ഇന്ത്യയില്‍ നിന്നു ലണ്ടനിലേക്കു പറക്കുന്ന ആദ്യ ഇന്ത്യന്‍ ബജറ്റ് എയര്‍ലൈനാവാന്‍ സ്പൈസ്ജെറ്റ്. ഇന്ത്യയില്‍ നിന്നു ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിലേക്കു നേരിട്ടു പറക്കാന്‍ ബജറ്റ് എയര്‍ലൈനായ സ്പൈസ്ജെറ്റ് ഒരുങ്ങുന്നു. ഡിസംബര്‍ നാലു മുതല്‍ മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തിലേക്കാണു സ്പൈസ്ജെറ്റ് സര്‍വീസ് നടത്തുക.
യു കെയുമായുള്ള 'എയര്‍ ബബ്ള്‍' ധാരണയുടെ ഭാഗമായാണു പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതെന്ന് സ്പൈസ്ജെറ്റ് അറിയിച്ചു. ആഴ്ചയില്‍ രണ്ടു തവണ ഡല്‍ഹി-ലണ്ടന്‍ - ഡല്‍ഹി റൂട്ടിലും ആഴ്ചയിലൊരു ദിവസം മുംബൈ - ലണ്ടന്‍ - മുംബൈ റൂട്ടിലുമാണു സ്പൈസ്ജെറ്റ് പറക്കുക.
ജീവനക്കാരുള്‍പ്പടെ പാട്ടത്തിനെടുത്ത എയര്‍ബസ് എ 330 -900 നിയൊ വിമാനമാണ് സ്പൈസ്ജെറ്റ് ലണ്ടന്‍ സര്‍വീസിന് ഉപയോഗിക്കുക. പോര്‍ച്ചുഗീസ് ചാര്‍ട്ടര്‍ ഓപ്പറേറ്ററായ ഹൈഫ്ലൈയാണു സ്പൈസ്ജെറ്റിന് ഈ വിമാനം പാട്ടത്തിനു നല്‍കുകയെന്നാണ് വിവരം . ഇരട്ട ഇടനാഴിയുള്ള വിമാനത്തില്‍ ആകെ 371 സീറ്റാണുള്ളത്: ഇക്കോണമി ക്ലാസില്‍ 353, ബിസിനസ് ക്ലാസില്‍ 18.
പുതിയ സര്‍വീസ് ആരംഭിക്കുന്നതു പ്രമാണിച്ച് ഡല്‍ഹി - ലണ്ടന്‍, മുംബൈ - ലണ്ടന്‍ റൂട്ടുകളിലെ മടക്കയാത്രാ ടിക്കറ്റ് നിരക്ക് 53,555 രൂപ മുതലാവുമെന്നും സ്പൈസ്ജെറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി - ലണ്ടന്‍, മുംബൈ - ലണ്ടന്‍ ടിക്കറ്റുകള്‍ 25,555 രൂപ മുതലും ലണ്ടന്‍ - ഡല്‍ഹി, ലണ്ടന്‍ - മുംബൈ ടിക്കറ്റുകള്‍ 29,555 രൂപ മുതലും ലഭ്യമാവും.
രണ്ടു മാസം മുമ്പ് ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താരയും ലണ്ടനിലേക്കു പുതിയ സര്‍വീസ് തുടങ്ങിയിരുന്നു. വിസ്താരയ്ക്കും സ്പൈസ്ജെറ്റിനും പുറമെ എയര്‍ ഇന്ത്യയും ലണ്ടനിലേക്കു നിലവില്‍ ചാര്‍ട്ടര്‍ സര്‍വീസ് നടത്തുന്നുണ്ട്.