Don't Miss

സ്വപ്‍നയുടെ സ്വര്‍ണക്കള്ളക്കടത്ത് പിണറായിയെ വീഴ്ത്തുമോ?


തിരുവനന്തപുരം: ആഴ്ചകള്‍ക്കു മുമ്പുവരെ സമകാലിക കേരള രാഷ്ട്രീയത്തിലെ ഉഗ്രപ്രതാപിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ . സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ഇടം പിടിച്ചതോടെ തുടര്‍ഭരണം ഉറപ്പിക്കാമെന്ന പ്രതീതിയുമുണ്ടായി. അതിനെ സാധൂകരിക്കുന്ന ഒരു സര്‍വേയും ഇതിനിടെ വന്നു. മുന്നണി സര്‍ക്കാരാണെങ്കിലും മറ്റു ഘടകക്ഷികളുടെ പിന്തുണ ഉള്ളതിനാല്‍ സിപിഐക്ക് പുല്ലുവില കല്‍പ്പിച്ചായിരുന്നു പിണറായിയുടെ പോക്ക്. ജോസ്‌ കെ മാണി വിഭാഗത്തെ മുന്നണിയിലെടുത്തു ക്രിസ്ത്യന്‍ വോട്ടു കൂടി പിടിക്കാനായി സിപിഐയെ പോലും പരസ്യമായി രാഷ്ട്രീയം പഠിപ്പിച്ചു. അതിനിടയ്ക്കാണ് ഇടിത്തീപോലെ സ്വപ്‍ന കേസ് വന്നു വീഴുന്നത്. തന്റെ ഓഫീസിന്റെ ചുമതലക്കാരനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ അടുപ്പക്കാരിയും തന്റെ തന്നെ കീഴിലുള്ള ഐടി വകുപ്പിലെ ജീവനക്കാരിയുമായ സ്വപ്‍നയുടെ കള്ളക്കടത്തു-മാഫിയാ ബന്ധം പുറത്തുവന്നതോടെ പിണറായി വിജയന്‍ കടുത്ത പ്രതിരോധത്തിലായി. സ്വപ്‍നയെ പിരിച്ചുവിട്ടും ശിവശങ്കറിനെ മാറ്റിയും തടി രക്ഷിക്കാന്‍ പിണറായി ശ്രമിച്ചെങ്കിലും ദേശസുരക്ഷയ്ക്കു ഭീഷണിയായ അന്താരാഷ്ട്ര കള്ളക്കടത്തു- തീവ്രവാദ കേസുമായി സ്വപ്നയ്ക്കും കൂട്ടാളികള്‍ക്കും ബന്ധമുണ്ടെന്ന് എന്‍ഐഎ വെളിപ്പെടുത്തിയതിലൂടെ അന്വേഷണം ശിവശങ്കറിലേയ്ക്ക് നീളുമെന്നു ഉറപ്പായി. അത് സ്വാഭാവികമായി മുഖ്യമന്ത്രിയുടെ ഓഫീസിലും എത്തും. പിണറായിയുടെ മൊഴിയും എടുക്കേണ്ടി വരാം.

എന്‍ഐഎ ഏറ്റെടുത്ത സ്വര്‍ണക്കടത്ത് കേസ് പിണറായി സര്‍ക്കാരിനു മേല്‍ വലിയ കുരുക്ക് ആവുകയാണ്. തീവ്രവാദ പ്രവര്‍ത്തനത്തിനടക്കം ഫണ്ട് ചെയ്യാന്‍ വേണ്ടി നടത്തിയ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കുകയാണ്. ശിവശങ്കറിന് സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ പ്രതികളുമായി ബന്ധമുണ്ടെന്ന് വ്യക്തമായതിനാലാണ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സ്വര്‍ണക്കടത്തിന്റെ ഗൂഡാലോചന സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്‌ളാറ്റിലാണ് നടന്നതെന്ന് കസ്റ്റംസ് നേരത്തേ കണ്ടെത്തിയിരുന്നു. പ്രതികള്‍ ഇവിടെയെത്തിയതിന് സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുളള വ്യക്തമായ തെളിവുകളും കിട്ടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ നോട്ടീസ് നല്‍കി വിളിച്ചുവരുത്താന്‍ തീരുമാനിച്ചത്. ശിവശങ്കറിന്റെ ഫ്‌ലാറ്റില്‍ സ്വര്‍ണക്കടത്തിന് ഗൂഢാലോചന നടന്ന കാര്യം പ്രതി സരിത് സമ്മതിച്ചിട്ടുണ്ട്. പല കള്ളക്കടത്തിന്റെയും ഗൂഡാലോചന നടന്നത് ഇവിടെ വച്ചാണെന്നാണ് സരിത് പറഞ്ഞത്. സ്വപ്ന വഴിയാണ് ശിവശങ്കറിനെ പരിചയപ്പെട്ടതെന്നും സരിത് പറഞ്ഞു. നാലുവര്‍ഷമായി പിണറായിയുടെ വിശ്വസ്തനായ ശിവശങ്കറിനെതിരെയുള്ള ഏതൊരു അന്വേഷണവും മുഖ്യമന്ത്രിയുടെ മൊഴിയെടുക്കലിലേയ്ക്കും നയിക്കും. യുഎഇ കോണ്‍സുലേറ്റിനെ മറയാക്കി നടത്തിയ അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് കേസ് അതുകൊണ്ടുതന്നെ ഇടതു രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ പോന്നതാണ്.

