യുകെയിലെ ഗാന്ധി, മണ്ടേല പ്രതിമകള്‍ക്കും പ്രക്ഷോഭകരുടെ ഭീഷണി
വംശീയതയും അടിമത്തവും ആരോപിച്ചു കൊളോണിയല്‍ കാലത്തു സ്ഥാപിതമായ പ്രതിമകള്‍ പൊളിക്കുന്ന ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭകര്‍ വര്‍ണവിവേചനത്തിനും അടിമത്തത്തിനും എതിരെ പോരാടിയ മഹാത്മാ ഗാന്ധിയുടെയും നെല്‍സണ്‍ മണ്ഡേലയുടെയും പ്രതിമകള്‍ക്കും ഭീഷണി സൃഷ്ടിക്കുന്നു. ചര്‍ച്ചില്‍ അടക്കമുള്ളവരുടെ പ്രതിമയ്ക്ക് സംരക്ഷണം ഒരുക്കിയ പോലീസ് ഗാന്ധിയുടെയും മണ്ഡേലയുടെയും പ്രതിമകള്‍ക്കും സുരക്ഷാ കവചം തീര്‍ത്തിരിക്കുകയാണ്.
ലെസ്റ്ററിലെ ഗാന്ധി പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഇതുവരെയായി 5000 പേര്‍ ഒപ്പിട്ടുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. വര്‍ണവെറിക്കെതിരെയും സാമ്രാജ്യത്ത്വത്തിനെതിരെയും പോരാടിയ ആ മഹാത്മാവിനെ ഫാസിസ്റ്റും, വര്‍ണവെറിയനും പിന്തിരിപ്പനും ആണെന്നാണ് പെറ്റീഷനില്‍ ഒപ്പിട്ടവര്‍ വിമര്‍ശിച്ചിരിക്കുന്നത്. അത്തരത്തിലുള്ള ഒരാളുടെ പ്രതിമ ലെസ്റ്ററില്‍ നിലനിര്‍ത്തരുതെന്നും അവര്‍ മുന്നറിയിപ്പേകുന്നു. 2019ല്‍ മാഞ്ചസ്റ്ററില്‍ നിന്നുള്ള ഒരു പറ്റം സ്റ്റൂഡന്റ്‌സും ഒരു ഗാന്ധി പ്രതിമ എടുത്ത് മാറ്റാന്‍ ആവശ്യപ്പെട്ട് മുന്നോട്ട് വന്നത് വന്‍ വിവാദമായിത്തീര്‍ന്നിരുന്നു. ഗാന്ധിജി കറുത്ത വര്‍ഗക്കാര്‍ക്കെതിരായി കൈക്കൊണ്ടിരുന്ന ചില വര്‍ണവിവേചന നയങ്ങള്‍ എടുത്ത് കാട്ടി വ്യാജആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഈ നീക്കം. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭത്തിന്റെ മറവില്‍ ഇവരുടെ അജണ്ട നടപ്പാക്കാനാണ് നീക്കമെന്നും സംശയമുണ്ട്.
ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭത്തിന്റെ ലക്ഷ്യത്തെ തന്നെ നിരാകരിക്കുന്ന നടപടിയാണ് ഗാന്ധി പ്രതിമക്കെതിരായുള്ള നീക്കമെന്നാണ് ലേബര്‍ പാര്‍ട്ടി നേതാവ് കൂടിയായ ലെസ്റ്റര്‍ ഈസ്റ്റ് എംപി ക്ലോഡിയ വെബ്ബെ പ്രതികരിച്ചിരിക്കുന്നത്. ഇത് അവരുടെ പ്രക്ഷോഭത്തെ തന്നെ ഇല്ലാതാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് വംശവെറിക്കെതിരെ നടത്തിയ പ്രക്ഷോഭത്തിന് സമാനമായ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച ആളാണ് ഗാന്ധിജിയെന്ന് പ്രക്ഷോഭകാരികളെ അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
ഏറെ ഗുജറാത്തികള്‍ തിങ്ങി പാര്‍ക്കുന്ന ഇടമായ ലെസ്റ്ററിലാണ് ഗുജറാത്തിയായ ഗാന്ധിജിയുടെ പ്രതിമ സ്ഥിതി ചെയ്യുന്നത്. ഉഗാണ്ടയില്‍ നിന്നും ഇദി അമീന്‍ ഏഷ്യന്‍ വംശജരെ അടിച്ചോടിച്ചപ്പോള്‍ അവിടെ നിന്നും പലായനം ചെയ്ത് ബ്രിട്ടനില്‍ അഭയം തേടിയ ഗുജറാത്തികള്‍ ലെസ്റ്ററില്‍ കൂട്ടത്തോടെ ചേക്കേറുകയായിരുന്നു. ലെസ്റ്ററില്‍ നിന്നും ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്യാനുള്ള ആവശ്യം ബുദ്ധിശൂന്യമായ പ്രവര്‍ത്തിയെന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ ചരിത്രവിഭാഗത്തിലെ പ്രഫ. ഫൈസര്‍ ദേവ്ജി പ്രതികരിച്ചിരിക്കുന്നത്. സമാനമായ നീക്കമാണ് മണ്ഡേലയുടെയുടെ പ്രതിമയ്ക്ക് നേരെയും ഉയരുന്നത്.