ബംഗലൂരു: ഹവാല-ബിനാമി ഇടപാടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മാരത്തണ്‍ ചോദ്യം ചെയ്യലിന് വിധേയനായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ (എന്‍സിബി)യും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നു. എന്‍സിബിയുടെ ബംഗലൂരു സോണല്‍ യൂണിറ്റാണ് ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത് എന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ 12 മണിക്കൂര്‍ ബിനീഷിനെ ചോദ്യം ചെയ്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിന്ന് എന്‍സിബി വിശദാംശങ്ങള്‍ തേടിയെന്നാണ് റിപ്പോര്‍ട്ട്.
ബംഗലൂരുവില്‍ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ബിനീഷിന്റെ പേര് സൂചിപ്പിച്ചിരുന്നു. അറസ്റ്റിലായ മൂന്നു പേരുമായി ബിനീഷിന് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് എന്‍ബിസി. ഓഗസ്റ്റ് 24നാണ് സംഘം പിടിയിലായത്. സിനിമ, സംഗീത രംഗത്തുള്ളവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ലഹരിമരുന്ന് എത്തിച്ചിരുന്നത് ഇവരാണെന്ന് അന്വേഷണ സംഘം പറയുന്നു.
എന്‍സിബി ബംഗലൂരു യൂണിറ്റ് ബിനീഷിനെ കുറിച്ച് അന്വേഷിക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഇന്നലെ പ്രത്യേക കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബിനീഷ് അടുത്ത സുഹൃത്താണെന്നും സാമ്പത്തികമായി സഹായിക്കാറുണ്ടെന്നും അനൂപ് മൊഴി നല്‍കിയിരുന്നു. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി കെ.ടി റമീസിന്റെ സുഹൃത്തുക്കളാണ് ബിനീഷും അനൂപുമെന്നും അന്വേഷണവൃത്തങ്ങള്‍ പറയുന്നു.
എന്‍സിബി ബംഗലൂരു കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ അനൂപിന്റെ കുറ്റസമ്മത മൊഴിയുണ്ട്. അനില്‍ ബിനീഷിന്റെ പേര് വ്യക്തമാക്കുന്നുണ്ട്. എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലില്‍ അനൂപുമായുള്ള ബന്ധത്തിന്റെ എന്തെങ്കിലും തെളിവു ലഭിച്ചാല്‍ വരുംദിവസങ്ങളില്‍ ബിനീഷിനെ ചോദ്യം ചെയ്യാനാണ് എന്‍സിബിയുടെ തീരുമാനം.
അതേസമയം, അനൂപിന്റെയും ഒപ്പം അറസ്റ്റിലായ തൃശൂര്‍ സ്വദേശി റിജേഷ് രവീന്ദ്രന്റേയും ജാമ്യഹര്‍ജി ഇന്ന് സ്‌പെഷ്യല്‍ എന്‍ഡിപിഎസ് കോടതിക്കു മുമ്പാകെയെത്തും. കൂടുതല്‍ ചോദ്യം ചെയ്യലിന് ഇവരെ കസ്റ്റഡിയില്‍ എടുക്കാനായിരിക്കും എന്‍സിബിയുടെ നീക്കം. ബിനീഷുമായുള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ ചോദിച്ചറിയാനാണ് നീക്കം.
സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. ബിനീഷിനെ താത്ക്കാലികമായാണ് വിട്ടയച്ചതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ പറയുന്നത്. ബിനാമി-ഹവാല ഇടപാടുകള്‍, സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് ഇടപാടുകാരുമായുള്ള ബന്ധം, മലയാള സിനിമ മേഖലയിലേക്കുള്ള കള്ളപ്പണത്തിന്റെയും ലഹരിമരുന്നിന്റേയും ഒഴുക്ക് എല്ലാം അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. ബിനീഷിന്റെ ബിസിനസ് ഇടപാടുകള്‍ ഒരു മാസത്തോളം നിരീക്ഷിച്ച ശേഷമാണ് ഇന്നലെ പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയത്.
അതിനിടെ, സ്വര്‍ണക്കത്ത് കേസിലെ പ്രതികള്‍ക്കെതിരെ കൊഫെപോസ ചുമത്താനുള്ള നടപടികള്‍ കസ്ംറ്റസ് ആരംഭിച്ചു. സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളെ ഒരു വര്‍ഷം കരുതല്‍ തടങ്കലിലാക്കാനുള്ള നീക്കമാണ് കൊച്ചി കസ്ംറ്റസ് പ്രവന്റീവ് നടത്തുന്നത്. സ്ഥിരം സാമ്പത്തിക കുറ്റവാളികള്‍ക്കെതിരെയാണ് കൊഫെപോസ ചുമത്തുന്നത്.