ ആന ഗര്‍ഭിണിയായിരുന്നുവെന്ന് കാണിക്കുന്ന ചിത്രത്തോടൊണ് ട്വിറ്ററിലൂടെ കോലി സംഭവത്തോട് പ്രതികരിച്ചത്.
'കേരളത്തില്‍ സംഭവിച്ച കാര്യം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. മൃഗങ്ങളെയും നമ്മുക്ക് ഇഷ്ടത്തോടെ പരിഗണിക്കാം. ഇത്തരം ക്രൂരതകള്‍ അവസാനിപ്പിക്കേണ്ട സമയമായി..' കോലിട്വിറ്ററില്‍ കുറിച്ചു.
സംഭവത്തില്‍ അപലപിച്ച് ഐഎസ്എല്‍ കേരള ഫുട്‌ബോള്‍ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സും രംഗത്തെത്തി. സംഭവം വേദനയുളവാക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പ്രതികരിച്ചു. സംഭവത്തില്‍ അനുശോചിച്ച് ബ്ലാസ്‌റ്റേഴ്‌സിന്റെ ലോഗോയില്‍ നിന്ന് ആനയുടെ ചിത്രം ഭാഗികമായി നീക്കം ചെയ്തു.
ദാരുണസംഭവം കേരളീയരെയാകെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. അടച്ചിടല്‍കാലത്ത്, തെരുവുനായ്ക്കള്‍ക്കുപോലും ഭക്ഷണത്തിനു വകയൊരുക്കിയ നാട്ടിലാണ്, മനുഷ്യനെ വിശ്വസിച്ച് കഴിച്ച കൈതച്ചക്ക മിണ്ടാപ്രാണിയുടെ ജീവനെടുത്തത്. ഒപ്പം ജന്മമേകേണ്ടിയിരുന്ന കുഞ്ഞിന്റെയും.
സംഭവത്തില്‍ പ്രാഥമികാന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട്ടുനിന്നുള്ള വൈല്‍ഡ് ലൈഫ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിനാണ് അന്വേഷഷണച്ചുമതല. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ റിപ്പോര്‍ട്ട് തേടി. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടിയെന്നും മന്ത്രി പറഞ്ഞു.