കോവിഡ് മൂലം പതിനെട്ടോളം മലയാളികളാണ് യുകെയില്‍ ഇതുവരെ മരണപ്പെട്ടത്. ആരോഗ്യ പ്രവര്‍ത്തകരടക്കം മരണത്തിന്റെ വക്കോളം എത്തി തിരിച്ചു വന്നവരും ഇപ്പോഴും ചികിത്സയില്‍ കഴിയുന്നവരും നിരവധിയുണ്ട്. അതിനിടെ ഒരു മലയാളി നഴ്‌സിന്റെ അനുഭവം വേറിട്ടതാവുകയാണ്. കോവിഡ് രോഗമുക്തി നേടി ഡ്യൂട്ടിയില്‍ പ്രവേശിച്ച ശേഷം വീണ്ടും പോസിറ്റിവ് ആയതാണ് അത്. ഇത് പ്രത്യേക കേസായി പരിശോധിച്ചുവരുകയാണ് ആരോഗ്യ വകുപ്പ്.
കോവിഡിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് തിരിച്ചെത്തിയവര്‍ക്കു ഇനി രോഗം ബാധിക്കില്ല എന്ന് ആശ്വസിക്കുന്നവര്‍ക്കു ഞെട്ടലുണ്ടാക്കുന്നതാണ് ലെസ്റ്ററിലെ ഒരു മലയാളി നഴ്‌സിന്റെ ജീവിതാനുഭവം. ലെസ്റ്ററിലെ ഗ്ലെന്‍ഫീല്‍ഡ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ആന്‍സി സിബിയെന്ന മലയാളി നഴ്‌സിനാണ് ഇങ്ങനെ ഒരനുഭവം നേരിട്ടത്.
ആദ്യം കോവിഡ് ടെസ്റ്റ് പോസിറ്റീവായതോടെ ഒരു മാസത്തോളം ചികിത്സയിലായിരുന്നു ആന്‍സി. അസുഖം മാറി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ആന്റി ബോഡ് ടെസ്റ്റ് ഫലം പോസിറ്റീവായിരിക്കേ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നടത്തിയ കോവിഡ് ടെസ്റ്റില്‍ ഫലം പോസിറ്റീവായി വീണ്ടും ക്വാറന്റൈനില്‍ പോക്കുകയായിരുന്നു .
മാര്‍ച്ച് 20ന് ആദ്യം കോവിഡ് ലക്ഷണം തുടങ്ങി. ന്യുമോണിയ ആകുകയും ചെയ്തു. ഏപ്രില്‍ 12ന് വീണ്ടും ടെസ്റ്റ് ചെയ്തപ്പോള്‍ കോവിഡ് പോസിറ്റീവ്. നടുവേദന, തൊണ്ടവേദന,പനി എന്നീ ലക്ഷണത്തോടെ ഒരു മാസം ചികിത്സ നടത്തി. കോവിഡ് മുക്തി നേടി ഏപ്രില്‍ അവസാനത്തോടെ ജോലിയില്‍ പ്രവേശിച്ചു. ഒരാഴ്ചയ്ക്ക് ശേഷം ആന്റിബോഡി ടെസ്റ്റ് നടത്തി പോസിറ്റീവായി ചെയ്തിരുന്നു.
എന്നാല്‍ രണ്ടുദിവസം മുമ്പ് കോവിഡ് ടെസ്റ്റ് ചെയ്തപ്പോള്‍ പോസിറ്റീവ്. ആന്‍സി ജോലി ചെയ്തിരുന്ന വാര്‍ഡിലെ എല്ലാവരും നടത്തിയ ടെസ്റ്റിന്റെ ഭാഗമായിട്ടാണ് ആന്‍സിയും ടെസ്റ്റ് നടത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഏഴു ദിവസത്തെ ക്വാറന്റീനില്‍ പോകേണ്ടിവന്നു. സംഭവം അറിഞ്ഞ് മക്കളെ സ്‌കൂളില്‍ നിന്ന് തിരിച്ചുവിളിക്കുകയും ഭര്‍ത്താവ് ഉള്‍പ്പെടെ 14 ദിവസത്തെ ക്വാറന്റീനില്‍ പ്രവേശിക്കുകയും ചെയ്തു.
ആരോഗ്യ വിദഗ്ധരും ഇക്കാര്യത്തില്‍ ഒരു പ്രത്യേക കേസായിട്ടാണ് പരിഗണിക്കുന്നത്. കൂടുതല്‍ പഠന വിധേയമാക്കാനും മെഡിക്കല്‍ സംഘം തീരുമാനിച്ചിരിക്കുകയാണ്. ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം താക്കീതാണ് ഈ സംഭവം. മുന്‍കരുതലുകളും പരിശോധനയും അനിവാര്യമാണെന്ന് ഈ മലയാളി നഴ്‌സിന്റെ അനുഭവം ഓര്‍മ്മിപ്പിക്കുന്നത്.