കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ യുകെ മലയാളികള്‍ക്ക് ധൈര്യവും ആത്മവിശ്വാസവുമേകുന്നതായിരുന്നു നോര്‍ത്താംപ്ടണിലെ മലയാളി തോമസ് കോശിയുടെ അതിജീവനം. നോര്‍ത്താംപ്ടന്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റായ 55 കാരന്‍ തോമസ് കോശി കൊറോണയെ തോല്‍പ്പിച്ച് 75 ദിനങ്ങള്‍ക്കു ശേഷമാണ് ആശുപത്രി വിട്ടത്. 75 ദിവസങ്ങളില്‍ 52 ദിവസവുംഅദ്ദേഹം വെന്റിലേറ്ററിലായിരുന്നു.
അദ്ദേഹത്തെ കൈയടിയോടെയാണ് നോര്‍ത്താംപ്ടന്‍ ജനറല്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് യാത്രയാക്കിയത്. ഹോസ്പിറ്റലിന്റെ കവാടത്തില്‍ വരിവരിയായി നിന്ന് ആണ് തോമസ് കോശിക്ക് അവര്‍ ആശംസകള്‍ നേര്‍ന്നത് . രണ്ടര മാസത്തോളം തന്നെ ചികിത്സിച്ച് തന്റെ ജീവന്‍ രക്ഷിച്ച നല്കിയ ഡോക്ടര്‍മാരോടും നഴ്സുമാരോടും മറ്റ് ഹെല്‍ത്ത് കെയര്‍ സ്റ്റാഫിനോടും നന്ദി പറഞ്ഞു കൊണ്ടാണ് തോമസ് കോശി മടങ്ങിയത്.
തോമസ് കോശിയെ സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ കവിതയും നോര്‍ത്താംപ്ടണിലെ മലയാളികളും അസോസിയേഷന്‍ ഭാരവാഹികളും എത്തിയിരുന്നു. അസോസിയേഷന്‍ സെക്രട്ടറി സുരേഷ് കുമാര്‍, ബിനു ജേക്കബ് എന്നിവര്‍ അദ്ദേഹത്തിന് ബൊക്കെ നല്കി എത്രയും പെട്ടെന്ന് പൂര്‍ണസുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. തന്റെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ത്ഥിച്ച മലയാളികള്‍ക്കും സുഹൃത്തുക്കള്‍ക്കും തോമസ് കോശി നന്ദി പറയുന്നു.