ലണ്ടന്‍: രണ്ടരമാസത്തിനു ശേഷം രാജ്യത്തു അവശ്യ സാധനങ്ങളല്ലാത്ത കടകള്‍ തുറന്നതോടെ ജനം നഗരങ്ങളിലേയ്ക്ക് ഒഴുകിയെത്തി. സാമൂഹ്യ അകല നിയമമൊക്കെ കാറ്റില്‍ പറത്തി തെരുവുകളില്‍ ആളുകള്‍ നിറഞ്ഞു. എല്ലായിടത്തും തന്നെ നീണ്ട ക്യൂവായിരുന്നു. വിലക്കിഴിവും മറ്റു ഓഫറുകളും സ്വന്തമാക്കാനായാണ് മാസ്കുകള്‍ ധരിക്കാതെ പോലും ജനം തിരക്ക് കൂട്ടിയത്.
വിറ്റുപോകാത്ത 15 ബില്യണ്‍ പൗണ്ട് സ്റ്റോക്ക് വിറ്റഴിക്കുന്നതിനായി ജോണ്‍ ലൂയിസ് ഉള്‍പ്പെടെയുള്ള കടകള്‍ 70% വരെ വില കുറച്ചു. രാവിലെ 8 മണിക്ക് മുമ്പ് തന്നെ ലണ്ടനിലെയും ബര്‍മിംഗ്ഹാമിലെയും പ്രിമാര്‍ക്ക് ഷോപ്പുകള്‍ക്ക് പുറത്ത് നീണ്ട നിരയായിരുന്നു. മാര്‍ച്ച് 23നു ശേഷമാണ് ഇംഗ്ലണ്ടില്‍ കടകള്‍ തുറക്കുന്നത്.
ആവശ്യ സര്‍വീസുകളില്‍ ഉള്‍പ്പെടാത്ത എല്ലാവിധ വ്യാപാരസ്ഥാപനങ്ങളും തുറക്കുവാന്‍ അനുമതി നല്‍കിയതിന്റെ ഭാഗമായി വസ്ത്ര സ്ഥാപനങ്ങള്‍, എന്നിവയൊക്കെ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. റസ്റ്റോറന്റുകളിലും കഫേകളിലും ഇരുന്നു കഴിക്കുവാനുള്ള അനുമതിയില്ല. എന്നാല്‍ ഇവിടെ നിന്നും ഹോം ഡെലിവറി സൗകര്യങ്ങളും മറ്റും നടപ്പിലാക്കുന്നുണ്ട്. ജനങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ ഷോപ്പിങ്ങിനിറങ്ങാനാവുമെന്നു പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
ഇംഗ്ലണ്ടിലെ പൊതു ഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഇന്ന് മുതല്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്ന നിയമം നിലവില്‍ വന്നു.യാത്രക്കാര്‍ മാസ്‌കുകള്‍ ധരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി പോലീസ് ഓഫീസര്‍മാര്‍ അടക്കം 3000ത്തില്‍ അധികം ജീവനക്കാരെയാണ് സ്റ്റേഷനുകളില്‍ വിന്യസിച്ചിരിക്കുന്നത്.
ഫേസ് മാസ്‌കുകള്‍ ധരിക്കാതെ എത്തുന്ന യാത്രക്കാരോട് ഇത് ധരിക്കാന്‍ നിര്‍ബന്ധിക്കുകയും വഴങ്ങാത്തവരില്‍ നിന്നും അവിടെ വച്ച് തന്നെ 100 പൗണ്ട് പിഴ വാങ്ങുകയും ചെയ്യും. എന്നാല്‍ ചില പ്രത്യേക ആരോഗ്യ അവസ്ഥകള്‍, ഡിസ്ഏബിള്‍ഡ് കാററഗറിയിലുള്ളവര്‍ 11 വയസിന് താഴെ പ്രായമുള്ളവര്‍ തുടങ്ങിയവര്‍ക്ക് നിയമത്തില്‍ ഇളവുണ്ടാകും. ഇതിനെ തുടര്‍ന്ന് വരാനിരിക്കുന്ന ദിവസങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകളിലും മറ്റും ആയിരക്കണക്കിന് മാസ്‌കുകളായിരിക്കും വിതരണം ചെയ്യുക.പൊതു ഗതാഗത സംവിധാനങ്ങള്‍ക്ക് പുറമെ എല്ലാ ഹോസ്പിറ്റല്‍ വിസിറ്റര്‍മാരും ഔട്ട് പേഷ്യന്റുമാരും മാസ്‌കുകള്‍ ധരിക്കണമെന്ന് നിര്‍ബന്ധമുണ്ട്.
പുതിയ നിയമം അനുസരിച്ച് ഇംഗ്ലണ്ടില്‍ ബസ്, കോച്ച്, ട്രെയിന്‍, ട്രാം, ട്യൂബ്, ഫെറി, അല്ലെങ്കില്‍ വിമാനം തുടങ്ങിയവയിലെല്ലാം സഞ്ചരിക്കുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.സ്‌ക്കൂള്‍ ട്രാന്‍സ്‌പോര്‍ട്ട്, ടാക്‌സികള്‍, പ്രൈവറ്റ് ഹയര്‍ വെഹിക്കിളുകള്‍, തുടങ്ങിവയെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ യൂബര്‍ പോലുള്ള സര്‍വീസുകള്‍ യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി.