ഒരു മാസം ഒരു ലക്ഷത്തിലേറെ രോഗികള്‍; കേരളത്തില്‍ ആരോഗ്യ അടിയന്തരാസ്ഥ പ്രഖ്യാപിക്കണമെന്നു ഐഎംഎ
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം അതീവ ഗുരുതര ഘട്ടത്തില്‍. ഈ മാസം മാത്രം ഒരു ലക്ഷത്തിലേറെ രോഗികളെന്ന ഭയപ്പെടുത്തുന്ന കണക്കു പുറത്തുവന്നതോടെ സംസ്ഥാനത്തു ആരോഗ്യ അടിയന്തരാസ്ഥ പ്രഖ്യാപിക്കണമെന്നു ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ ആവശ്യപ്പെട്ടു). രോഗവ്യാപനം തടയാന്‍ അടിയന്തര നടപടികള്‍ വേണം. ഇതിന് ആരോഗ്യ അടിയന്തരാവസ്ഥ കൂടിയേ കഴിയൂ എന്ന് വ്യക്തമാക്കി ഐഎംഎ മുഖ്യമന്ത്രിക്ക് കത്ത് നല്‍കും.
രോഗവ്യാപനത്തിന്റെ ഗുരുതര സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. രോഗവ്യാപനം തടയാനുള്ള മാനദണ്ഡങ്ങള്‍ കര്‍ശന നടപടികള്‍ നടപ്പാക്കണം. സാധാരണക്കാരിലും ആരോഗ്യപ്രവര്‍ത്തകരിലും രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇത് ഇത്തരത്തില്‍ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകും.
ഇപ്പോള്‍ തന്നെ ആശുപത്രികള്‍ ഏറെക്കുറെ നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്. ആരോഗ്യപ്രവര്‍ത്തകരുടെ കൂടി കാര്യം പരിഗണിച്ചാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടത്. രോഗ്യവ്യാപനത്തിന്റെ ഗുരുതര സ്ഥിതി ജനങ്ങളെ അറിയിക്കേണ്ടതുണ്ടെന്നും ഐഎംഎ പറയുന്നു. നൂറുകണക്കിനു ആരോഗ്യപ്രവര്‍ത്തകര്‍ രോഗം പിടിപെട്ടു കഴിഞ്ഞു.
ദേശീയ തലത്തില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ രോഗവ്യാപന നിരക്ക് ഏറ്റവും കൂടുതലും ഏറ്റവും തീവ്രതയുള്ളതും കേരളത്തിലാണ്. ഒരു മാസത്തിനുള്ളില്‍ 100ശതമാനത്തിലേറെ രോഗവ്യാപനമുണ്ടായി. 28 ദിവസത്തിനുള്ളില്‍ മാത്രം ഒരു ലക്ഷത്തിലധികം പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ചില ജില്ലകളില്‍ രോഗ്യവ്യാപനം ഉയര്‍ന്ന തോതിലാണ്. വരും നാളുകളില്‍ രോഗബാധിതരുടെ എണ്ണം പതിനായിരത്തിനു മുകളില്‍ എത്തിയേക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അങ്ങനെവന്നാല്‍ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. അതിനാല്‍ വരുംനാളുകളിലെ കൊവിഡ് വ്യാപനം തടയുന്നതിനുള്ള നടപടിയിലേക്ക് സര്‍ക്കാര്‍ കടക്കണമെന്നും ഐ.എം.എ ആവശ്യപ്പെടുന്നു.
കേരളത്തില്‍ കോവിഡ് അണുബാധ ഉച്ചിയിലെത്തിക്കഴിഞ്ഞതായി ഐ.സി.എം.ആര്‍. ഗവേഷണകേന്ദ്രം വൈറോളജി വിഭാഗം മുന്‍ മേധാവി ഡോ. ടി. ജേക്കബ് ജോണ്‍ ഒരഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ അണുബാധ അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിക്കഴിഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.