കൊറോണ വൈറസിന് മുമ്പില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ലോക ജനതയ്ക്ക് വേണ്ടി തങ്ങളുടെ ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാറായി സേവനമനുഷ്ഠിക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍. ഈ മുന്‍നിര പ്രവര്‍ത്തകര്‍ക്ക് സംഗീതാര്‍ച്ചനയിലൂടെ ആദരവും പിന്തുണയും അറിയിക്കുകയാണ് യു.കെ യിലെ സംഗീത പ്രതിഭകളായ സഹോദരിമാരുടെ സുപ്രസിദ്ധ മ്യൂസിക് ബാന്റായ ലിറ്റില്‍ ഏയ്ഞ്ചല്‍സ് യു കെ.
'Stronger Together' എന്ന പേരില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ത്യാഗത്തിനായി ഇവരൊരുക്കിയ സംഗീതാര്‍ച്ചന ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. ജെന്‍ പിപ്പ്‌സ് തങ്കത്തോണി, ജെം പിപ്പ്‌സ് തങ്കത്തോണി, ഡോണ്‍ പിപ്പ്‌സ് തങ്കത്തോണി എന്നീ സഹോദരിമാര്‍ പാടി അവതരിപ്പിച്ച ഈ സംഗീതാര്‍ച്ചന ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. വരികളെഴുതി, സംഗീതം നല്‍കി പാടി അവതരിപ്പിച്ചതും ഇവര്‍ തന്നെ. ചിത്രീകണവും എഡിറ്റിങ് ഉള്‍പ്പെടയുള്ള സാങ്കേതിക ജോലി ചെയ്തതും ഈ സഹോദരിമാരാണ്.
വീഡിയോ
വയലിന്‍, കീ ബോര്‍ഡ്, കീറ്റാര്‍, ഡ്രംസ് എന്നിങ്ങനെ നിരവധി സംഗീതോപകരണങ്ങളുടെ സഹായത്തോടെ യു കെയില്‍ അങ്ങോളമിങ്ങോളം 132 വേദികളില്‍ ഇവര്‍ സംഗീത മഴ പെയ്യിച്ചിട്ടുണ്ട്. 2009 ലാണ് ലിറ്റില്‍ ഏയ്ഞ്ചല്‍സ് യു കെ സ്ഥാപിച്ചത്. ഉപകരണ സംഗീതത്തിലും വോക്കലിലും ഒരു പോലെ കഴിവ് തെളിയിച്ച പ്രതിഭകളാണ് ഇവര്‍.
പഠനത്തിനും സംഗീതത്തിനും നൃത്തത്തിനും ഒരേ പ്രാധാന്യം നല്‍കി മുന്നോട്ട് പോകുന്ന ഈ കൗമാര പ്രതിഭകള്‍ക്ക് എല്ലാ പ്രോത്സാഹനവുമായി മാതാപിതാക്കള്‍ ഡോ. പിപ്പ്‌സ് ജോസഫ് തങ്കത്തോണിയും നഴ്‌സായ ജിജി പിപ്പ്‌സും ഒപ്പമുണ്ട്. മൂത്ത മകള്‍ മെഡിസിന് മൂന്നാം വര്‍ഷവും രണ്ടാമത്തെ മകള്‍ മെഡിസിന് രണ്ടാം വര്‍ഷവും ഇളയമകള്‍ ഇയര്‍ 9 ലും പഠിക്കുന്നു.
കോട്ടയം കുമരകം സ്വദേശികളായ ഈ കുടുംബം ബര്‍മിംങ്ഹാമിലാണ് താമസിക്കുന്നത്. 2004 ലാണ് യുകെയിലെത്തുന്നത്.