യുകെയില്‍ വിന്ററില്‍ കൊറോണയുടെ രണ്ടാം തരംഗമുണ്ടായാല്‍ ചുരുങ്ങിയത് 85,000 പേരെങ്കിലും മരിച്ചേക്കാമെന്നും അത്തരമൊരു സാഹചര്യത്തെ നേരിടാന്‍ തക്കവണ്ണമുള്ള പദ്ധതികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും രേഖ. സയന്റിഫിക്ക് അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസിന്റെ (സാജ്) രേഖയാണ് ഇത് പറയുന്നത്. മഞ്ഞുകാലത്തെ കോവിഡ് വ്യാപനവും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും അറിയുന്നതിന് സര്‍ക്കാരിനായി വിദഗ്ദ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലേത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ്. ഇതൊരു പ്രവചനമല്ല, മറിച്ച് നടക്കുവാന്‍ പോകുന്ന യാഥാര്‍ത്ഥ്യമാണെന്ന റിപ്പോര്‍ട്ടിലെ മുന്നറിയിപ്പ് വലിയ അനിശ്ചിതത്വമാണ് സര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ ഇളവുകളിലടക്കം കൊണ്ടുവരിക.
രണ്ടാം കോവിഡ് തരംഗമുണ്ടാകുന്ന സാഹചര്യത്തിലും സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നതിനാല്‍ കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും രാജ്യമാകമാനം ഏര്‍പ്പെടുത്തിയേക്കുമെന്നും ഈ രേഖ വെളിപ്പെടുത്തുന്നു. ചോര്‍ന്ന് ലഭിച്ച നിര്‍ണായകമായ ഈ രേഖ ബിബിസി ന്യൂസ് നൈറ്റില്‍ കാണിച്ചിരുന്നു.
രണ്ടാം തരംഗമുണ്ടായാല്‍ എന്‍എച്ച്എസിനെയും ലോക്കല്‍ അഥോറിറ്റീസ് പ്ലാന്‍ സര്‍വീസുകളെയും ഏത് വിധത്തിലാണ് തങ്ങള്‍ സഹായിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഈ രേഖ വ്യക്തമാക്കുന്നുണ്ട്. വിന്ററില്‍ കോവിഡിനൊപ്പം ഫ്‌ലൂവും രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ കൂട്ടമരണമുണ്ടാകുമെന്ന ആശങ്കയുണ്ട്. അത്തരമൊരവസരത്തില്‍ മോര്‍ച്ചറികള്‍, ശവസംസ്‌കാര സര്‍വീസുകള്‍ തുടങ്ങിയവക്ക് ഏത് തരത്തിലുള്ള പിന്തുണയേകുമെന്നും സാജ് ഈ രേഖയിലൂടെ വ്യക്തമാക്കുന്നു.
പുറത്ത് നിന്നും ആളുകള്‍ക്ക് കോവിഡ് പകരുന്നതിനെ പ്രതിരോധിക്കാനുള്ള സര്‍ക്കാരിന്റെ ട്രേസിംഗ്, ഐസൊലേഷന്‍, ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ക്ക് വെറും 40 ശതമാനം ഫലപ്രാപ്തിയേയുള്ളുവെന്ന് ഈ രേഖ ആശങ്കപ്പെടുന്നു. കടുത്ത മാര്‍ഗങ്ങളിലൂടെ മാത്രമേ രണ്ടാം തരംഗത്തിന്റെ ആഘാതം കുറയ്ക്കാന്‍ സാധിക്കുകയുള്ളുവെന്നും ഇല്ലെങ്കില്‍ സ്‌കൂളുകള്‍ അടക്കുന്നതടക്കമുള്ള കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും സാജ് രേഖ മുന്നറിയിപ്പേകുന്നു. എന്നാല്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ പലതും കാലഹരണപ്പെട്ടതാണെന്നാണ് ചില വിമര്‍ശകരുടെ വാദം.
അതിനിടെ, കോവിഡിന്റെ രണ്ടാംവരവിനെ ചെറുക്കാന്‍ ഏര്‍പ്പെടുത്തിയ ഒരുമാസത്തോളം നീണ്ട നോര്‍ത്ത്-വെസ്റ്റ് ഇംഗ്ലണ്ടിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിത്തുടങ്ങി. ജൂലൈ അവസാനമാണ് പുതിയ കോവിഡ് രോഗികളുടെ എണ്ണം വളരെയേറെ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അതേസമയം കോവിഡ് വീണ്ടും പടര്‍ന്നുപിടിച്ച ലെസ്റ്ററില്‍ സെപ്റ്റംബര്‍ 11 വരെ നിയന്ത്രണങ്ങള്‍ തുടരും.