പ്രവാസികളെ കൊണ്ടുവരുന്ന കാര്യത്തില്‍ പിണറായിയും മോഡിയും ഇത്തിക്കരപ്പക്കിയും വെള്ളായണി പരമുവും പോലെ- കെ. മുരളീധരന്‍
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇത്തിക്കരപ്പക്കിയും വെള്ളായണി പരമുവും പോലെയാണെന്ന് കെ. മുരളീധരന്‍ എം.പി. രോഗികള്‍ക്ക് മാത്രമായി വിമാനം ഏര്‍പ്പെടുത്താമെന്ന് പറയുന്നത് വിഡ്ഢിത്തമാണെന്നും പ്രവാസികളുടെ പ്രശ്‌നത്തില്‍ തീരുമാനമായില്ലങ്കില്‍ അനിശ്ചിതകാല ഉപവാസം നടത്തുമെന്നും കെ. മുരളിധരന്‍ എം.പി അറിയിച്ചു.
പ്രവാസികളോട് നീതി കാണിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് കളക്ടറേറേറ്റിന് മുന്നില്‍ നടന്ന സമരത്തിനിടെയായിരുന്നു മുരളീധരന്റെ ഈ പരിഹാസം.
കെ.എം.സി.സിയും ഇന്‍കാസുമാണ് പ്രവാസികളെ കൊണ്ടുവരാന്‍ വിമാനം ചാര്‍ട്ട് ചെയ്യുന്നത്. പ്രവാസികളെ കൊണ്ടു വരുന്നതിന്റെ ക്രെഡിറ്റ് യു.ഡി.എഫിന് കിട്ടുമെന്ന് കരുതിയാണ് സര്‍ക്കാര്‍ അതിനെ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിര്‍ബന്ധം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോവിഡ് ഉള്ളവര്‍ പ്രത്യേക വിമാനത്തില്‍ വരണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.