മുഖ്യമന്ത്രിയുടെ അവസ്ഥ കള്ളുകുടിച്ച കുരങ്ങനെ തേളുകുത്തിയപോലെ; കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാഷ്ട്രീയമായ ചോദ്യങ്ങള്‍ക്ക് രാഷ്ട്രീയമായി മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയണം. അദ്ദേഹത്തെ ഭയം വേട്ടയാടുകയാണ്. ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. മകളെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹം വികാര വിക്ഷുബ്ധനാകുകയാണ്. അതുകൊണ്ട് ഒന്നും പറയാനില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ബി.ജെ.പിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ക്കാണ് സമനില തെറ്റിയതെന്ന് അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനം കാണുന്ന എല്ലാവര്‍ക്കുമറിയാമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സമനില തെറ്റിയവനാണ് മറ്റുള്ളവര്‍ക്ക് സമനില തെറ്റിയെന്ന് തോന്നുക. മുഖ്യമന്ത്രിയെ ഭയം വേട്ടയാടുന്നു. സ്വന്തം നിഴലിനോട് പോലും മുഖ്യമന്ത്രിക്ക് ഭയമാണ്.
കള്ളുകുടിച്ച കുരങ്ങനെ തേളുകുത്തിയാല്‍ എങ്ങനെയിരിക്കുമോ അതാണ് മുഖ്യമന്ത്രിയുടെ അവസ്ഥ. ഭീഷണിയെയും പേടിപ്പിക്കലിനേയും മുഖവിലയ്ക്ക് എടുക്കുന്നില്ല. പിണറായി വിജയന്റെ ചരിത്രം കുറെ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞിട്ടുണ്ട്. മകള്‍ക്ക് കൊളജില്‍ സീറ്റ് വാങ്ങിയത് എങ്ങനെയെന്നും ആരുടെയൊക്കെ കാലു പിടിച്ചിട്ടാണെന്നും എല്ലാവര്‍ക്കുമറിയാം. കൊള്ളപ്പണത്തിന്റെ പങ്ക് മുഖ്യമന്ത്രിക്ക് കിട്ടി എന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. പാപക്കറയില്‍ നിന്ന് മുഖ്യമന്ത്രിക്ക് മാറി നില്‍ക്കാന്‍ ആവില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞൂ. സുരേന്ദ്രന് മാനസിക വിഭ്രാന്തിയാണെന്നും ഇങ്ങനെയൊരാളെ പാര്‍ട്ടി അധ്യക്ഷനായി വേണമോയെന്നു ആ പാര്‍ട്ടി തീരുമാനിയ്ക്കണമെന്നും പിണറായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.