കപ്പിനും ചുണ്ടിനുമിടയില്‍ പ്രണബ് മുഖര്‍ജിക്ക് പ്രധാനമന്ത്രി പദം നഷ്ടപ്പെട്ടത് രണ്ടു തവണ
1984 ല്‍ ഇന്ദിര ഗാന്ധി വെടിയേറ്റു മരിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് ആരു പ്രധാനമന്ത്രിയാകും എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ പൊതുവേ ആദ്യം ഉയര്‍ന്നത് മുഖര്‍ജിയുടെ പേരാണ്. അതു തികച്ചും സ്വാഭാവികവും. എന്നാല്‍ നെഹ്‌റു കുടുംബത്തിന് പുറത്തേക്ക് പ്രധാനമന്ത്രിപദം പോകുന്നത് പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചിന്തിച്ചത്. താന്‍ പ്രധാനമന്ത്രി പദത്തിന്ഏറ്റവും യോഗ്യനാണെന്ന് മുഖര്‍ജി ചിന്തിച്ചു. പക്ഷേ കോണ്‍ഗ്രസ് രാജീവ് ഗാന്ധിയെ നേതാവായി തെരഞ്ഞെടുത്തു. രാജീവ ഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ മുഖര്‍ജി പാര്‍ട്ടിയുമായി പിണങ്ങി പുതിയ പാര്‍ട്ടി തന്നെയുണ്ടാക്കി. പക്ഷേ അത് യാതൊരു നേട്ടവും ചെയ്തില്ല.
ഏതാണ്ട് ആറേഴു വര്‍ഷത്തെ രാഷ്ട്രീ വനവാസത്തിന് ശേഷം അദ്ദേഹം കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. ഇന്ദിരാ ഗാന്ധിയുടെ മന്ത്രിസഭയില്‍ രണ്ടാമനായിരുന്ന മുഖര്‍ജി പിന്നീട് പാര്‍ട്ടിയില്‍ അതിന് അപ്പുറത്തേക്ക് വളര്‍ന്നില്ല. പിന്നീട് ഏതാണ്ട് കൃത്യം ഇരുപത് വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസില്‍ രണ്ടാം സ്ഥാനത്ത് അദ്ദേഹം എത്തിയത്. 2004ല്‍ യു.പി.എ യക്ക് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ വീണ്ടും പ്രധാനമന്ത്രിയാകാന്‍ അവസരം വന്നു. പക്ഷേ സോണിയാ ഗാന്ധി തെരഞ്ഞെടുത്തത് ഡോ. മന്‍മോഹന്‍ സിങ്ങിനെയാണ്. രണ്ടാം തവണയും കൈയെത്തും ദൂരത്ത് പ്രധാനമന്ത്രിപദം നഷ്ടപ്പെടുമ്പോള്‍ 1984 ലെ പോലെ മുഖര്‍ജി പ്രതിഷേധിച്ചില്ല. പാര്‍ട്ടിയിലും ഭരണത്തിലും രണ്ടാമനായി തുടരാന്‍ മുഖര്‍ജിക്ക് കഴിഞ്ഞത് തന്ത്രപരമായ ആ നിലപാടുകൊണ്ടാണ്. 2010 ആകുമ്പോഴേക്കും മുഖര്‍ജിക്ക് രാഷ്ട്രീയം തന്നെ മടുത്തിരുന്നു. ഇതു മനസിലാക്കിയാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ രാഷ്ട്രപതിയാക്കിയത്.
നരേന്ദ്രമോഡി പ്രധാനമന്ത്രിയായപ്പോള്‍ എല്ലാ സഹകരണവും രാഷ്ട്രപതി ഭവനില്‍ നിന്നുണ്ടായി. രാഷ്ട്രപതിയായി ഒരു ടേം കൂടി ലഭിക്കുമെന്നും മോഡിയുമായുള്ള നല്ല ബന്ധം അതിന് അവസരമൊരുക്കുമെന്നും പലരും വിചാരിച്ചു. പക്ഷേ ആര്‍.എസ്.എസ് ആസ്ഥാനം അതിന് വഴങ്ങിയില്ലെന്നാണ് പിന്നാമ്പുറത്ത് കേട്ടത്. മുഖര്‍ജിയുമായി പിണക്കമില്ലെങ്കിലും ബി.ജെ.പിയുടെ സ്വന്തം നോമിനി രാഷ്ട്രപതിയാകണമെന്ന് സംഘപരിവാര്‍ നിര്‍ദേശിച്ചു. പിന്നീട് മുഖര്‍ജിക്ക് ഭാരത രത്‌നം നല്‍കി ബി.ജെ.പി സര്‍ക്കാര്‍ ആദരിച്ചത് ആ കുറവ് പരിഹരിക്കുന്നതിന് വേണ്ടിയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായന്‍ ആണ് വിടവാങ്ങിയത്. ഭരണഘടനയോടും പാര്‍ലമെന്റിനോടും അദ്ദേഹം പ്രകടിപ്പിച്ച വിധേയത്വം ഈ തലമുറയിലെ രാഷ്ട്രീയക്കാര്‍ക്ക് പാഠമാണ്.