പാര്‍ട്ടിയിലും സര്‍ക്കാരിലും ഏകാധിപതിയായ വാഴുന്ന പിണറായിക്കെതിരെ സിപിഎമ്മിലും മുന്നണിയിലും അതൃപ്തി ശക്തമാവുകയാണ്. എംവി ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പോയതോടെ ശിവശങ്കറിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരുന്നു ഓഫീസ്. ശിവശങ്കറിനു എല്ലാവിധ സ്വാതന്ത്ര്യവും പിണറായി നല്‍കുകയും ചെയ്തതോടെയാണ് സ്വപ്ന അടക്കമുള്ളവരുടെ കടന്നുവരവും നിയമവിരുദ്ധ ഇടപാടുകളും നടക്കുന്നത്. അത് ചോദ്യം ചെയ്യാന്‍ പാര്‍ട്ടിയ്ക്കും കഴിഞ്ഞില്ല. അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതും. സാധാരണ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മുഖ്യമന്ത്രിയെ നിയന്ത്രിക്കാനും തിരുത്താനും പാര്‍ട്ടി ഉണ്ടാവും. എന്നാല്‍ കോടിയേരി ബാലകൃഷ്ണന്‍ എന്ന സെക്രട്ടറി പിണറായിയുടെ വിനീതവിധേയനായി മാറിയ കാഴ്ചയാണ്. പാര്‍ട്ടിയെ നോക്കുകുത്തിയാക്കിയുള്ള പിണറായിയുടെ തീരുമാനങ്ങളും നടപടികളും പലരുടെയും അതൃപതിയ്ക്കു കാരണമായിട്ടുണ്ടെങ്കിലും ആരും തുറന്നു പറയാന്‍ ധൈര്യപ്പെട്ടില്ല. രാജ്യത്തെ പാര്‍ട്ടിയുടെ ഏക മുഖ്യമന്ത്രി എന്ന നിലയില്‍ കേന്ദ്ര നേതൃത്വവും ദുര്‍ബലരാണ്. ഇതിനിടെ കോവിഡ് പ്രതിരോധത്തിലൂടെ സര്‍ക്കാര്‍ നേടിയെടുത്ത പ്രതിച്ഛായയും ജനസമ്മതിയും പിണറായിയെ വീണ്ടും കരുത്തനാക്കി.

അപ്പോഴാണ് അശനിപാതം പോലെ സ്വര്‍ണ കള്ളക്കടത്ത് കേസ് വന്നു വീഴുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ചാനല്‍ മറയാക്കി നടത്തുന്ന സ്വര്‍ണക്കടത്ത് കേസിന്റെ മുഖ്യസൂത്രധാര സ്വപ്ന സുരേഷ് ഐ.ടി വകുപ്പിലെ ജീവനക്കാരിയാണെന്ന് വ്യക്തമായതോടെ കേസില്‍ സര്‍ക്കാരിന്റെ പങ്കിനെ കുറിച്ചുള്ള ആരോപണങ്ങളും ചര്‍ച്ചകളും ചൂടുപിടിച്ചു.

യു.ഡി.എഫ് ഭരണകാലത്തെ സോളാര്‍ കേസും സരിതയുമായും ബന്ധപ്പെട്ട് ഉണ്ടായ കഥകളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് സ്വപ്ന സുരേഷിന്‍റെ പുതിയ കഥകള്‍ പുറത്ത് വരുന്നത്. സ്വപ്നയുമായുള്ള ബന്ധത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ തല്‍സ്ഥാനത്തു നിന്നും സര്‍ക്കാര്‍ നീക്കുകയും ചെയ്തതോടെ ആരോപണം കൂടുതല്‍ ശക്തമായി.

ഒപ്പം സ്വപ്നയുമായി ഭരണ നേതാക്കള്‍ക്കുള്ള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളും സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നു. സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍ സ്വപ്നയുടെ സുഹൃത്താണെന്നും ആരോപണം ഉയര്‍ന്നു. സ്വപ്നയ്‌ക്കൊപ്പം സ്പീക്കര്‍ വര്‍ക് ഷോപ്പ് ഉദ്ഘാടനം നടത്തുന്നതിന്റെയും ചിത്രങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതിയായിരിക്കെയാണ് സ്വപ്ന ഭരണകര്‍ത്താക്കള്‍ക്കൊപ്പം ഈ വിധം ഇടപെട്ടത്. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് സ്വപ്നയുടേതെന്നും ഇതിനിടെ വാര്‍ത്ത വന്നു. പിന്നീട് സ്വപ്നയുടെ ഹൈടെക് മുങ്ങലും കേസ് എന്‍ഐഎ ഏറ്റെടുത്തതും സ്വപ്ന പിടിയിലാവുന്നതും കേസിനു വലിയ മാനങ്ങള്‍ ഉണ്ടെന്നു വ്യക്തമായതും ചെയ്തതോടെ പിണറായി സര്‍ക്കാര്‍ ഇനിയങ്ങോട്ട് കടുത്ത പരീക്ഷണങ്ങളാവും നേരിടേണ്ടിവരിക.

പ്രതിപക്ഷവും ബിജെപിയും സ്വര്‍ണക്കടത്ത് കേസ് ഇടത് സര്‍ക്കാരിനെതിരെ വന്‍ ആയുധമാക്കുമ്പോള്‍ ഘടകകക്ഷിയായ സി.പി.ഐ പോലും പ്രതിരോധിക്കാനില്ല. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യങ്ങള്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്ന് സി.പി.ഐയുടെ മുഖപത്രമായ ജനയു​ഗത്തിന്റെ മുഖപ്രസംഗത്തില്‍ വരെ പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും സിപിഎമ്മിന് സ്വര്‍ണവേട്ടയും സ്വപ്ന സുരേഷും വലിയ തലവേദനയാവും എന്ന കാര്യം ഉറപ്പിക്കാം. ഒപ്പം പാര്‍ട്ടിയില്‍ പിണറായിക്കുള്ള പിടിയും അയയും.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions