തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിക്കായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്റെ വഴിവിട്ട സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പദ്ധതിയുടെ കരാര്‍ കിട്ടിയ യുണിടാക് ബില്‍ഡേഴ്‌സ് ഉടമ. എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം അറിയിച്ചത്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്‌നയാണ് ശിവശങ്കറിന് കാണാന്‍ നിര്‍ദ്ദശിച്ചത്. ഇതുമായി ബന്ധപ്പെട്ട് കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഓഫീസര്‍ ഖാലിദിന് കൈക്കൂലി നല്‍കിയശേഷമാണ് താന്‍ ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയതെന്ന് യുണിടാക് ബില്‍ഡേഴ്‌സ് ഉടമ എന്‍ഫോഴ്‌സ്‌മെന്റിനെ അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് പല വകുപ്പുകളിലും ശിവശങ്കര്‍ നേരിട്ടുവിളിച്ച് പദ്ധതിക്ക് അനുകൂല സഹായങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പദ്ധതിക്കായി സ്വപ്‌ന സുരേഷ് രണ്ടുതവണ കമ്മിഷന്‍ കൈപ്പറ്റിയതായും വെളിപ്പെടുത്തലുണ്ട് . സന്ദീപ്, സ്വപ്ന, സരിത്ത് എന്നിവര്‍ ചേര്‍ന്ന് പദ്ധതിയുടെ ആറ് ശതമാനം കമ്മിഷനായി വേണമെന്നാണ് ആവശ്യപ്പെട്ടത്. ഇതില്‍ 55 ലക്ഷം രൂപ സന്ദീപിന്റെ ബാങ്ക് അക്കൗണ്ട് വഴി കൈമാറി. എന്നാല്‍ രണ്ടാം തവണ വാങ്ങിയ ഒരു കോടി രൂപ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള കോഴയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചു.
സ്വപ്ന ലോക്കറില്‍ സൂക്ഷിച്ച പണം കൈക്കൂലി പണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നിഗമനം. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഫ്‌ളാറ്റ് പണിയാന്‍ ഒരു നിര്‍മാണക്കമ്പനിയെ തെരഞ്ഞെടുക്കണമെന്ന് കോണ്‍സുല്‍ ജനറല്‍ സ്വപ്നയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സ്വപ്നയും, സന്ദീപും സരിത്തും ചേര്‍ന്നാണ് യുണിടാക്കിന് നിര്‍മാണ ചുമതല കൈമാറുന്നത്. ഇതിന് ശേഷം കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഓഫീസര്‍ ഖാലിദിനെ കാണാന്‍ ആവശ്യപ്പെട്ടു. നിര്‍മാണ കരാര്‍ നല്‍കാന്‍ തനിക്കും കോണ്‍സുല്‍ ജനറലിനും കൂടി 20 ശതമാനം കമീഷന്‍ വേണം എന്നായിരുന്നു ഖാലിദിന്റെ ആവശ്യം. തുടര്‍ന്ന് 3 കോടി 80 ലക്ഷം കോണ്‍സുല്‍ ജനറലിന് കൈമാറി. തുടര്‍ന്നാണ് കോണ്‍സുല്‍ ജനറലിന് കൈമാറിയ കമീഷനില്‍ നിന്ന് ഒരു കോടി രൂപ ആവശ്യപ്പെട്ട് സ്വപ്ന രംഗത്തു വരുന്നത്. ഈ തുക കൈമാറിയതിന് തൊട്ടു പിന്നാലെ എം ശിവശങ്കറെ നേരില്‍ കാണാന്‍ യുണിടാകിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇരുപത് കോടി രൂപയുടെ പദ്ധതിയില്‍ നാല് കോടി 35 ലക്ഷം രൂപയും കോഴയായി നല്‍കേണ്ടി വന്നുവെന്നും യുണിടാക് അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്.
അതിനിടെ, ലൈഫ് മിഷന്‍ വിവാദത്തില്‍ റെഡ്ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രി വിളിപ്പിച്ചു. നടപടിക്രമം പാലിക്കാതെയാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടതെന്ന ആരോപണത്തിനിടെയാണ് മുഖ്യമന്ത്രി ഫയലുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമവകുപ്പിലെയും തദ്ദേശവകുപ്പിലെയും ഫയലുകളാണ് വിളിപ്പിച്ചത്. ലൈഫ് മിഷന്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണെങ്കില്‍ക്കൂടി ലൈഫ് മിഷന് ഒരു സെക്രട്ടേറിയറ്റ് സംവിധാനം ഇല്ലാത്തതുകൊണ്ട് ഇതിന്റെ ഫയലുകള്‍ കൈകാര്യം ചെയ്തത് തദ്ദേശഭരണവകുപ്പിലാണ്. കരട് ധാരണാപത്രം പരിശോധിച്ചത് നിയമവകുപ്പാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ രണ്ടുവകുപ്പുകളില്‍ നിന്നും മുഖ്യമന്ത്രി ഫയലുകള്‍ വിളിപ്പിച്ചത്.
വടക്കാഞ്ചേരിയിലെ ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടിരുന്നത്. ലൈഫ്മിഷന്‍ സി.ഇ.ഒ യു.വി.ജോസാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടിരുന്നത്. ധാരാണാപത്രം തയ്യാറാക്കിക്കൊണ്ടുവന്നത് റെഡ്ക്രസന്റാണ്.
ഏകപക്ഷീയമായി റെഡ്ക്രസന്റ് തയ്യാറാക്കിയ ധാരണാപത്രം നടപടിക്രമം പാലിക്കാതെ തിടുക്കത്തില്‍ ഒപ്പിടുകയാണ് ഉണ്ടായതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.