യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: വിജയി താനെന്നു ട്രംപ്; സുപ്രീം കോടതിയെ സമീപിക്കും
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിയമ പോരാട്ടത്തിലേക്ക്. തെരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നെന്നാണ് നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിക്കുന്നത്. വോട്ടെണ്ണല്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. ഫല പ്രഖ്യാപനത്തിന് മുമ്പ് തന്നെ താന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചെന്നും ട്രംപ് അവകാശപ്പെട്ടു.
തന്റെ വിജയം സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. പോസ്റ്റല്‍ ബാലറ്റുകളടക്കം എണ്ണി തീരേണ്ടതുണ്ടെങ്കിലും ഇനി അതൊന്നും എണ്ണേണ്ട ആവശ്യമില്ലെന്ന് ട്രംപ് പറഞ്ഞു. പുലര്‍ച്ചെ നാല് മണിക്ക് ശേഷമുള്ള ബാലറ്റുകള്‍ എണ്ണരുതെന്നാണ് ട്രംപിന്റെ ആവശ്യം. ഇനിയുള്ള വോട്ടെണ്ണല്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ട്രംപ് അറിയിച്ചു.
ആഘോഷത്തിനു തയാറെടുക്കാന്‍ പാര്‍ട്ടി അംഗങ്ങളോട് ട്രംപ് ആഹ്വാനം ചെയ്യുകയും ചെയ്തു. അതേസമയം കൃത്യമായി ആര് വിജയിക്കുമെന്ന് പ്രഖ്യാപിക്കാന്‍ കഴിയാത്ത തരത്തിലാണ് തെരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കുന്നത്. വിജയം തനിക്കൊപ്പമാണെന്ന് പറഞ്ഞ് നേരത്തെ ജോ ബൈഡനും മാധ്യമങ്ങളെ കണ്ടിരുന്നു.
നിലവില്‍ ഫല പ്രഖ്യാപനം നടന്ന ഇലക്ട്രല്‍ വോട്ടുകളില്‍ 213 എണ്ണം ട്രംപിനും 236 വോട്ടുകള്‍ ജോ ബൈഡനുമാണ് ലഭിച്ചിരിക്കുന്നത്. 270 ഇലക്ടറല്‍ വോട്ടുകള്‍ നേടുന്നയാള്‍ ജയിക്കും എന്നിരിക്കേ ഇലക്ടറല്‍ വോട്ടുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ ട്രംപ് പിടിക്കുന്നത് അദ്ദേഹത്തിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്.
എന്നാല്‍ അവസാന വോട്ട് എണ്ണുന്നത് വരെ കാത്തിരിക്കാനാണ് ജോ ബൈഡന്‍ പറഞ്ഞത്. തങ്ങള്‍ തന്നെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തപാല്‍ വോട്ടുകള്‍ എണ്ണിതീര്‍ക്കാന്‍ വൈകുമെന്നതിനാല്‍ ഫലം വൈകുമെന്നാണ് സൂചന. കോവിഡിന്റെ പശ്ചാത്തലത്തില്‍ വലിയ തോതില്‍ തപാല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ഇലക്ടറല്‍ കോളേജുകളിലെ 538 അംഗങ്ങളില്‍ 270 പേരുടെ പിന്തുണയാണ് പ്രസിഡന്റിനു വേണ്ടത്.
10 കോടി പേര്‍ നേരത്തെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. പോളിംഗ് പൂര്‍ണമാവുമ്പോള്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ വോട്ടിംഗ് ശതമാനം 2020 ല്‍ രേഖപ്പെടുത്തുമെന്നാണ് കണക്കുകൂട്ടല്‍. 2016 ലെ തെരഞ്ഞെടുപ്പിലെ ആകെ ബാലറ്റ് നമ്പറുകളേക്കാള്‍ 72 ശതമാനം വോട്ടുകളാണ് ഇതിനകം രേഖപ്പെടുത്തി കഴിഞ്ഞിരിക്കുന്നത്.