ശശികല പുറത്തു വരുമ്പോള്‍... അണിയറനീക്കങ്ങള്‍ സജീവം
ബംഗലുരു: ജയലളിതയുടെ മരണത്തോടെ ഭരണവും പാര്‍ട്ടിയും ഒന്നിച്ചു പിടിക്കാനിറങ്ങിയ തോഴി ശശികല വീണ വാരിക്കുഴിയായിരുന്നു അനധികൃത സ്വത്ത് കേസിലെ ജയില്‍ശിക്ഷ. 66 കോടിയുടെ അനധികൃത സ്വത്തു കേസില്‍ നാലു വര്‍ഷത്തെ തടവുശിക്ഷ ഇനി അവശേഷിക്കുന്നത് നാലു മാസം കുടിയാണ്. അടുത്ത ജനുവരി 27 ന് നാണ് ശിക്ഷ അവസാനിക്കേണ്ടത്. എന്നാല്‍ നല്ല നടപ്പിനെ തുടര്‍ന്ന് ഈ മാസം അവസാനത്തോടെ ഇവര്‍ പുറത്തിറങ്ങുമെന്നാണ് വിവരം. ശശികല ജയില്‍ മോചിതയാകുമ്പോള്‍ ചര്‍ച്ചയാകുന്നത് ഇവരുടെ രാഷ്ട്രീയ നീക്കങ്ങളും ഭാവിയുമാണ്. ശശികലയുടെ വരവ് 2021 ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴകത്തും പ്രത്യേകിച്ച് എഐഎഡിഎംകെ യിലും വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്.
ശശികല വിഭാഗം അമ്മ മക്കള്‍ മുന്നേറ്റ കഴഗം എന്ന പാര്‍ട്ടിയായാണ് അറിയപ്പെടുന്നത്. ശശികല ജയിലിലായതിനാല്‍ പാര്‍ട്ടിയെ നയിക്കുന്നത് ടി.ടി.വി ദിനകരനാണ്. ശശികല സ്വതന്ത്രയാകുന്നതിന്റെ ആഹ്ലാദത്തിലാണ് എഎംഎംകെ നേതാക്കള്‍. ശശികലയുടെ മോചനം തങ്ങളുടെ തെരഞ്ഞെടുപ്പ് ഭാവി മാറ്റി മറിക്കുമെന്ന് അവര്‍ കരുതുന്നു. ജയില്‍ മോചിതയാകുന്ന ശശികല വിജയത്തിലേക്ക് നയിക്കുമെന്നും സംസ്ഥാന രാഷ്ട്രീയത്തിലെ നിര്‍ണായക സ്ഥാനത്തു എന്നുമവര്‍ പ്രതീക്ഷിക്കുന്നു. ജയലളിതയുടെ സ്വപ്‌നങ്ങള്‍ ശശികല പൂര്‍ത്തീകരിക്കുമെന്നും തങ്ങളെ ആര്‍ക്കും തടയാനാകില്ലെന്നുമാണ് നേതാക്കളുടെ അവകാശവാദം കണക്കുകൂട്ടുന്നത്. അതുകൊണ്ടുതന്നെ പുറത്തിറങ്ങുന്ന ശശികലയുടെ നിലപാട് എഐഎഡിഎംകെ നേതാക്കളെയും അലോസരപ്പെടുത്തുന്നുണ്ട്.
ശശികല പുറത്തു വന്നാലും ആറു വര്‍ഷത്തേക്ക് അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നാണ് എഐഎഡിഎംകെ നേതാക്കള്‍ പറയുന്നത്. ടിടിവി ദിനകരനില്ലാതെ ശശികലയ്ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ശശികലയുടെ മുന്‍ വിശ്വസ്തര്‍ പറയുന്നു. മുഖ്യമന്ത്രി എടപ്പള്ളി പഴനി സ്വാമിയോ ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വമോ പാര്‍ട്ടിയോ അവരെ പിന്തുണയ്ക്കുന്നില്ല.
ഒരിക്കല്‍ ജയലളിത കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ ഏറ്റവും പരിഗണിക്കപ്പെട്ടിരുന്ന മുഖങ്ങളില്‍ ഒന്നുമായിരുന്നു ശശികല. എഐഎഡിഎംകെ നേതാക്കള്‍ തള്ളിപ്പറഞ്ഞാലും തേവര്‍ സമുദായത്തിനിടയില്‍ അവര്‍ക്കു നല്ല സ്വാധീനം ഉണ്ടെന്നും കരുതപ്പെടുന്നു.
അധികാര കാര്യത്തില്‍ മുഖ്യമന്ത്രി എടപ്പള്ളി പളനിസ്വാമിയും ഒരിക്കല്‍ ശശികലയുടെ വിശ്വസ്ത പാളയത്തില്‍ ഉണ്ടായിരുന്ന ഉപ മുഖ്യമന്ത്രി പനീര്‍ ശെല്‍വവും തമ്മില്‍ തര്‍ക്കം നില നില്‍ക്കുന്ന സാഹചര്യത്തില്‍ ശശികല കളം പിടിക്കുമോ എന്നം നേതാക്കള്‍ സംശയിക്കുന്നുണ്ട്. 2016 ല്‍ ജയലളിത മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയാകാനുള്ള സാധ്യതകള്‍ എല്ലാം നില്‍ക്കുമ്പോള്‍ സുപ്രീംകോടതി കീഴ്‌ക്കോടതി വിധി ശരിവെച്ചതായിരുന്നു ശശികലക്കു തിരിച്ചടിയായത്. പിന്നീട് ശശികല ജയിലില്‍ ആയതോടെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ അന്തരീക്ഷം ആകെ മാറിമറിയുകയായിരുന്നു.
അതിനിടെ ശശികല വിഭാഗത്തെയും നിലവിലെ എഐഎഡിഎംകെയെയും ഒന്നിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് ബിജെപി മുന്‍കൈയെടുക്കുന്നെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡിഎംകെ സഖ്യത്തിന്റെ വെല്ലുവിളി മറികടക്കുകയാണ് ലക്‌ഷ്യം.
ലയിച്ച് ഒന്നാകുന്ന പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ശശികലയ്ക്ക് നല്‍കണമെന്നതാകും ഇവരുടെ പ്രധാന ആവശ്യം. നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കും ഉപമുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വത്തിനും അധികാരത്തില്‍ തുടരാം. ടി.ടി.വി ദിനകരന് പാര്‍ട്ടിയിലെ സുപ്രധാന ചുമതല ലഭിക്കണം. എന്നിങ്ങനെയാണ് മറ്റ് നിര്‍ദ്ദേശങ്ങള്‍.
നിലവില്‍ തമിഴ്‌നാട്ടില്‍ അധികം വേരോട്ടം ലഭിക്കാതിരിക്കുന്ന ബിജെപിക്ക് ഇരുവരെയും ഒന്നിച്ചുനിര്‍ത്തി പരമാവധി നേട്ടമുണ്ടാക്കുക എന്നതാണ് ലക്ഷ്യം.
അതേസമയം ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. ശശികലയാണ് ഇതിന് പിന്നിലെന്ന് ആരോപണങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ജയില്‍ മോചനത്തിന് ശേഷം ഒരു പിടിവള്ളി ശശികലക്കും ആവശ്യമാണ് .